പൊള്ളാച്ചി: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികൾക്ക് നേരെ ആക്രമണം. പൊള്ളാച്ചിയിൽ നിന്ന് ലോഡുമായി കേരളത്തിലേക്ക് പുറപ്പെട്ട ലോറികൾ ബിജെപി പ്രവർത്തകരാണ് അടിച്ച് തകർത്തത്.

കേരളത്തിലേക്ക് അനധികൃതമായി കരിങ്കല്ല് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. സംഭവത്തിൽ മൂന്ന് പ്രാദേശിക ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി. മൂവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

പൊള്ളാച്ചിയിലെ ക്വാറികളിൽ നിന്ന് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കരിങ്കല്ലുകൾ എത്തുന്നത്. എന്നാൽ ക്വാറികളിൽ നിന്ന് അനുമതിയുള്ളതിലും അധികം കല്ലുകൾ അനധികൃതമായി കടത്തുന്നെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ ലോറികൾ തടഞ്ഞത്.

പിന്നീട് ലോറിയിലെ ഡ്രൈവറെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തി വാഹനത്തിന് പുറത്തിറക്കി. അതിന് ശേഷം ലോറികൾക്ക് നേരെ കല്ലെറിഞ്ഞ് വാഹനങ്ങളുടെ മുൻ വശത്തെ ചില്ലുകളടക്കം തകർക്കുകയായിരുന്നു.

പൊള്ളാച്ചിയിലെ ജമീൻ മുത്തൂരിൽ നിന്ന് ഗ്രാനൈറ്റ് കയറ്റി കേരളത്തിലേക്ക് പുറപ്പെട്ട ലോറികളാണ് ആക്രമിക്കപ്പെട്ടത്. പൊള്ളാച്ചി സിറ്റി ബിജെപി അധ്യക്ഷൻ പരമഗുരുവിന്റെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്.

വിവരമറിഞ്ഞ് മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തി. ബിജെപി പ്രവർത്തകരുടെ പരാതിയിൽ ആക്രമിക്കപ്പെട്ട രണ്ട് ട്രക്കുകൾ പൊലീസ് പിടിച്ചെടുത്തു. എന്നാൽ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾക്ക് പെർമിറ്റുകളും മറ്റ് രേഖകളും കൃത്യമാണെന്ന് കണ്ടെത്തി.

സർക്കാർ അനുമതി പ്രകാരമാണ് വാഹനങ്ങൾ കരിങ്കല്ലുമായി കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് ബോധ്യപ്പെട്ടു. എന്നാൽ ലോറികളിൽ താങ്ങാവുന്നതിലധികം ലോഡ് കയറ്റിയതായി പൊലീസിന് ബോധ്യപ്പെട്ടു. ഈ കാരണത്തിൽ ലോറിയുടമകൾക്ക് എതിരെ പിഴ ചുമത്തി. തുടർന്ന് വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന് കൈമാറി.

ലോറി ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തകരായ പരമഗുരു, സെന്തിൽ, ശബരി എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനം ആക്രമിച്ചതിനും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.