ന്യൂഡൽഹി: വ്യാജ രേഖകൾ ചമച്ച് ഇന്ത്യൻ പാസ്പോർട്ട് കൈക്കലാക്കിയ കേസിൽ ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ നൊഖാലി സ്വദേശിയായ ഇർഷാദ് ഷഹാബുദ്ദീൻ ഷെയ്ഖാണ് (33)അറസ്റ്റിലായത്. ഈ രീതിയിൽ വ്യാജ പാസ്പോർട്ട് കൈവശം വെച്ച് മറ്റാരെങ്കിലും രാജ്യത്തേക്ക് കടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആസൂത്രിത നീക്കത്തിലൂടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്.പ്രതി ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന മാർഗം എത്തുമെന്ന് സേനയക്ക് മുൻപ് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക സംഘം വിമാനത്താവളത്തിൽ പ്രതിയെ പിടികൂടാൻ എത്തിയത്.

കഴിഞ്ഞ വർഷം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന വ്യാജരേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് നിർമ്മിച്ചു നൽകുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു.ചെന്നൈ,ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് മുൻപ് റാക്കറ്റിലെ അംഗങ്ങൾ അറസ്റ്റിലായത്. ഈ കേസിൽ 22 ാമത്തെ ആളാണ് ഇന്ന് സേനയുടെ വലയിലായതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശിവദീപ് ലാൻഡെ വ്യക്തമാക്കി.