- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനലൂർ പാസഞ്ചറിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം: പ്രതിയെ ഉടൻ പിടികൂടണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ; അക്രമി നൂറനാട് സ്വദേശി ബാബുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ ആവാതെ പൊലീസ്; പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനാ നേതാക്കളുടെ മുന്നറിയിപ്പ്
കൊച്ചി: ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ ഉടൻ പിടികൂടണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ ആവശ്യപ്പെട്ടു. ട്രെയിനുകളിൽ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണമെന്നും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കണമെന്നും സംഘടനാ പ്രസിഡന്റായ ഗീത ആവശ്യപ്പെട്ടു. ഇന്ന് കൂടിയ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് ഓൺലൈൻ മീറ്റിങ്ങിലാണ് പ്രസിഡന്റ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. കൂടാതെ സ്റ്റേഷനുകളിൽ ഇപ്പോൾ നില നിൽക്കുന്ന സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നത് ബുദ്ധിമുട്ടേറിയതായതിനാൽ ട്രെയിനുകളിൽ സീറ്റ് ഉണ്ടെങ്കിലും യാത്രക്കാർ ട്രെയിൻ ഉപേക്ഷിച്ച് മറ്റ് മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരാകുന്നതും ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ചെങ്ങന്നൂരിൽ ജോലി ചെയ്യുന്ന മുളന്തുരുത്തി കാരിക്കോട് സ്വദേശിനിയായ 32-കാരിയാണ് പട്ടാപ്പകൽ ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ ആക്രമണത്തിനിരയായത്. ബുധനാഴ്ച കാലത്ത് ഒമ്പതുമണിയോടെ കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകൾക്കിടയിൽ ഓലിപ്പുറത്തിനു സമീപത്താണ് യുവതി തീവണ്ടിയിൽനിന്നു ചാടിയത്. രാവിലെ എട്ടേമുക്കാലോടെ മുളന്തുരുത്തി സ്റ്റേഷനിൽനിന്നാണ് ഇവർ വനിതാ കമ്പാർട്ട്മെന്റിൽ കയറിയത്. ഇതിലുണ്ടായിരുന്നയാളാണ് തീവണ്ടി പുറപ്പെട്ടപ്പോൾ യുവതിയെ ആക്രമിച്ചത്. വലിയ സ്‌ക്രൂഡ്രൈവർ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോണും സ്വർണമാലയും വളകളും വാങ്ങിയെടുത്തു. ലേഡീസ് കമ്പാർട്ട്‌മെന്റിൽ മറ്റാരും ഉണ്ടായിരുന്നില്ല.
കവർച്ചയ്ക്കു ശേഷം ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് യുവതി തീവണ്ടിയിൽനിന്ന് ചാടിയത്. അല്പസമയം തീവണ്ടിയുടെ പുറത്ത് തൂങ്ങി ക്കിടന്ന ശേഷം ട്രാക്കിന്റെ വശത്തേക്ക് വീഴുകയായിരുന്നു. തൂങ്ങിക്കിടക്കുന്നതിനിടെ പ്രതി തള്ളിയിട്ടതാണോ എന്നും സംശയമുണ്ട്. തീവണ്ടിക്ക് വേഗം കുറവായതും മണൽത്തിട്ടയിൽ വീണതും രക്ഷയായി. ഇവർ വീണുകിടക്കുന്നതു കണ്ട ഒലിപ്പുറം തൃക്കേമ്യാലിൽ ശ്യാമളയും മകൾ ശ്രീജയുമാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറിന്റെ നേതൃത്വത്തിൽ യുവതിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. കഴുത്തിനും തലയ്ക്കും നട്ടെല്ലിനും പരിക്കുള്ള യുവതി ഐ.സി.യു.വിലാണ്. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അക്രമി നൂറനാട് സ്വദേശി ബാബുക്കുട്ടനാണെന്ന് റെയിൽവേ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇയാളെ ഇതുവരെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല. ഇതോടെയാണ് യാത്രക്കാരുടെ സംഘടന പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. പ്രതിയെ പിടികൂടാൻ പൊലീസ് ഊർജ്ജിതമായ ശ്രമം നടത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.