കോതമംഗലം:അതിർത്തി തർക്കത്തിന്റെ പേരിൽ വയോധിക ദമ്പതികളെയും മകനെയും വീട്ടിൽക്കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചന്ന പരാതിയിൽ അയൽവാസിയായ വയോധിക ദമ്പതികളും മകനും അറസ്റ്റിൽ.

ഇന്നലെ പുലർച്ചെ 4 മണിയോടെ ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലെ തലക്കോട് വെള്ളാമകുത്തിലായിരുന്നു നാടിനെ നടുക്കിയ ആക്രമണം.വെള്ളാമകുത്ത് കളരിക്കൽ ബേബി(63) ഭാര്യ മോളി (54)ഇവരുടെ മകൻ നോബിൾ (32) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഊന്നുകൽ പൊലീസ് ഇന്നലെ രാത്രി പത്തുമണിയോടെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

വധശ്രമം,ഭവനഭേതനം തുടങ്ങി ജാമ്യമില്ല വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പൊലീസ് നൽകുന്ന വവിരം.ഇവരുടെ അയൽ വാസിയായ പുളിംഞ്ചോട്ടിൽ പൗലോസ്(84)ഭാര്യ ഏലമ്മ(80)മകൻ ജയിംസ് (48) എന്നിവർക്കാണ് വെട്ടേറ്റിട്ടുള്ളത്.മൂവരുടെയും തലയിലാണ് വെട്ടേറ്റിട്ടുള്ളത്. പൗലോസിനാണ് കൂടുതൽ വെട്ടേറ്റിട്ടുള്ളത്.തലയിൽ മൂന്ന് വെട്ടും കൈയിൽ ഒരുവെട്ടുമേറ്റ നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

ബേബി സ്ഥലത്തില്ലാതിരുന്ന അവസരത്തിൽ ഇരുവരുടെയും അതിർത്തിയിൽ പൗലോസ് കമ്പിവേലി സ്ഥാപിച്ചെന്നും ഇത് പൊളിച്ചുനീക്കാൻ ബേബിയും മകനും പുലർച്ചെ നീക്കം നടത്തിയെന്നും ഇതറിഞ്ഞ് പൗലോസിന്റെ നേതൃത്വത്തിൽ ഇത് തടസപ്പെടുത്തിയെന്നും ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചെതെന്നുമാണ് ഊന്നുകൽ പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

എതിർഭാഗത്തിന്റെ ആക്രണത്തിൽ ബേബിയുടെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ട്.കല്ലേറിൽ മോളിയുടെ തലയ്ക്കും പത്തലിനുള്ള അടിയേറ്റ് നോബിളിന്റെ പുറത്തും പരിക്കുണ്ട്. പൗലോസ്-ഏലമ്മ ദമ്പതികളെയും മകനെയും ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്നും കളമശ്ശേരി മെഡിക്കൽ കേളേജിലേക്കും മാറ്റിയിരുന്നു.തുടർന്ന് നില വഷളായതിനെ ത്തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

സംഭവത്തിന് ശേഷം പരിക്കുകളുമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബേബിയെയും ഭാര്യയെയും മകനെയും പൊലീസ് രാവിലെ തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇരുകൂട്ടരും തമ്മിൽ പൊരിഞ്ഞ അടി നടന്നെന്നാണ് സാഹചര്യത്തെളിവുകളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

കമ്പിവേലി പിഴുതുമാറ്റാൻ വാക്കത്തിയും ഇളക്ക് കമ്പിയും ഉൾപ്പെടെ സർവ്വ സന്നാഹങ്ങളുമായിട്ടാണ് ബേബിയുടെയും മകന്റെയും നേതൃത്വത്തിലുള്ള സംഘം എത്തിയതെന്നാണ് പൊലീസിന്റെ അനുമാനം.ഇവരെ സഹായിക്കാൻ പുറമേ നിന്നും ആളുകളുണ്ടായിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇരുവീട്ടുകാരും തമ്മിൽ നേരത്തെ മുതൽ അതിർത്തി തർക്കം നിലനിന്നിരുന്നു.ഊന്നുകൽ പൊലീസിൽ ഇത് സംമ്പന്ധിച്ച് പരാതി എത്തിയപ്പോൾ താലൂക്ക് സർവ്വയറെക്കൊണ്ട് അളപ്പിച്ച് പ്രശ്നം പരിഹരിക്കാൻ നിർദ്ദേശിച്ച് ഇരുകൂട്ടരെയും മടക്കിയിരുന്നു.

കതകിൽ മുട്ടി വിളിക്കുകയും പുറത്തിറങ്ങിയ ഭർത്താവിനെ ബേബിയും മകനും ചേർന്ന് ആക്രമിച്ചെന്നും തടസം പിടിക്കാനെത്തിയ മാതാപിതാക്കളെ ഇവർ വീട്ടിൽക്കയറി വെട്ടിയെന്നുമാണ് ജെയിംസിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ.അറസ്റ്റിലായവരെ ഇന്ന തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.