തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി ദിയാ സന തലസ്ഥാനത്തെ കോടതിയിലെത്തി ജാമ്യമെടുത്തു. വിചാരണക്കോടതിയായ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് ദിയാസന രണ്ടു ജാമ്യക്കാർക്കൊപ്പം ഹാജരായത്. ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടിലും കോടതി ജാമ്യമനുവദിച്ചു.

അതേസമയം ജാമ്യ രേഖകൾ പരിശോധിക്കവേ പ്രതിയുടെ ഒന്നാം ജാമ്യക്കാരന്റെ സ്ഥാവര വസ്തുവിന്റെ കരം തീരുവ രേഖകളിൽ കാണുന്ന പേരും ആധാർ കാർഡ് പേരിലും വ്യത്യാസം കണ്ടതനാൽ രണ്ടും ഒരേ ആളാണെന്ന സാക്ഷ്യപത്രം ജൂൺ 21 ന് ഹാജരാക്കാൻ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടു. അതേ സമയം ഒന്നാം പ്രതി ഭാഗ്യലക്ഷ്മിയും മൂന്നാം പ്രതി ശ്രീലക്ഷ്മി അറക്കലും ഹാജരാകാൻ സമയം തേടി. പ്രതികൾ 3 പേരും 21 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. പ്രതികളായ ഫെമിനിസ്റ്റും സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു.

യൂട്ഊബർ വിജയ്. പി. നായരെ തമ്പാനൂർ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് ഭവനഭേദനം നടത്തി അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയേറ്റം ചെയ്യുകയും മഷി ദേഹത്തൊഴിക്കുകയും അടിവസ്ത്രത്തിലടക്കം ചൊറിഞ്ഞനം തേക്കുകയും ചെയ്ത കേസിലെ പ്രതികളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് ഹാജരാകേണ്ടത്. പ്രതികൾ ഇനി വിചാരണ നേരിടണം.

തമ്പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തമ്പാനൂർ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനാൽ കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണം എന്നാവശ്യപ്പെട്ട് ന്യൂഡൽഹി ആസ്ഥാനമായ മെൻസ് റൈറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് മുഖേന സമർപ്പിച്ച നിരീക്ഷണ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ കോടതി അന്വേഷണ തൽ സ്ഥിതിയുടെ പീരിയോഡിക്കൽ റിപ്പോർട്ടുകൾ വിളിച്ചു വരുത്തിയതോടെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.