കൊച്ചി: കളമശ്ശേരിയിൽ നാലംഗ സംഘം യുവാവിനെ ആക്രമിച്ച് കാലിൽ വെട്ടിവീഴ്‌ത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവമെന്ന് ആക്ഷേപം. സിസിടിവി ദൃശ്യങ്ങളിൽ അക്രമികൾ വാളുമായി വന്ന് യുവാവിനെ വെട്ടുന്ന ദൃശ്യംവരെ പുറത്തുവന്നിട്ടും നടപടിയുണ്ടായിട്ടില്ല. സിപിഎം അനുഭാവികളായ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് വെട്ടേറ്റ യുവാവിന്റെ കുടുംബം പരാതിപ്പെടുന്നത്. അക്രമത്തിൽ കാൽ അറ്റുപോയ യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.

വട്ടേക്കുന്നം തുരത്ത് കണ്ടത്തിൽ വീട്ടിൽ ജോർജിന്റെ മകൻ എൽ ദോസിനാണ് (24) ആണ് വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. പാർട്ടി സമ്മർദ്ദമാണ് പ്രതികളെ പിടികൂടാത്തതിന് പിന്നിലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ വിഷുദിനത്തിൽ കളമശ്ശേരി പത്താം പ്യൂസ് പള്ളിക്കു സമീപം വച്ചായിരുന്നു ആക്രമണം. എൽദോസ് പതിനഞ്ച് സ്റ്റിച്ചോടു കൂടി കളമശ്ശേരി മെഡിക്കൽ കോളേജിൽ ആർ ബ്ലോക്കിൽ അഞ്ച് ദിവസമായി കിടപ്പിലാണ് പതിനഞ്ച് ദിവസത്തിനു ശേഷം മാത്രമേ കാലിന്റെ ചലന ശേഷിയെ കുറിച്ച് പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറയുന്നത്.

മദ്യപിച്ച് വഴിയിൽക്കിടന്ന സുഹൃത്തിനെ എടുക്കാൻ ചെന്നപ്പോഴാണ് എൽദോസ് എന്ന യുവാവുമായി ശ്രീരാഗ് എന്നയാൾ തർക്കത്തിലേർപ്പെട്ടത്. ഇവർ തമ്മിലുള്ള വാക്കേറ്റം രൂക്ഷമായതോടെ എൽദോസിനൊപ്പമുള്ളവർ ശ്രീരാഗിനെ തള്ളിമാറ്റാൻ ശ്രമിച്ചു. എന്നാൽ,സംഭവസ്ഥലത്തേക്കെത്തിയ ശ്രീരാഗിന്റെ സുഹൃത്തുക്കൾ എൽദോസിനെയും ഒപ്പമുള്ളവരെയും ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന വടിവാളു കൊണ്ട് അവരിലൊരാൾ എൽദോസിനെ കാലിൽ വെട്ടുകയുമായിരുന്നു.എൽദോസിന്റെ സുഹൃത്ത് അരുണിനും വെട്ടേറ്റു.

സംഭവം നടന്ന പിറ്റേദിവസം കളമശ്ശേരി പൊലീസ് ആശുപത്രിയിൽ പോയി മൊഴിരേഖപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ സി.സി.ടിവി ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തത് ചില പ്രാദേശിക പാർട്ടി പ്രവർത്തകരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണന്ന് എൽദോസിന്റെ അച്ഛൻ ജോർജ് പറയുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കുവാൻ വേണ്ടി മനപ്പൂർവ്വം പൊലീസ് ഒത്ത് കളിക്കുകയാണന്ന് നാട്ടുകാരും കുറ്റപ്പെടുത്തുന്നു. അതേസമയം, പ്രതികൾ ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അവർക്കായി തിരച്ചിൽ തുടരുന്നുണ്ട്. രാഷ്ട്രീയസമ്മർദ്ദമാണ് പ്രതികളെ പിടികൂടാത്തതിന് പിന്നിലെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു.