- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിൽ വിഭാഗീയത വേണ്ട; സ്ഥാനാർത്ഥിയെ ചൊല്ലി തർക്കിക്കരുത്; വിജയകുമാറിനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിനും താൽപ്പര്യം; ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാൻ സിപിഐ(എം)
തിരുവനന്തപുരം: അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നകാര്യത്തിൽ സിപിഎമ്മിന് ചെറിയ ആശയക്കുഴപ്പമുണ്ടെന്ന് സൂചന. ഒരു വർഷത്തിൽ താഴയേ നിയമസഭയ്ക്ക് കാലാവധിയുള്ളൂ. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിഗമനത്തിൽ കമ്മീഷൻ എത്തുമോ എന്നാണ് സംശയം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീളുന്നതാണ് ഇത്തരമൊരു സംശയമുയർത്തുന്നതെന്നും സിപിഐ(എം
തിരുവനന്തപുരം: അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നകാര്യത്തിൽ സിപിഎമ്മിന് ചെറിയ ആശയക്കുഴപ്പമുണ്ടെന്ന് സൂചന. ഒരു വർഷത്തിൽ താഴയേ നിയമസഭയ്ക്ക് കാലാവധിയുള്ളൂ. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിഗമനത്തിൽ കമ്മീഷൻ എത്തുമോ എന്നാണ് സംശയം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീളുന്നതാണ് ഇത്തരമൊരു സംശയമുയർത്തുന്നതെന്നും സിപിഐ(എം). നേതാക്കൾ വിശദീകരിക്കുന്നു. അതിനിടെ തെരഞ്ഞെടുപ്പ് ഉറപ്പിച്ചു പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ജില്ലാ ഘടകത്തിന് സംസ്ഥാന സമിതി നിർദ്ദേശം നൽകി. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ വിഭാഗീയത പാടില്ല. ഒറ്റ പേരുമാത്രമേ സ്ഥാനാർത്ഥിയായി മുന്നോട്ട് വയ്ക്കാവൂ എന്നും ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ സ്പീക്കറും മുതിർന്ന നേതാവുമായി എം വിജയകുമാർ സ്ഥാനാർത്ഥിയാകുന്നതിനാണ് താൽപ്പര്യമെന്നും സംസ്ഥാന നേതൃത്വം സൂചന നൽകിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടന്നാൽ കേരള രാഷ്ട്രീയത്തിൽ ഫലം ഏറെ സ്വാധീനം ചെലുത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നെ മാസങ്ങളേ ഉള്ളൂ. അതിന് മുമ്പ് ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പും. അതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അരുവിക്കരയിൽ തോറ്റാൽ അത് തദ്ദേശ തെരഞ്ഞെടുപ്പിനേയും നിയമസഭാ മോഹങ്ങളേയും ബാധിക്കും. അതിനാൽ ചിട്ടയായ പ്രവർത്തനങ്ങളുമായി വിജയം ഉറപ്പിക്കണമെന്നാണ് നിർദ്ദേശം. ഏറെ കോളനികൾ ഉള്ള മണ്ഡലമാണ് അരുവിക്കര. ഇവിടെ കേന്ദ്രീകരിച്ച് പണം ഒഴുക്കി വോട്ട് നേടാൻ യുഡിഎഫ് ശ്രമിക്കും. ഇത്തരം പ്രവർത്തനങ്ങളെയെല്ലാം കരുതലോടെ കാണണം. ഇതിന് മണ്ഡലത്തിലെ ഏര്യാ സെക്രട്ടറിമാർ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ജനങ്ങളുടെ പൊതു വികാരം പ്രതിഷേധമായി ഉയർത്തിക്കൊണ്ട് വരികയും വേണം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാൽ ജില്ലയിലെ മുഴുവൻ സംവിധാനത്തേയും അരുവിക്കരയിൽ കേന്ദ്രീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഇന്നലെ അവസാനിച്ച