പാരീസ്: നീസിൽ രണ്ടുദിവസം മുമ്പുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറുംമുമ്പ് വീണ്ടും ആക്രമണം. ഫ്രാൻസിലെ ലിയോണിൽ അക്രമിയുടെ വെടിയേറ്റ് പുരോഹിതന് ഗുരുതരമായി പരിക്കേറ്റു. വെടിവച്ചശേഷം രക്ഷപ്പെട്ട അക്രമിയെ പിന്നീട് പിടികൂടി. വെടിയേറ്റ പുരോഹിതന്റെയോ അക്രമിയുടെയോ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. ഗ്രീക്കുകാരനായ വൈദികനാണ് വെടിയേറ്റത്.

പള്ളി അടയ്ക്കുന്നതിനിടെ വൈകുന്നേരം നാലുമണിയോടെയാണ് വെടിവയ്‌പ്പുണ്ടായത്. അടിവയറ്റിലാണ് വെടിയേറ്റത്. രണ്ടുതവണ വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണമുണ്ടായ ഉടൻ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അക്രമി പിടിയിലായത്. പുരോഹിതനെ ഇയാൾ ആക്രമിച്ചത് എന്തിനാണെന്ന് വ്യക്തമല്ല.

നീസ് നഗരത്തിൽ നോത്ര ദാം പള്ളിയിലും സമീപത്തുമാണ് കഴിഞ്ഞദിവസം ഭീകരാക്രമണമുണ്ടായത്. കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയുടെ തല അറുക്കുകയും ചെയ്തു. നിരവധിപേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റുചെയ്തു. ഈ സംഭവത്തിന് തൊട്ടുമുമ്പ് ഒരു യുവാവ് അദ്ധ്യാപകനെ കഴുത്തറുത്തുകൊന്നിരുന്നു. വിവാദ കാർട്ടൂണുമായി ബന്ധപ്പെട്ടാണ് ആക്രമണങ്ങൾ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.