- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാൻ റുഷ്ദിക്ക് ജീവൻ നഷ്ടമായിട്ടില്ലെന്ന് ന്യൂയോർക്ക് ഗവർണർ; കഴുത്തിന്റെ വലതുവശത്തടക്കം നിരവധി മുറിവുകൾ; ആശുപത്രിയിലേക്ക് മാറ്റിയത് ഹെലികോപ്ടറിൽ; അക്രമി സ്റ്റേജിലേക്ക് ഓടി കയറിയപ്പോൾ ഇടപെട്ട മോഡറേറ്റർക്കും പരിക്ക്; അക്രമത്തെ അപലപിച്ച് എഴുത്തുകാരടക്കം പ്രമുഖർ; റുഷ്ദിയെ വേട്ടയാടിയത് ഖൊമേനിയുടെ ഫത്വയോ?
ന്യൂയോർക്ക്: അക്രമിയുടെ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നിരവധി മുറിവുകൾ ഉള്ളതായി റിപ്പോർട്ട്. അദ്ദേഹത്തിന് ജീവൻ നഷ്ടമായിട്ടില്ലെന്ന് ന്യൂയോർക്ക് സ്‌റ്റേറ്റ് ഗവർണർ കാത്തി ഹോച്ചുൽ അറിയിച്ചു ഹെലികോപ്ടറിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകി വരികയാണെന്നും ഗവർണർ പറഞ്ഞു.
അതേസമയം, റുഷ്ദിക്ക് കഴുത്തിന്റെ വലതുവശത്തടക്കം നിരവധി മുറിവുകളുണ്ടെന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഡോക്ടർ റീത്ത ലാൻഡ്മാൻ, ടൈംസിനോട് പറഞ്ഞു. സ്റ്റേജിൽ റുഷ്ദിയുടെ ശരീരം രക്തത്തിൽ കുതിർന്നിരുന്നു. അദ്ദേഹത്തിന് അപ്പോൾ ഹൃദയമിടിപ്പുണ്ടായിരുന്നു, റീത്ത പറഞ്ഞു.
പരിപാടിയുടെ മോഡറ്റേറായ ഹെന്റി റീസിനും അക്രമത്തിനിടെ തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീഷണി നേരിട്ട് പ്രവാസികളായി കഴിയുന്ന എഴുത്തുകാർക്ക് സംരക്ഷണം നൽകുന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് റീസ്.
റുഷ്ദിയുടെ ജീവൻ രക്ഷിച്ച പൊലീസ് ഓഫീസർക്കും, അക്രമത്തിൽ ഇടപെട്ട മോഡറേറ്റർക്കും, ന്യൂയോർക്ക് ഗവർണർ നന്ദി പറഞ്ഞു. സമ്മർടൈം ലക്ചർ സീരീസിന് പ്രശസ്തമായ ഷടാക്വ ഇൻസ്റ്റിട്യൂട്ട് വളരെ ശാന്തമായ സ്ഥാലമാണെന്നും റുഷ്ദിയെ പോലുള്ള പ്രഭാഷകർക്ക് സംസാരിക്കാൻ ഉചിതമായ സ്ഥലമാണന്നും ഗവർണർ പറഞ്ഞു. അക്രമത്തെ അപലപിച്ച അവർ ആളുകൾക്ക് സത്യം പറയാനും എഴുതാനും കഴിയേണ്ടത് സുപ്രധാനമാണെന്നും പറഞ്ഞു.
BREAKING: Author Salman Rushdie stabbed on stage before a lecture in New York pic.twitter.com/vjhG9HMh0g
- Shiv Aroor (@ShivAroor) August 12, 2022
ഷടാക്വ ഇൻസ്റ്റിട്യൂഷനിൽ പ്രഭാഷണം നടത്തുന്നതിനു തൊട്ടുമുമ്പാണ് സൽമാൻ റുഷ്ദിക്കു കുത്തേറ്റത്. പുരുഷനായ അക്രമി സ്റ്റേജിലേക്ക് ഓടിക്കയറി റുഷ്ദിയെയും, അഭിമുഖകാരനെയും ആക്രമിക്കുകയായിരുന്നു. സ്റ്റേജിൽ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകൾക്കു ശേഷം ഹെലികോപ്ടറിൽ ആശുപത്രിയിലേക്കു മാറ്റി. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റുഷ്ദിക്ക് കുത്തേറ്റയുടൻ നിരവധി പേർ, സ്റ്റേജിലേക്ക് ഓടിയെത്തി അക്രമിയെ കീഴ്‌പ്പെടുത്തി. തുടർന്ന് കാണികളെ ആംഫി തിയേറ്ററിൽ നിന്ന് വേഗം ഒഴിപ്പിച്ചു.
