- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതപരിവർത്തനം ആരോപിച്ച് ദളിത് കുടുംബത്തിന് മർദ്ദനം; വീട്ടുകാരിയുടെ മേൽ കറി കോരിയൊഴിച്ച് പൊള്ളിച്ചു; സ്ത്രീകളടക്കം അഞ്ചുപേർക്ക് അക്രമണത്തിൽ പരിക്ക്
ബംഗളൂരു: മതപരിവർത്തനം നടത്തുന്നതായി ആരോപിച്ച് ദളിത് കുടുംബത്തെ ആക്രമിച്ച് തീവ്ര വലതുപക്ഷ സംഘടനാ പ്രവർത്തകർ. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള തുക്കനാട്ടി ഗ്രാമത്തിലാണ് സംഭവം അക്രമം നടന്നത്. ഡിസംബർ 29 ന് ഇവരുടെ വീട്ടിൽ വച്ച് നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക് തീവ്ര വലതുപക്ഷ സംഘടനാ പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. അയൽവാസികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
ദളിത് കുടുംബത്തിലെ സ്ത്രീകൾ അടക്കം അഞ്ച് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പൊള്ളലടക്കമുള്ള പരിക്കുകൾക്ക് മുതലഗിയിലെ സർക്കാർ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് ദളിത് കുടുംബം. അക്ഷയ് കുമാർ കരൺഗാവി എന്ന പാസ്റ്ററിന്റെ വീട്ടിൽ വച്ചായിരുന്നു പ്രാർത്ഥനാ യോഗം നടന്നത്. ഇവിടേക്കാണ് വലതുപക്ഷ സംഘടനാ പ്രവർത്തകർ എത്തിയത്. പ്രാർത്ഥനാ യോഗം ഉടൻ നിർത്തണമെന്നു ഇവർ ആവശ്യപ്പെടുകയായിരുന്നു. പാസ്റ്ററും കുടുംബവും അയൽവാസികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്യുകയാണെന്ന് ആരോപിച്ച് ഇവർ വീട്ടുകാരെ ആക്രമിച്ചു.
അടുക്കളയിൽ ഉണ്ടായിരുന്ന ചൂടുള്ള കറി വീട്ടുകാരിയുടെ ദേഹത്തേയ്ക്ക് ഒഴിച്ചതായി ഇവരുടെ പരാതിയിൽ പറയുന്നു. വീട്ടിലെ സ്ത്രീകളെ കയ്യേറ്റം ചെയ്തതായും ദളിത് കുടൂംബത്തിന്റെ പരാതിയിൽ പറയുന്നു.കുട്ടികളെയും സ്ത്രീകളേയും അക്രമികൾ അസഭ്യം പറഞ്ഞതായും പരാതി വിശദമാക്കുന്നു. ഇത്തരം പ്രവർത്തനം തുടർന്നാൽ ജീവനോടെ കത്തിക്കുമെന്നായിരുന്നു അക്രമികളുടെ ഭീഷണിയെന്നും പരാതിയിൽ പറയുന്നു. അനധികൃതമായി ആയുധത്തോടെ സംഘടിച്ചതിനും കലാപമുണ്ടാക്കാനുള്ള ശ്രമത്തിനുമ അടക്കമാണ് ദളിത് കുടുംബത്തിന്റെ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്.
എസ്സി, എസ്ടി വിഭാഗങ്ങൾക്കെതിരായുള്ള അക്രമത്തിന് ഏഴ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ശിവാനന്ദ് ഗോട്ടൂർ, രമേഷ് ഠണ്ഡാപ്പുർ, പരസപ്പാ ബാബു, ഫക്കീരപ്പാ ബഗേവാടി, കൃഷ്ണകാന്ദികർ, ചേതൻ ഗഡാടി, മഹന്തേഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ക്രിസ്തുമസ് അനുബന്ധിയായ പ്രാർത്ഥനകളാണ് വീട്ടിൽ നടത്തതെന്ന് പാസ്റ്റർ പറയുന്നു. കർണ്ണാടകയുടെ പല ഭാഗത്തും ക്രിസ്തുമസ് പ്രാർത്ഥനായോഗങ്ങൾക്കെതിരെ തീവ്ര വലതുപക്ഷ സംഘടനാ പ്രവർത്തകർ അക്രമം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