കണ്ണൂർ: കണ്ണൂരിൽ വീണ്ടും അക്രമം. കോർപറേഷൻ പരിധിയിലെ കക്കാട് സിപി എം ഓഫീസിന് നേരെ അക്രമം നടന്നു. സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ നേതാക്കൾ ഓഫീസിലെത്തി പരിശോധന നടത്തി. ജില്ലാ സെക്രട്ടറി എം വിജയരാജനും പ്രാദേശിക നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയാണ് കക്കാട് എന്നും കോൺഗ്രസിന്റെ അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും എം.വി ജയരാജൻ ആരോപിച്ചു. പാർട്ടി ഓഫിസുകൾ തകർക്കുന്നത് സിപിഎമ്മിന്റെ നയമല്ല. കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് തീരുമാനമെന്നും എം വി ജയരാജൻ വ്യക്തമാക്കി. ഇതിനിടെ എം.വി ജയരാജനെതിരെ അതിരൂക്ഷ വിമർശനവുമായി ഡി.സി സി അധ്യക്ഷൻ മാർട്ടിൻ ജോർജ് രംഗത്തെത്തി.

മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വധിക്കാൻ ശ്രമിച്ചെന്ന കള്ള പ്രചാരണമഴിച്ചു വിട്ട് അതിന്റെ മറവിൽ ജില്ലയിലുടനീളം കോൺഗ്രസ് ഓഫീസുകൾ തകർത്ത സിപിഎം ഇപ്പോൾ നല്ല പിള്ള ചമയുന്നത് പരിഹാസ്യമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. പയ്യന്നൂരിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രതിമയുടെ തലവെട്ടിയതടക്കം സി.പിഎം നടത്തിയ അക്രമങ്ങൾ ദേശീയമാധ്യമങ്ങളിൽ പോലും ചർച്ചയായ സാഹചര്യത്തിലാണ് ജാള്യത മറച്ചു വെയ്ക്കാൻ സിപിഎം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ അക്രമത്തിൽ പാർട്ടിക്കു പങ്കില്ലെന്ന് പറയുന്നത്.

ടി.പി.ചന്ദ്രശേഖരനെയും ഷുഹൈബിനേയും കൃപേഷിനേയും ശരത്ലാലിനെയുമൊക്കെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയപ്പോഴും പാർട്ടിക്കു പങ്കില്ലെന്നായിരുന്നു സി.പിഎം നേതാക്കൾ പറഞ്ഞത്. പാർട്ടി ക്രിമനലുകളെ കയറൂരി വിട്ട് അക്രമം നടത്തിയ ശേഷം പാർട്ടിക്കതിൽ പങ്കില്ലെന്നു പറയുന്ന സിപിഎമ്മിന്റെ കാപട്യം ഇന്നാട്ടിലെ ജനങ്ങൾക്കറിയാം. കണ്ണൂരിൽ പരസ്യമായി കൊലവിളിച്ചാണ് സിപിഎമ്മിന്റെ അക്രമിസംഘങ്ങൾ തേർവാഴ്ച നടത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിൽ പോലും അക്രമങ്ങൾ നടക്കുകയുണ്ടായി. ഗാന്ധി പ്രതിമ തകർത്തതടക്കമുള്ള അക്രമങ്ങൾ നടത്തിയത് സിപിഎമ്മുകാരല്ലെങ്കിൽ ആ ക്രിമിനലുകളെ കണ്ടുപിടിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്താൻ പിണറായിയുടെ പൊലീസിന് കഴിയില്ലേയെന്ന് മാർട്ടിൻ ജോർജ്ജ് ചോദിച്ചു.

സിപിഎം വ്യാപകമായി നടത്തിയ അക്രമങ്ങളിൽ വലിയ തോതിൽ ജനരോഷമുയരുന്ന സാഹചര്യത്തിൽ സിപിഎം ഓഫീസുകൾക്കു നേരെയും അക്രമമുണ്ടായെന്നു സ്ഥാപിക്കാൻ ജയരാജനും കൂട്ടരും നാടകം കളിക്കുകയാണ്. സി.പിഎമ്മുകാരെ പോലെ പാർട്ടി ഓഫീസുകൾ തകർത്തും എതിരാളികളെ കായികമായി നേരിട്ടുമല്ല കോൺഗ്രസ് പ്രതിഷേധം അറിയിക്കാറുള്ളതെന്ന് ജയരാജൻ ഇനിയെങ്കിലും മനസിലാക്കണം. ജില്ലയിൽ വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ തകർത്ത സംഭവത്തിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും മാർട്ടിൻ ജോർജ്ജ് ചൂണ്ടിക്കാട്ടി.