ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടെന്ന വാർത്തകൾ. തലപ്പാവ് ധരിച്ചതിന് മുസ്ലിം പണ്ഡിതർക്ക് നേരെ ട്രെയിനിൽ ആക്രമണം ഉണ്ടായതാണ് ഒടുവിലത്തെ സംഭവം. ബാഗ്പത് ജില്ലയിലാണ് സംഭവം. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ഇരയായ മൂന്ന് മത നേതാക്കളും ബാഗ്പതിലെ അഹദ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

സംഭവത്തെ കുറിച്ച് അവർ പറയുന്നതിങ്ങനെ: മൂന്ന് പേരും ഡൽഹിയിലെ മർക്കാസി മസ്ജിദ് സന്ദർശിച്ച് മടങ്ങുകയായിരുന്നു. ട്രെയിൻ അഹദ എത്താറായപ്പോൾ ഷൂ ധരിച്ച് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. ഈ സമയം കുറച്ച് പേർ കംപാർട്ട്‌മെന്റിൽ കടന്നു വന്നു. അവർ വിൻഡോയും ഡോറും അടച്ചു. പിന്നെ കമ്പി വടികൾ കൊണ്ട് അടി തുടങ്ങുകയും ട്രെയിനിൽ നിന്ന് ഞങ്ങളെ തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തു. ഞങ്ങളുടെ തലയിലെ തലപ്പാവായിരുന്നു അവരുടെ ആകെ പ്രശ്‌നം എന്തിനാണ് തലപ്പാവ് ധരിക്കുന്നതെന്നും അവർ അടിക്കിടെ ചോദിക്കുന്നുണ്ടായിരുന്നു.

ഏഴുപേരായിരുന്നു തങ്ങളെ മർദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്നതെന്നും. ഇനിയും അവരെ കണ്ടാൽ തിരിച്ചറിയുമെന്നും പണ്ഡിതരിൽ ഒരാളായ ഇസ്രാർ പറഞ്ഞു. സംഭവത്തിൽ ബാഗ്പത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ ഏത്രയും വേഗത്തിൽ പിടികൂടുമെന്ന് ബാഗ്പത് പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു.