പത്തനംതിട്ട: പള്ളിയുടെ ഭവന നിർമ്മാണ പദ്ധതിക്കായി നാട്ടിലും വിദേശത്തും നിന്ന് പിരിച്ച പണം വികാരി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പരാതി. ഇതിനെതിരേ വിശ്വാസികൾ പരാതി നൽകിയപ്പോൾ വികാരിയെ സഭാധ്യക്ഷൻ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. ഈ ഉത്തരവ് പള്ളിയിൽ ശുശ്രൂഷയ്ക്കിടെ വായിച്ച സെക്രട്ടറിക്കു നേരെ ആക്രമണവും. തലയ്ക്ക് അടിയേറ്റ പള്ളി സെക്രട്ടറി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.

കോന്നി പൂവൻപാറ ശാലോം മർത്തോമാ പള്ളി സെക്രട്ടറി ചേരിമുക്ക് കടമ്മാട്ട് നിഖിൽ ചെറിയാൻ (35) നാണ് പരുക്കേറ്റത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ അന്വേഷണം നേരിട്ട പള്ളി വികാരി ഫാ വി ജി ഗീവർഗീസിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തുള്ള ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ ഉത്തരവ് ശ്രുശ്രൂഷയ്ക്കിടെ സെക്രട്ടറി നിഖിൽ വായിച്ചിരുന്നു.

ഇതിനു ശേഷം പള്ളിക്കു പുറത്തിറങ്ങിയ നിഖിലിനെ സി ടി ജോൺ ചള്ളയ്ക്കൽ, ജയിംസ് നിരവും പുറത്ത്, വേങ്ങപറമ്പിൽ പി ജി ജോർജ്, മകൻ ജോർജി ജോൺ, ജേക്കബ് കെ ജോൺ എന്നിവരടങ്ങുന്ന സംഘം തടഞ്ഞ് നിർത്തുകയും കള്ള റിപ്പോർട്ട് വായിച്ചതെന്തിനെന്നു ചോദിച്ച് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിക്കുകയും ചെയ്തു. ഈ സമയം ഇടവക അംഗം കടമ്മാട്ട് സ്റ്റാലിൻ ഇരുമ്പു കഷണം കൊണ്ട് തലയ്ക്ക് ഇടതു ഭാഗത്ത് അടിക്കുകയുമായിരുന്നുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

തുടർന്ന് പാറയ്ക്കാമണ്ണിൽ വർഗീസ് തോമസ്, മംഗലത്തുമണ്ണിൽ മാത്യൂ ശാമുവേൽ എന്നിവർക്ക് നേരെ സംഘം വധഭീഷണി മുഴക്കിയ തായും ആരോപണമുണ്ട്. നിഖിലിനെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ക്രിസ്‌തോസ് മാർത്തോമാ ചർച്ചിൽ നിന്നും ഫിലിപ് കെ മാത്യൂവിന്റെ വീട് നിർമ്മാണത്തിനായി 1,000 ഡോളർ അയച്ച് നൽകിയത് 2015 ജൂണിൽ പള്ളി വികാരി മാറിയെടുത്തതായും, വിവരം പുറത്തറിയിക്കാതിരുന്നതു സംബന്ധിച്ചും സെക്രട്ടറി അടക്കം വരുന്നവർ സഭാ മേലധ്യക്ഷന്മാർക്ക് പരാതി നൽകിയിരുന്നു.

നടപടിക്ക് കാലതാമസം ഉണ്ടായതിനെ തുടർന്ന് ഫിലിപ് കെ മാത്യുവും, അമേരിക്കയിൽ നിന്നെത്തിയ ഇടവക അംഗവും പൊലീസിൽ പരാതി നൽകി. പള്ളി വികാരിയുടെ വീട് നിർമ്മാണത്തിന് വയറിങ് നടത്തിയ വകയിലും ഫിലിപ് കെ മാത്യൂവിന് പണം നൽകാനുണ്ടായിരുന്നു.രണ്ട് ലക്ഷം രൂപ നൽകി ഈ മാസം നാലിന് കേസ് ഒത്തുതീർപ്പാക്കിയിരുന്നു. അഞ്ചിനാണ് സസ്പെന്റ് ഉത്തരവ് സെക്രട്ടറിക്ക് ലഭിച്ചത്. ഇതാണ് ഇന്നലെ വായിച്ചതെന്നും നിഖിൽ പറഞ്ഞു.

എന്നാൽ തന്നെയും ഭാര്യ രജിമോൾ, രണ്ട് വയസുള്ള കുട്ടിയെയും നിഖിലും സംഘവും മർദിച്ചതായി സ്റ്റാലിൻ കോന്നി സി.ഐയ്ക്കും പരാതി നൽകിയിട്ടുണ്ട്. വിഷയം കുടുംബക്കാർ തമ്മിലുള്ളതാണന്നും പറയപ്പെടുന്നുണ്ട്. സ്റ്റാൻലി അടക്കം അഞ്ച് പേരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.