ചിറ്റൂർ : മീങ്കര ഡാമിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്കുനേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതികളെ കുടുക്കിയത് ബൈക്കിന്റെ പ്രത്യേകത. ഒരുപ്രത്യേക കമ്പനിയുടെ പേരുള്ള ബൈക്കിലെത്തിയ ഒരാൾ അക്രമിസംഘത്തിലുണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഈ മൊഴിയാണ് നിർണ്ണായകമായത്.

വണ്ണാമടയിലെ ജയകുമാർ (27), ജയകുമാറിന്റെ സഹോദരീ ഭർത്താവുമായ കന്നിമാരിയിലെ കണ്ണൻ (42), ആട്ടയാംപതി സ്വദേശിയും മൂന്നാം പ്രതിയുമായ മനോജ് എന്നിവരെയാണ് (25) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ബലാത്സംഗശ്രമം, അന്യായമായി തടഞ്ഞുവെച്ച് മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.

26-ന് രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിങ്കളാഴ്ച ചിറ്റൂരിൽ നടന്ന കൊങ്ങൻപട ഉത്സവത്തിനുശേഷം ബൈക്കിൽ മീങ്കര ഡാമിലെത്തിയതായിരുന്നു സ്വകാര്യ മെഡിക്കൽ കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥികളായ കന്യാകുമാരിയും, തിരുവരമ്പ് സ്വദേശിയായ ബ്രിജിത്തും, സഹപാഠിയും. മീങ്കരഡാമിന് സമീപമിരുന്ന് മദ്യപിക്കുകയായിരുന്ന ചെത്തുതൊഴിലാളികളായ ജയകുമാറും, കണ്ണനും ഇവരെ കാണുകയും, സുഹൃത്തായ മനോജിനെ ഫോണിൽ വിളിച്ചുവരുത്തിയശേഷം മൂന്ന് ബൈക്കുകളിലായി വിദ്യാർത്ഥികളെ പിന്തുടരുകയുമായിരുന്നു.

ഡാമിലെത്തിയ വിദ്യാർത്ഥികളെ ഇവർ തടഞ്ഞുനിർത്തി അസമയത്ത് എന്താണ് ഇവിടെ കാര്യമെന്ന് ചോദിച്ച് മർദിച്ചു. ജയകുമാറാണ് ആദ്യം യുവാവിനെ മർദിച്ചത്. പിന്നീട് മൂവരുംചേർന്ന് വടികൊണ്ട് അടിക്കുകയും തടയാൻചെന്ന യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുംചെയ്തു. സംഭവസ്ഥലത്തുനിന്ന് വെളിച്ചംകണ്ട ഭാഗത്തേക്ക് ഓടിരക്ഷപ്പെട്ട വിദ്യാർത്ഥികൾ അടുത്തുണ്ടായിരുന്ന വീട്ടിൽ അഭയം തേടി. വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന രണ്ട് സ്മാർട്ട് ഫോണുകളും പണവും സംഘം മോഷ്ടിച്ചിരുന്നു. അക്രമണത്തിൽ പരിക്കേറ്റ് കൊല്ലങ്കോട് ആശുപത്രിയിൽ ചികിത്സ തേടിയ ബ്രിജിത്ത് നൽകിയ മൊഴിയാണ് പ്രതികളിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മനോജിന്റെ ബൈക്ക് കണ്ടെടുത്തു. തുടർന്ന് മനോജിനെ മീങ്കരയിൽനിന്നും, ജയകുമാറിനെ വണ്ണാമടയിൽനിന്നും, കണ്ണനെ സർക്കാർപതിയിൽനിന്നും പിടികൂടി. പ്രതികളിൽനിന്ന് വിദ്യാർത്ഥികളുടെ ഒരു ഫോൺ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിൽനിന്ന് വന്ന് ചെത്തുതൊഴിലാളികളായി ജോലി നോക്കുകയാണ് ജയകുമാറും, കണ്ണനും. മുമ്പ് ചെത്തുതൊഴിലാളിയായിരുന്ന മനോജ് ഇപ്പോൾ ഓട്ടോഡ്രൈവറാണ്.

'ദയവുചെയ്ത് എന്നെ അടിക്കരുത്, പണമാണ് വേണ്ടതെങ്കിൽ തരാം'. 'നിന്റെ പണം വേണ്ടാ, നീ ഒരു മണിക്കൂർ ഇവിടുന്ന് മാറിയാൽ മതീ'. 'പണം വേണമെങ്കിൽ തരാം, അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോാകാം.'. എന്നാൽ അങ്ങനാകട്ടേ, ഞങ്ങളുടെ കൂടെ വാ. പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടാവാം'. 'ശരി'. 'എൻ പിന്നാടി വാങ്കോ'-പാലക്കാട് മീങ്കര ഡാമിൽ സദാചാര പൊലീസ് മെഡിക്കൽ വിദ്യാർത്ഥികളെ നേരിട്ടത് ഇങ്ങനെയായിരുന്നു. ഒടുവിൽ അവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

സോഷ്യൽ മീഡിയിയിൽ ഇത് വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് പൊലീസ് അതിവേഗ നടപടിയുമായെത്തിയത്. സദാചാരപൊലീസ് ചമഞ്ഞായിരുന്നു സംഘം ആക്രമണം നടത്തിയത്. ഈ സംഭവമാണ് ഫെയ്സ് ബുക്കിലൂടെ ചർച്ചയായത്.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