ഞ്ചു കൊല്ലം മുമ്പാണ് കേരളം ഞെട്ടിക്കുന്ന ആ വാർത്ത കേട്ടത്. ചോദ്യപേപ്പറിലെ ഒരു പരാമർശത്തിന്റെ പേരിൽ കോളേജ് അദ്ധ്യാപകന്റെ കൈ മതഭ്രാന്തന്മാർ അറുത്തെറിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ താലിബാൻ മോഡൽ ആക്രമണം കണ്ട് ഏവരും ഞെട്ടിത്തരിച്ച നിമിഷം.

ചോദ്യപേപ്പറിൽ 'മുഹമ്മദ്' എന്ന പേരുവന്നതാണത്രെ പൈശാചികമായ ആക്രമണത്തിന് കാരണം. ഇപ്പോഴും ഈ അദ്ധ്യാപകന് നീതി ലഭിച്ചുവോ എന്ന ചോദ്യം തന്നെയാണ് ഉയർന്നു കേൾക്കുന്നത്. കേസിൽ കുറ്റക്കാരെ ശിക്ഷിക്കുമ്പോഴും പല കോണിൽ നിന്നും ഉയരുന്ന സ്വരം അദ്ധ്യാപകൻ ചെയ്തതു തെറ്റുതന്നെ ആണെന്ന നിലയ്ക്കാണ്. ഇരയെ വേട്ടയാടി ഇഞ്ചിഞ്ചായി കൊല്ലുന്ന വേട്ടക്കാരനെപ്പോലെ ഈ അദ്ധ്യാപകനെയും ക്രൂരമായി വീണ്ടും വീണ്ടും വേട്ടയാടുകയാണോ സമൂഹം.

2010 മാർച്ച് 25ന് നടന്ന ബി. കോം. രണ്ടാം സെമസ്റ്റർ മലയാളം ഇന്റേണൽ പരീക്ഷയ്ക്കായി പ്രൊഫ. ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ ഒരു ചോദ്യമാണ് വിവാദമായത്. ഗദ്യ ഭാഗത്തിന് ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക എന്ന ചോദ്യത്തിൽ നൽകിയ സംഭാഷണത്തിൽ 'മുഹമ്മദ്' എന്ന പേര് ഉപയോഗിച്ചതാണ് കേരളം ഞെട്ടിച്ച ആ സംഭവത്തിലേക്ക് എത്തിയത്.

'മുഹമ്മദ് പടച്ചോനേ പടച്ചോനേ
ദൈവം എന്താടാ നായിന്റെ മോനേ
മുഹമ്മദ് ഒരു അയില അതു മുറിച്ചാൽ എത്ര കഷ്ണമാണ്
ദൈവം മൂന്ന് കഷ്ണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ'

എന്നതായിരുന്നു ഗദ്യഭാഗം. ഈ സംഭാഷണത്തിലെ മുഹമ്മദ് എന്ന പേര് പ്രവാചകനെ അവഹേളിക്കാൻ ഉപയോഗിച്ചതാണെന്ന ആരോപണമാണ് പിന്നീടുയർന്നത്. ചില മുസ്ലിം സംഘടനകൾ തൊടുപുഴയിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെടുകയും ചെയ്തു. ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിലുള്ള കോളേജ് വർഗീയ ശക്തികളെ ഭയന്ന് ടി ജെ ജോസഫിനെതിരെ നടപടിയെടുത്തു. ഇങ്ങനെയൊരു സംഭവമുണ്ടായതിൽ കോളേജ് അധികൃതർ മാപ്പുപറയുകയും ചെയ്തു. തുടർന്ന് ജോസഫിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് കേസ് വന്നതിനാൽ ഒളിവിൽപ്പോയ പ്രൊഫ. ജോസഫ് 2010 ഏപ്രിൽ ഒന്നിന് പൈനാവിൽ പിടിയിലായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ ജോസഫിനു നേരെ എന്നും ഭീഷണി ഉയർന്നിരുന്നു.