സംസ്ഥാന സമിതിയിൽ അരുവിക്കര വിഷയം വിശദ ചർച്ചയായില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാനായിരുന്നു നിർദ്ദേശം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അക്കാര്യത്തിൽ ചർച്ച മതിയെന്നാണ് തീരുമാനം. എന്നാൽ ആരായിരിക്കണം സ്ഥാനാർത്ഥിയാകണമെന്ന സൂചനയും ജില്ലാ നേതൃത്വത്തിന് നൽകി കഴിഞ്ഞു. അത് മുന്നിൽ കണ്ട് എല്ലാവരേയും ഒരുമിപ്പിച്ച് നിർത്താനാണ് ആവശ്യം. വിഭാഗീയ ചിന്തകളോടെയുള്ള ചർച്ചകൾ പാർ്ട്ടിക്ക് ഗുണകരമാകില്ല. അരുവിക്കരയിലെ ഒരു പാർട്ടി ഘടകത്തിലും അത് ഉണ്ടാകരുതെന്നാണ് നിർദ്ദേശം.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം വികെ മധു അടക്കം എല്ലാവരും യോഗ്യരാണ്. എന്നാൽ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മത്സരമായതിനാൽ പ്രധാനപ്പെട്ട വ്യക്തി തന്നെ സ്ഥാനാർത്ഥിയാകട്ടേ എന്നാണ് നിർദ്ദേശം. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുമായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശയ വിനിമയം നടത്തിക്കഴിഞ്ഞു. ബഹുഭൂരിപക്ഷം പേരും വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായക്കാരാണ്. വിജയകുമാറും മത്സരത്തിന് തയ്യാറാണെന്ന സൂചന കോടിയേരിക്ക് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥിയായി വിജയകുമാറിന്റെ പേരു മാത്രം താഴെഘടകത്തിൽ ഉൾപ്പെടെ ചർച്ച ചെയ്യിക്കാനാണ് നിർദ്ദേശം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്ന് വിശദീകരിക്കും. വികെ മധുവിനെ സ്ഥാനാർത്ഥിയാക്കുന്നതിനായിരുന്നു ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് താൽപ്പര്യം. എന്നാൽ സംസ്ഥാന സമിതി അംഗങ്ങളുടെ വികാരം പരിഗണിച്ച് വിജയകുമാറിനെ പിന്തുണയ്ക്കാൻ കടകംപള്ളിയും തയ്യാറായി കഴിഞ്ഞു.
ഈ സാഹചര്യത്തിൽ വിജയകുമാറിന്റെ പേര് മാത്രമേ സംസ്ഥാന സമിതിക്ക് മുന്നിൽ ജില്ലാ നേതൃത്വം വയ്ക്കാൻ ഇടയുള്ളൂ. എന്നാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമോ പ്രഖ്യാപനമോ സിപിഐ(എം) നടത്തുകയുള്ളൂ. ജി കാർത്തികേയന്റെ മരണത്തിലെ സഹാതാപം മുതലെടുക്കാൻ അദ്ദേഹത്തിന്റെ ഭാര്യ എം ടി സുലേഖയെ തന്നെ കോൺഗ്രസ് മത്സരിപ്പിക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ബിജെപിക്ക് അരുവിക്കരയിൽ നേട്ടമുണ്ടാക്കാൻ കഴിയുകയുമില്ല. ഈ സവിശേഷ സാഹചര്യത്തിൽ രാഷ്ട്രീയ വിഷയങ്ങളുയർത്തി വീറോടെ പ്രചരണരംഗത്ത് സജീവമാകണം. ഇതിലൂടെ കാർത്തികേയന്റെ സഹതാപ തരംഗത്തെ മറികടക്കാൻ കഴിയും. എല്ലാത്തിനും ഉപരി സിപിഐ(എം) വോട്ടുകൾ മറിയാതെ നോക്കുകയും ചെയ്യണമെന്നാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നേരിട്ട് വിലയിരുത്തൽ.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പ്രചരണത്തിൽ സജീവമാകും. ഇക്കാര്യവും സിപിഐ(എം) ഉറപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒന്നിച്ച് നിന്ന് വിജയകുമാറിലൂടെ അരുവിക്കരയെ കാൽനൂറ്റാണ്ടിന് ശേഷം ഇടതു പക്ഷത്ത് എത്തിക്കാനാണ് സിപിഐ(എം) നീക്കം.