ണ്ടൻ പാർലമെന്റിന് പുറത്ത് നടന്ന ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടത് നാലുപേർ. ഖാലിദ് മസൂദ് എന്ന 52-കാരൻ നടത്തിയ ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. കൂട്ടക്കൊല നടത്തിയ ഖാലിദ് മസൂദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ, രാജ്യവ്യാപകമായി പൊലീസ് പരിശോധന തുടരുകയാണ്. ഇതേവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഖാലിദ് മസൂദിനൊപ്പം രണ്ടു തവണ കഴിഞ്ഞിട്ടുള്ള സ്ത്രീയുടെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന നടത്തി. ഒളിമ്പിക് വില്ലേജിന് സമീപത്തെ ഈ ഫ്‌ളാറ്റ് റോഹി ഹൈദാരയെന്ന സ്ത്രീയുടെ പേരിലുള്ളതാണ്. രണ്ട് മേൽവിലാസങ്ങളിൽ മസൂദിനൊപ്പം റോഹി കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. എന്നാൽ, ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. റോഹി താമസിച്ചിരുന്ന ഫ്‌ളാറ്റിൽ കൂടുതലും വിദേശികളാണുള്ളത്. ബെനിൻ, ഹംഗറി, ഇസ്രേയേൽ, ജപ്പാൻ, മാലി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് താമസക്കാരിലേറെയും.

അയൽക്കാരുമായോ മറ്റോ ബന്ധം സ്ഥാപിക്കുന്ന ശീലം മസൂദിനുണ്ടായിരുന്നില്ലെന്നാണ് സൂചന. വെസ്റ്റ് ഹാമിലെ ഒരു വീട്ടിലാണ് ഒരുവർഷമായി മസൂദ് താമസിച്ചിരുന്നത്. എന്നാൽ, അയൽക്കാർക്കുപോലും ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. ലെയ്ട്ടൺ ഹൈ റോഡിലെ ഒരു മോസ്‌കിലായിരുന്നു കൂടുതൽ സമയവും മസൂദ് ചെലവഴിച്ചിരുന്നതെന്ന് സൂചനയുണ്ട്.

എന്നാൽ, ലെയ്ട്ടൺ ഹൈ റോഡിലെ അൽ താഹിദ് മോസ്‌കിലുള്ളവർക്ക് മസൂദിന്റെ ഭീകരബന്ധത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. മോസ്‌ക് അധികൃതർ ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ആക്രമണം നടത്തുന്ന സമയത്ത് ബർമ്മിങ്ങാമിലെ ഒരു ഫ്‌ളാറ്റിൽ മറ്റു ചിലർക്കൊപ്പമായിരുന്നു മസൂദിന്റെ താമസം. മസൂദിനൊപ്പം ഇവിടെ താമസിച്ചിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.

ലണ്ടൻ, സസക്‌സ്, ബർമ്മിങ്ങാം, വെയ്ൽസ് എന്നിവിടങ്ങളിലാണ് പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. എട്ടുപേരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം. ഭീകരാക്രമണത്തിന് ഇവർ തയ്യാറെടുക്കുകായയിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ സൂചന.