- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കംപാർട്ട്മെന്റിന്റെ വാതിലുകൾ അടച്ച ശേഷം അടുത്തേക്ക് വന്നു; കയ്യിൽ കരുതിയ സ്‌ക്രൂ ഡ്രൈവർ എടുത്ത് നീട്ടിക്കൊണ്ട് കയ്യിൽ ഉള്ളതെല്ലാം എടുക്കാൻ പറഞ്ഞു'; കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് ട്രെയിനിൽ യുവതിക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ച യുവതിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതെന്ന് വ്യക്തമായതിന് പിന്നാലെ യുവതി പൊലീസിൽ നൽകിയ മൊഴിയിലെ വിവരണവും പുറത്തുവന്നു. ഷൊർണൂരിൽ വർഷങ്ങൾക്ക് മുമ്പ് സൗമ്യക്കുണ്ടായ ദുരനുഭവത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപെട്ടത്.കംപാർട്ട്മെന്റിന്റെ വാതിലുകൾ അടച്ച ശേഷം അടുത്തേക്ക് വന്നു. കയ്യിൽ കരുതിയ സ്‌ക്രൂഡ്രൈവർ എടുത്ത് നീട്ടിക്കൊണ്ട് കയ്യിലുള്ളതെല്ലാം എടുക്കാൻ പറഞ്ഞു. പേടിച്ചു നിൽക്കുന്നതിനിടയിൽ കയ്യിലുണ്ടായിരുന്ന ഫോൺ പിടിച്ചു വാങ്ങി പുറത്തേക്കെറിഞ്ഞു. കഴുത്തിലെ മാല പൊട്ടിച്ചെടുത്തു. പിന്നെ വളകൾ ഊരിവാങ്ങി. അക്രമിക്കാൻ ശ്രമിച്ചതോടെ കുതറി ഓടി വാതിൽ തള്ളിതുറന്നു പുറത്തേക്ക് ചാടി. ഇന്ന് രാവിലെ പുനലൂർ - ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ വച്ച് മുളന്തുരുത്തി സ്വദേശിനിയായ 31 കാരിക്ക് നേരെ നടന്ന അതിക്രമത്തെ പറ്റി റെയിൽവേ പൊലീസിന് യുവതി നൽകിയ മൊഴിയാണിത്. ട്രെയിനിന്റെ കംപാർട്ട്മെന്റിൽ തനിച്ച് യാത്ര ചെയ്യുമ്പോഴാണ് സ്‌ക്കൂൾ ജീവനക്കാരിയായ യുവതിക്ക് നേരെ അജ്ഞാതന്റെ അക്രമം ഉണ്ടായത്.
ഇന്ന് രാവിലെ 8.45 ഓടെയാണ് ആക്രമണം ഉണ്ടായത്. യുവതി മുളന്തുരുത്തിയിൽ നിന്നും ജോലി ചെയ്യുന്ന ചെങ്ങന്നൂരിലെ സ്‌ക്കൂളിലേക്ക് പോകാൻ ട്രെയിനിൽ കയറിയതായിരുന്നു. കോവിഡായതിനാൽ ട്രെയിനിൽ മറ്റ് യാത്രക്കാരാരും തന്നെയുണ്ടായിരുന്നില്ല. ഈ സമയമാണ് അജ്ഞാതനായ അക്രമി കംപാർട്ട്മെന്റിനുള്ളിൽ കയറുന്നത്. കാഞ്ഞിരമറ്റം കഴിഞ്ഞതോടെയാണ് സ്‌ക്രൂ ഡ്രൈവറുമായി ഇയാൾ യുവതിയെ ആക്രമിച്ചത്. മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെയായിരുന്നു ആക്രമണം. യുവതി വീണത് ഒലിപ്പുറത്താണ്. ട്രെയിനിൽ നിന്നും വീണതോടെ തലയ്ക്ക് സാരമായ പരിക്ക് പറ്റി. സമീപവാസികളാണ് അവശ നിലയിലായ യുവതിയെ കണ്ടെത്തിയത്. യുവതി ഭർത്താവിന്റെ ഫോൺ നമ്പർ പറഞ്ഞു കൊടുത്തപ്പോൾ അവർ വിവരം ഫോണിൽ വിളിച്ചറിയിച്ചു. ഉടൻ തന്നെ ഭർത്താവ് സ്ഥലത്തെത്തുകയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് നിരീക്ഷണത്തിനായി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവം അറിഞ്ഞ് റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തി. ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി. ചെക്ക് ഷർട്ടും പാന്റും പുറത്ത് ഒരു ബാഗും ഉണ്ടായിരുന്നയാളാണ് അക്രമിച്ചതെന്ന് യുവതി മൊഴി നൽകി. പൊലീസ് ഇയാളെ അന്വേഷിച്ച് ട്രെയിനിൽ കയറിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് കാഞ്ഞിരമറ്റത്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
പത്തു വർഷം മുമ്പ് കേരളത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2011 ഫെബ്രുവരി 11ന് എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് ഷൊർണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ട ശേഷമാണ് ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. സൗമ്യയെ ട്രെയിനിൽനിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.