റിയാദ്: ക്രൂരപീഡനം സഹിക്കവയ്യാതെ രക്ഷപ്പെടാൻ ശ്രമിച്ച വീട്ടുജോലിക്കാരിയുടെ കൈ വെട്ടിമാറ്റി. സൗദി അറേബ്യയിൽ വീട്ടുടമയുടെ കൊടും ക്രൂരതയ്ക്ക് ഇരയായത് തമിഴ്‌നാട് വെല്ലൂർ സ്വദേശി കസ്തൂരിയാണ്.

സൗദി തലസ്ഥാനമായ റിയാദിലാണ് സംഭവം. വീട്ടുടമസ്ഥന്റെ പീഡനത്തിനെതിരെ പരാതിപ്പെടാനൊരുങ്ങിയതിനാണു പൈശാചിക കൃത്യം നടന്നത്. ഒരു കൈ വെട്ടി മാറ്റിയ നിലയിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണു കസ്തൂരി.

വീട്ടിലെ പ്രാരാബ്ധം മറികടക്കാൻ വേണ്ടിയാണു പ്രായാധിക്യത്തിന്റെ അവശതകളുണ്ടെങ്കിലും സൗദിയിൽ വീട്ടുവേലക്കാരിയായി ജോലിക്കുപോകാൻ തമിഴ്‌നാട് നോർത്ത് ആർക്കാട് ജില്ലയിലെ കട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്‌ന(55) തീരുമാനിച്ചത്.

രണ്ടു മാസം മുൻപു നാട്ടിൽ നിന്നെത്തിയ കസ്തൂരിയെ ആദ്യം കൊണ്ടു പോയത് ഒരു ദമാം സ്വദേശിയായിരുന്നു. പിന്നീടാണ് റിയാദിലെ സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു വീട്ടിൽ കൊണ്ടുവന്നാക്കിയത്. ഇവിടെ കൊടിയ പീഡനവും ജോലിഭാരവും മൂലം കസ്തൂരി ഏറെ പ്രയാസത്തിലായിരുന്നു. ഒരു ദിവസം വീടിനടുത്തു പുറത്തു കണ്ട ഒരു തമിഴ്‌നാട് സ്വദേശിയോട് തന്റെ കഷ്ടപ്പാടുകൾ വിവരിക്കുന്നതു കണ്ട സൗദി വനിത പിടിച്ചു കൊണ്ടു പോയി മുറിയിലിട്ടു പൂട്ടുകയായിരുന്നു.

ഈ മുറിയിൽ നിന്ന് പുറത്ത് കടക്കുന്നതിനായി ജനൽ വഴി തുണി കൂട്ടിക്കെട്ടി പുറത്തേക്കു ചാടാൻ കസ്തൂരി ശ്രമിച്ചു. ചാടിയതിനു പിന്നാലെ ആരോ വന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നു കസ്തൂരി പറയുന്നു. ചോര വാർന്നൊഴുകുന്ന നിലയിൽ കസ്തൂരിയെ റെഡ് ക്രസന്റ് ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

കസ്തൂരിയുടെ വലതുകൈയാണ് വെട്ടിമാറ്റിയിരിക്കുന്നത്. തോളിൽ നിന്ന് വലതുകൈ നഷ്ടപ്പെട്ട നിലയിലും കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റ നിലയിലും റിയാദിലെ കിങ്ഡം ആശുപത്രിയിൽ ചികിത്സയിലാണ് കസ്തൂരി ഇപ്പോൾ.

സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ട്. എംബസിയുടെ ഇടപെടലിനേ തുടർന്ന് ഹൈ അൽസഹാഫ പൊലീസ് ഊർജിതമായ അന്വേഷണമാരംഭിച്ചതായും പിന്നീടു വിശദമായ അന്വേഷണം നടത്തുന്നതിനായി സൗദി ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറിയെന്നുമാണു വിവരം.

കസ്തൂരിയുടെ കൈ തുന്നിച്ചേർക്കാൻ സാധിച്ചിട്ടില്ല. രക്ത പ്രവാഹം ഗുരുതരമായി തുടർന്നതിനാൽ തൽക്കാലം അടിയന്തര ശസ്ത്രക്രിയയിലൂടെ രക്തം വാർന്നൊഴുകുന്നത് തടയുക മാത്രമായിരുന്നു ഡോക്ടർമാർക്ക് മുന്നിലുള്ള മാർഗം. മാറാരോഗിയായ ഭർത്താവ് മുനിരത്‌നവും മൂന്നു പെൺമക്കളും ഒരു ആൺകുട്ടിയുമടങ്ങുന്ന കുടുംബമാണ് കസ്തൂരിക്കുള്ളത്.

കൈയ്ക്കും കാലിനും ശസ്ത്രക്രിയ നടത്തിയ ശേഷം തന്നെ എങ്ങനെയെങ്കിലും നാട്ടിലയക്കണമെന്നാവശ്യപ്പെട്ട് കസ്തൂരി അധികൃതരോട് കരഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ്‌നാട് ഘടകം ഭാരവാഹി റാഷിദ് ഖാൻ ആണ് ഇപ്പോൾ അവർക്കു വേണ്ട സഹായങ്ങളുമായി കൂടെയുള്ളത്. ഇദ്ദേഹം അറിയിച്ചതനുസരിച്ചാണ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കസ്തൂരിയെ സന്ദർശിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്തത്.

സൗദിയിലെ വീട്ടു ജോലിക്കാരിൽ നല്ലൊരു പങ്കും ഇന്ത്യക്കാരും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. ഇവർക്ക് നേരെ വീട്ടുടമസ്ഥർ നടത്തുന്ന പീഡനം വ്യാപകമാണെന്ന പരാതികൾ വിവിധ കോണിൽ നിന്നും ഉയരുന്നതിനിടെയാണ് കസ്തൂരിക്കുണ്ടായ ദാരുണാനുഭവം പുറത്തുവന്നിരിക്കുന്നത്.