തിരുവനന്തപുരം: ആറ്റിങ്ങലിൽ ദലിത് കുടുംബങ്ങൾക്കു നേരെ അക്രമവും ബോംബേറും നടന്നിട്ടും പൊലീസ് മൗനം പാലിക്കുന്നുവെന്നു പരാതി. രോഗികളോടുപോലും കടുത്ത ക്രൂരത കാണിച്ചിട്ടും അനങ്ങാപ്പാറ നയമാണു പൊലീസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം. പ്രതികൾ വിലസുന്നത് ബിജെപിയുടേയും പൊലീസിന്റേയും ഒത്താശയോടെയെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

ആറ്റിങ്ങൽ കടവിളയിലെ പട്ടികജാതിക്കാരായ ശാന്തയുടേയും ശശിയുടേയും കുടുംബങ്ങൾക്ക് നേരെയാണു ബോംബേറും അക്രമവും നടന്നത്. ആറ്റിങ്ങൽ വഞ്ചിയൂർ കടവിള സാബു ഭവനിൽ ബാബുവിനെ അമ്പിളി എന്ന സോമരാജൻ അടിക്കുകയും തുടർന്ന് ആറ്റിങ്ങൽ സ്‌റ്റേഷനിൽ വിളിച്ച് ഒത്ത്തീർപ്പാക്കി വിടുകയും ചെയ്തു.

തുടർന്ന് ഫെബ്രുവരി മാസം രണ്ടാം തീയതിരാത്രി ഒൻപത് മണിയോടെ ഉത്സവ പറമ്പിൽ നിൽക്കുകയായിരുന്ന സാബുവിനെ അമ്പിളിയുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിക്കുകയും കുത്തി പരുക്കേൽപ്പിക്കുയും ചെയതു തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ മാരകായുധങ്ങളുമായി എത്തിയ സംഘം പിന്നേയും ആക്രമിച്ചു.

കൂട്ടനിലവിളികേട്ട് ഓടിയെത്തിയവർ അക്രമണത്തിനിരയായവരേയും കൂട്ടി ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷനിലെത്തി. തുടർന്ന് പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് മെഡിക്കൽ കോളെജ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. തൊട്ടടുത്ത ദിവസം രാത്രി രണ്ട് മണിയോടെ പ്രതികൾ വീണ്ടും ശാന്തയുടെ വീട്ടിലെത്തി ബോംബാക്രമണം നടത്തുകയും കണ്ണിൽ കണ്ടതോക്കെ നശിപ്പിക്കുയും ചെയ്തു.

ഒപ്പം അക്രമം നടക്കുന്ന സമയത്ത് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും ഇവർ പരാതി നൽകി. സ്ഥലത്തെത്തിയ പൊലീസ് ബോംബാക്രമണം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും വെരുതെ കാര്യങ്ങൾ മാത്രം തിരക്കിയ ശേഷം ഒരു മഹസർ പോലും തയ്യാറാകാതെയും വെട്ടുകൊണ്ടവരുടെ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാതെ സ്ഥലം വിട്ടതായും ഇവർക്ക് ആക്ഷേപമുണ്ട്.

അഡീഷനൽ എസ് ഐയുടെ നേതൃത്വത്തിൽ ശാന്തയുടെ വീട്ടിൽ അമ്പിളി ഉൽപ്പെടെയുള്ള സംഘം അതിക്രമിച്ച് കയറി കാൻസർ രോഗിയായ മകൽ സജിനയേയും വൃക്ക രോഗിയായ മരുമകൻ ആനന്ദിനേയും പുറത്തേക്കെറിയുകയും ജാതിപ്പേരു വിളിച്ച് അധിക്ഷേപ്പിക്കുകയും തുടർന്ന് കള്ളക്കേസിൽ കുടുക്കയും ചെയ്തു. സ്ഥലത്തെ ബിജെപി നേതൃത്ത്വമാണ് സംഭവത്തിനു പിന്നിലെന്ന് ആരോപണമുണ്ടായിട്ടും പൊലീസ് ഒരു ചെറു വിരൽ പോലും അനക്കിയില്ല എന്ന പരാതിയും ആക്ഷേപവുമുണ്ട്.

ഇപ്പോൾ ഗുണ്ടകളേയും പൊലീസിനേയും ഭയന്ന് നാടും വീടും വിട്ട ഈ ദലിത് കുടുംബങ്ങൾ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. സ്‌റ്റേഷനിൽ നിന്നാകട്ടെ കേസ് സംബന്ധിച്ച് അവ്യക്തമായ മറുപടിയാണ് ലഭിക്കുന്നതും. ഇത് തന്നെയാണ് പൊലീസിനു നേരെയുള്ള സംശയത്തിന് ആക്കം കൂട്ടുന്നതും. നിയമം നടപ്പിലാക്കേണ്ടവർ തന്നെ അത് കൈയിലെടുക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്നവന്റെ മുന്നിൽ അധികാരികളും കണ്ണടയ്ക്കുന്ന മട്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ ധർണയും നടത്തി.