മൂവാറ്റുപുഴ:മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ അമൽ ബാബുവിന് മർദ്ദനം. എട്ടോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ മാരകായുധങ്ങളുമായി വീട്ടിൽക്കയറി മർദ്ദിക്കുകയായിരുന്നുവെന്ന് അമൽ ബാബു പറഞ്ഞു. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.തലക്കും ഇടത് കൈക്കും പരിക്കേറ്റ അമലിനെ മുവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ കൊടിമരം സിപിഐഎം പ്രവർത്തകർ നശിപ്പിക്കുകയും നഗരത്തിൽ ഇരു വിഭാഗം പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.തുടർന്ന് ഇരു പാർട്ടിക്കാരും നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ
കോൺഗ്രസിന്റേയും- സിപിഐഎം ന്റേയും നിരവധി കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. സിപിഐഎം നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ ഇന്നലെ രാത്രി അമൽ ബാബുവിനെ മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് വൈകിട്ട് ജാമ്യത്തിലിറങ്ങിയ അമൽ ബാബു വീട്ടിൽ എത്തിയപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ വീട് വളഞ്ഞ് കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നെന്ന് അമൽ ബാബു പറഞ്ഞു. മുവാറ്റുപുഴ ഡിവൈഎസ്‌പി സ്ഥലത്ത് എത്തി അമലിന്റെ മൊഴിയെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്‌പിപറഞ്ഞു.

ധീരജിന്റെ കൊലപാതകത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുവാറ്റുപുഴയിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. എന്നാൽ പൊലീസ് എല്ലാത്തിനും ഒത്താശ ചെയ്യുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.എന്നാൽ അമൽ ബാബുവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഐഎം വ്യക്തമാക്കി.