- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിശ്രവിവാഹിതന് നേരെ മങ്കരയിൽ ആക്രമണം; ഭാര്യാവീട്ടുകാർ ആക്രമിച്ചത് പൊലീസ് ഗൗരവമായി എടുത്തില്ല; അടിപിടി കേസാക്കി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും പരാതി; തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലക്ക് പിന്നാലെ നടന്ന സംഭവത്തിലും അനാസ്ഥ തുടർന്ന് പൊലീസ്
പാലക്കാട്: മിശ്രവിവാഹിതനായ യുവാവിന് നേരെ മങ്കരയിൽ ഉണ്ടായ ആക്രമണം പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് പരാതി. മങ്കര സ്വദേശി അക്ഷയിനെയാണ് ഭാര്യാവീട്ടുകാർ ആക്രമിച്ചത്. സംഭവം വെറും അടിപിടി കേസാക്കി ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചെന്ന ആക്ഷേപവുമായി ബന്ധുക്കൾ രംഗത്തെത്തി. തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലക്ക് പിന്നാലെ നടന്ന സംഭവത്തിലും പൊലീസ് അനാസ്ഥ തുടരുന്നുവെന്നാണ് ആക്ഷേപം.
മിശ്രവിവാഹിതനായ മങ്കര സ്വദേശി അക്ഷയ്്ക്കുനേരെ കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ആക്രമണം ഉണ്ടായത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന അക്ഷയിനെ ഭാര്യ സുറുമിയുടെ അമ്മാവന്മാരായ അബു താഹിർ, ഹക്കിം എന്നിവർ ആക്രമിച്ചു എന്നാണ് പരാതി. മുഖത്തും കാലിനും പരിക്കേറ്റ അക്ഷയ് പെട്ടെന്ന് ഒഴിഞ്ഞു മാറിയതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമമുണ്ടായതെന്ന് അക്ഷയ് പറഞ്ഞു.
സംഭവത്തിൽ സുറുമിയുടെ അമ്മാവന്മാരായ അബു താഹിർ, ഹക്കിം എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇവർക്കെതിരെ അടിപിടി കേസിനുള്ള വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ആയുധം ഉപയോറിച്ച് ആക്രമണം നടത്തിയ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം.
ഒക്ടോബർ 2 നാണ് മങ്കര സ്വദേശിയായ അക്ഷയും സുറുമിയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവർക്കു നേരെ നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നു. മൂന്നാമത്തെ അക്രമ സംഭവമാണ് ഞായറാഴ്ച രാത്രിയിൽ ഉണ്ടായതെന്നും അക്ഷയ് പറഞ്ഞു. അക്ഷയുമായുള്ള വിവാഹത്തിന് വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നുവെന്ന് സുറുമി പറഞ്ഞു.
തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയ്ക്ക് പിന്നാലെ ജില്ലയിൽ നടന്ന സംഭവത്തിൽ പൊലീസ് ജാഗ്രത പാലിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസ് എടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.
ന്യൂസ് ഡെസ്ക്