ഭീകരതയെ ലോകം മുഴുവൻ ഭയക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർ ജീവിക്കുന്നത് തെറ്റിദ്ധാരണയുടെ പുറത്താണ്. സിറിയയിലും ഇറാഖിലും ഫ്രാൻസിലുമൊക്കെയാണ് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകൾ പ്രവർത്തിക്കുന്നതെന്നും അത്തരം ആശങ്കകൾ ഇന്ത്യയ്ക്ക് വേണ്ടെന്നുമുള്ള ധാരണയാണത്. എന്നാൽ, ഭീകരത മറ്റേത് രാജ്യത്തെയും പോലെ ഇന്ത്യയെയും വെല്ലുവിളിക്കുന്നു എന്ന് തെളിയിക്കുന്ന കണക്കുകളാണിവ.

2005-നുശേഷമുള്ള പത്തുവർഷത്തിനിടെ ഭീകരാക്രമണ സംഭവങ്ങളിൽ ഇന്ത്യയിൽ കൊല്ലപ്പെട്ടത് 700-ലേറെപ്പേരുടെ ജീവനുകളാണ്. മരിച്ചവർക്ക് പുറമെ, 3200 പേർ മാരകമായ പരിക്കുകളോടെ അതിന്റെ യാതന പേറുകും ചെയ്യുന്നു. വിവരാവകാശ നിയമപ്രകാരം ഗൗരവ് അഗ്രവാൾ എന്നയാളുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കി നൽകിയ കണക്കുകളാണിവ.

ഇക്കൊല്ലം ജനുവരി രണ്ടിന് പത്താൻകോട്ട് സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണം ഉൾപ്പെടെയുള്ള കണക്കുകളാണിവ. ഏഴ് സൈനികരും ഒരു സിവിലിയനും ആക്രമണത്തിൽ കൊല്ലപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരന്നു.

2005-നുശേഷം മുംബൈ രണ്ട് ആക്രമണങ്ങളാണ് നേരിട്ടത്. 2006 ജൂലൈ 11-ന് ലോക്കൽ ട്രെയിനുകളിലുണ്ടായ ബോംബ് ആക്രമണങ്ങളിൽ 187 പേർ മരിക്കുകയും 817 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 208 നവംബർ 26 മുതൽ 28 വരെ നീണ്ടുനിന്ന ഭീകരാക്രമണത്തിൽ 175 പേരാമ് മരിച്ചത്. പരിക്കേറ്റത് 291 പേർക്കും. ഒമ്പത് ഭീകരരെയും സൈന്യം ഇതിനിടെ കൊലപ്പെടത്തിയിരുന്നു.

1992-ലെ ബാബറി മസ്ജിദ് സംഭവത്തിനുശേഷം മുംബൈയിൽ നടന്ന ബോംബ് സ്‌ഫോടന പരമ്പരകളിൽ 257 പേർ കൊല്ലപ്പെട്ടിരുന്ു. 2011 ജൂലൈയിൽ നടന്ന മറ്റൊരു ബോംബാക്രമണത്തിൽ 27 പേരും മരിച്ചു.

ഡൽഹിയും ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് വേദിയായിട്ടുണ്ട്. 2005 ഒക്ടോബറിൽ പഹാഡ്ഗഞ്ജിലും സരോജിനി നഗറിലും ഗോവിന്ദ്പുരിയിലുമുണ്ടായ സ്‌ഫോടനങ്ങളിൽ 50 പേർ മരിക്കുകയും 105 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2008 സെപ്റ്റംബറിൽ ഡൽഹിയിലുണ്ടായ സ്‌ഫോടനത്തിൽ 23 പേർ മരിച്ചു. 156 പേർക്ക് പരിക്കേറ്റു. 2011 സെപ്റ്റംബർ ഏഴിന് ഡൽഹി ഹൈക്കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിൽ 15 പേർ മരിക്കുകയും 79 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.