തൃശൂർ: റിപ്പോർട്ടർ ചാനലിലെ വനിതാ റിപ്പോർട്ടർക്കെതിരേ അപകീർത്തികരമായി ദേശാഭിമാനി വാർത്തയെഴുതിയതിനു പിന്നാലെ റിപ്പോർട്ടർ വാർത്താ സംഘത്തിനുനേരെ പാർട്ടി പ്രവർത്തകരുടെ കടന്നാക്രമണം. സംസ്ഥാന സമ്മേളന നഗരിയിൽ നിന്ന് ലൈവ് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവർത്തകന്റെ കോളറിൽ പിടിച്ച് വലിച്ചും ക്ഷോഭിച്ചുമാണ് സിപിഐഎം പ്രവർത്തകർ തങ്ങളുടെ അസഹിഷ്ണുത പ്രകടിപ്പിച്ചത്.

സംഭവം ഇങ്ങനെ: ഉച്ചയ്ക്ക് 1230 ന്റെ തത്സമയ വാർത്താ ബുള്ളറ്റിനിൽ സിപിഐഎം സംസ്ഥാന സമ്മേളനവേദിയിൽ നിന്ന് തത്സമയ റിപ്പോർട്ടിങ് ഉണ്ടായിരുന്നു. സമ്മേളനം റിപ്പോർട്ടിംഗിന് നിയോഗിക്കപ്പെട്ട കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണി, തിരുവനന്തപുരം ബ്യൂറോ ചീഫ് മജു ജോർജ് എന്നിവരാണ് സമ്മേളന നഗരിയിൽ നിന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. 12.40 കഴിഞ്ഞപ്പോൾ പുതിയ ഭാരവാഹികളെക്കുറിച്ചും സമ്മേളനത്തിലെ ചർച്ചകളെക്കുറിച്ചുമായി റിപ്പോർട്ടിങ്.

സഹിൻ ആന്റണി ചോദ്യം ചോദിക്കുകയും മജു ജോർജ് മറുപടി പറയുകയും ചെയ്യുന്ന രീതിയിലായിരുന്നു അവതരണം. ലൈവിൽ പറയുന്നതെന്താണെന്ന് കേൾക്കാൻ പിന്നിൽ പാർട്ടി പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തിരുന്നു. കൊച്ചിയിലെ വിഭാഗീയതയുടെ ഭാഗമായി പാർട്ടി നടപടിയെടുത്ത ഗോപി കോട്ടമുറിക്കൽ തിരിച്ചെത്തുന്നത് സംബന്ധിച്ച സഹിന്റെ ചോദ്യത്തിന് മജു മറുപടി പറഞ്ഞു.

അടുത്ത ചോദ്യം വിഭാഗീയത സംബന്ധിച്ചായിരുന്നു. യെച്ചൂരിക്കെതിരേ സംസ്ഥാന കമ്മിറ്റിയും പ്രകാശ് കാരാട്ട് വിഭാഗവും കരുനീക്കുന്നുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞതോടെ മജുവിനെ പാർട്ടി പ്രവർത്തകർ കോളറിൽ പിടിച്ച് പിന്നിലെക്ക് കൊണ്ടുപോയി. ദേഷ്യത്തോടെ കൈചൂണ്ടി സംസാരിക്കുന്നതിനിടയിൽ ചാനൽ പിസിആറിൽ നിന്ന് ആ ലൈവ് കട്ട് ചെയ്ത് സംസ്ഥാന സമ്മേളന വേദിയുടെ ദൃശ്യങ്ങൾ കാണിക്കാൻ തുടങ്ങി.

തങ്ങളുടെ റിപ്പോർട്ടറെ കയ്യേറ്റം ചെയ്തതിനെക്കുറിച്ച് പിന്നീട് ഒരക്ഷരം പോലും ചാനൽ മിണ്ടിയില്ല എന്നതും ചർച്ചയാവുകയാണ്. അടുത്ത ലൈവിലാകട്ടെ ഇത്തരമൊരു സംഭവം നടന്നിട്ടേയില്ല എന്ന നിലയിലായിരുന്നു ചാനലിന്റെ നടപടികൾ. ഒരു മണിക്ക് സഹിൻ ആന്റണി ലൈവിൽ എത്തിയപ്പോൾ നേരത്തെ പറഞ്ഞ കാര്യങ്ങളൊന്നും ആവർത്തിച്ചില്ലെന്ന് മാത്രമല്ല സമ്മേളന നഗരിയിലെ മറ്റുകാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വിഭാഗീയത അവസാനിപ്പിച്ചു എന്ന് പറഞ്ഞതോടെ പിന്നിൽ കൂടിയ പാർട്ടി പ്രവർത്തകർ കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും റിപ്പോർട്ടറെ പിന്തുണച്ചു.

പ്രവർത്തകർ ആവേശത്തിലാണ് എന്ന് പറഞ്ഞതോടെ സിപിഐഎം സിന്ദാബാദ് മുദ്രാവാക്യവും മുഴങ്ങി. ഇതോടെ ഡെസ്‌കിൽനിന്ന് ഇടപെടലുണ്ടായി അടുത്ത വാർത്തയിലേക്ക് പോവുകയായിരുന്നു ചാനൽ ഡെസ്‌ക്. ഷുഹൈബ് വധത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കണ്ണൂരിൽ റിപ്പോർട്ടർ ചാനൽ ലേഖികയ്ക്കും ഭർത്താവിനുമെതിരെ അപകീർത്തി പ്രചരണവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ അസഹിഷ്ണുത വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി തൃശൂരിൽ അരങ്ങേറിയിട്ടുള്ളത്.