പത്തനംതിട്ട: റാന്നി പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിനു പിന്നാലെ പഞ്ചായത്ത് അംഗത്തെ ലക്ഷ്യമാക്കി ഗുണ്ടാ ആക്രമണം. യാത്ര ചെയ്യുന്നതിനിടെ സിപിഎം വിമതനായ പഞ്ചായത്തംഗം കെ.ആർ.പ്രകാശിന്റെ ഡ്രൈവർ തോമസ് ചാക്കോയ്ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

പിക്കപ്പ് വാനിൽ വരികയായിരുന്ന തോമസ് ചാക്കോയെ വാഹനം വഴിയിൽ തടഞ്ഞു നിർത്തിയാണു മർദിച്ചത്. മുളകുപൊടി സ്‌പ്രേ ചെയ്ത ശേഷമായിരുന്നു ആക്രമണം. തോമസ് ചാക്കോയെ ആളുമാറി ആക്രമിച്ചതായാണ് വിവരം. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.

സാരമായി പരുക്കേറ്റ തോമസ് ചാക്കോ ചികിത്സയിലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം വിമതനായി മത്സരിച്ച് വിജയിച്ച കെ.ആർ.പ്രകാശിനെ പതിവായി വീട്ടിൽ കൊണ്ടാക്കിയിരുന്നത് തോമസ് ചാക്കോയാണ്. എന്നാൽ കഴിഞ്ഞ ദിവസം മറ്റൊരു വാഹനത്തിലാണു പ്രകാശ് വീട്ടിലേക്കു പോയത്. യുഡിഎഫിനെ പിന്തുണയ്ക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും റാന്നി പൊലീസ് അറിയിച്ചു. ബിജെപി പിന്തുണയോടെ വിജയിച്ച കേരള കോൺഗ്രസ് (എം) അംഗമാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി. കഴിഞ്ഞ ദിവസം ഇവർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽനിന്നു എൽഡിഎഫും ബിജെപിയും വിട്ടു നിന്നതിനാൽ ചർച്ച നടന്നില്ല.