ഷടാക്വ ഇൻസ്റ്റിട്യൂഷൻ, ന്യൂയോർക്കിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. പരിപാടിയിൽ റുഷ്ദിയെ സദസിന് പരിചയപ്പെടുത്തി പ്രഭാഷണം നടത്താൻ റുഷ്ദിയെ അവതാരകൻ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാൾ സ്റ്റേജിൽ കയറി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. റുഷ്ദിക്ക് രണ്ടുതവണ കുത്തേറ്റെന്ന് ദൃക്സാക്ഷി പറഞ്ഞു. കുത്തേറ്റ സൽമാൻ റുഷ്ദി വേദയിലേക്ക് വീണു.
മതനിന്ദ ആരോപിച്ച് സൽമാൻ റുഷ്ദിയുടെ പുസ്തകം സാത്താനിക് വേഴ്സ് 1988 മുതൽ ഇറാനിൽ നിരോധിച്ചിരിക്കുകയാണ്.
1981ൽ പുറത്തുവന്ന 'മിഡ്നൈറ്റ്സ് ചിൽഡ്രൻ' എന്ന നോവലിലൂടെയാണ് സൽമാൻ റുഷ്ദി വിശ്വപ്രസിദ്ധിയിലേക്കുയർന്നത്. ഈ പുസ്തകത്തിന് ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരനാണ് സൽമാൻ റുഷ്ദി. കഴിഞ്ഞ 20 വർഷമായി യുഎസിലാണ് താമസം.
'സാഹിത്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും ലോകത്തെല്ലായിടത്തുമുള്ള എഴുത്തുകാർക്കും ഏറെ മോശമായ ദിനം. പാവം സൽമാൻ: അദ്ദേഹത്തിന് മുറിവേൽക്കാതിരിക്കട്ടെയെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു'. ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം ഡാൽറിമ്പിൾ ട്വീറ്റ് ചെയ്തു.
1988 ന് ശേഷം പിന്തുടർന്ന ഭീഷണിയാണ് ഇപ്പോൾ നേരിട്ടുള്ള ആക്രമണത്തിലേക്ക് എത്തിയിരിക്കുന്നത്. മാജിക്കൽ റിയലിസത്തിൽ അധിഷ്ഠിതമായി 34 വർഷം മുൻപ് അദ്ദേഹം എഴുതിയ സാത്താനിക് വേർസസ് എന്ന കൃതിയും അതേത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോഴത്തെ അക്രമത്തിൽ എത്തി നിൽക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
Feeling very sick right now. Let him be ok.
- J.K. Rowling (@jk_rowling) August 12, 2022
1988 ആണ് റുഷ്ദിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ സാറ്റാനിക് വേർസസ് എന്ന നോവൽ നിരൂപക പ്രശംസ നേടി.
എന്നാൽ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പുസ്തകം നിരോധിക്കപ്പെട്ടു. മതനിന്ദാപരമായ പരാമർശങ്ങളുണ്ടെന്നായിരുന്നു ആരോപണം. 1989 ഫെബ്രുവരി 14ന് അദ്ദേഹത്തിനെതിരെ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ ഫത്വ പുറപ്പെടുവിച്ചു.
റുഷ്ദിയെ വധിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഏറെക്കാലം പൊലീസ് സുരക്ഷയിലാണ് റുഷ്ദി കഴിഞ്ഞത്. പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമായത്.
മറുനാടന് മലയാളി ബ്യൂറോ