ചോദ്യ പേപ്പറിലെ വിവാദഭാഗം പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ' എന്ന ലേഖനത്തിലെ സംഭാഷണശകലമാണെന്നു ജോസഫ് വിശദീകരിച്ചിരുക്കുന്നു. ഈ ലേഖനത്തിലെ ഭ്രാന്തനെന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന പേര് നൽകുകമാത്രമാണ് ജോസഫ് ചെയ്തത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തിലാണ് പി.ടി.കുഞ്ഞുമുഹമ്മദിന്റെ ലേഖനമുള്ളത്. ദൈവമായും ഭ്രാന്തനായും വരുന്നത് ഒരേ കഥാപാത്രം തന്നെയാണ്. അതായത് ചോദ്യവും ഉത്തരവും പറയുന്നത് ഒരാൾ തന്നെ. ഈ ഭാഗത്തിൽ ഭ്രാന്തന് ഒരു പേര് കൊടുത്തു എന്നതിന്റെ പേരിലാണ് പൈശാചിക ആക്രമണത്തിന് ജോസഫിന് ഇരയാകേണ്ടി വന്നത്.

ഭ്രാന്തൻ എന്ന കഥാപാത്രത്തിന് ഒരു പേര് നൽകുന്നതാണുചിതമെന്ന ചിന്തയിലാണ് മുഹമ്മദ് എന്നു പേരിട്ടത്. ദൈവത്തെ 'പടച്ചോനെ' എന്നു സംബോധന ചെയ്യുന്നത് ഇസ്‌ലാം മതത്തിൽ പെട്ടവരായതിനാൽ ആ മതത്തിൽപ്പെട്ട ഒരാളുടെ പേരാവട്ടെയെന്ന് കരുതി. പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയതിനാൽ അദ്ദേഹത്തിന്റെ പേരിലെ മുഹമ്മദ് എന്നത് മാത്രമെടുത്ത് കഥാപാത്രത്തിനിടുകയായിരുന്നു. മുഹമ്മദ് എന്നെഴുതിയാൽ പ്രവാചകനായ മുഹമ്മദ് നബിയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാമെന്ന ചിന്തയേ ഉണ്ടായിരുന്നില്ലെന്നും പ്രൊഫ. ജോസഫ് ആശുപത്രിക്കിടക്കയിൽ നിന്നും മാദ്ധ്യമങ്ങൾക്കായി എഴുതിയ കത്തിൽ വിശദീകരിച്ചിരുന്നു.

ഈ പ്രവൃത്തിക്കാണ് കേരളം നടുങ്ങിയ താലിബാൻ മോഡൽ ക്രൂരത കണ്ടത്. സംഭവ സമയം ജോസഫിനൊപ്പം സഹോദരി സിസ്റ്റർ മേരിസ്‌റ്റെല്ലയും ഉണ്ടായിരുന്നു. ന്യൂസിലൻഡിൽ കോളേജ് അദ്ധ്യാപികയായ സിസ്റ്റർ രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു ഇത്. അക്രമത്തിൽ ഇവർക്കും പരിക്കേറ്റിരുന്നു.

'വിറകുവെട്ടും പോലെയാണ് അവര് അപ്പച്ചന്റെ കൈ വെട്ടി മാറ്റിയത്. തുടരെത്തുടരെ വെട്ടുകയായിരുന്നു. കൈപ്പത്തി അറ്റുവീഴുംവരെ... അവർ എന്റെ അപ്പച്ചനോട് എന്തിനിത് ചെയ്തു? അവൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. മനസ്സ്‌നിറയെ നന്മയുള്ളവനായിരുന്നു അപ്പച്ചൻ...' സിസ്റ്റർ മേരിസ്റ്റെല്ല പറഞ്ഞു.

ആ ഞായറാഴ്ച രാവിലെ 7.45നു  പള്ളിയിൽനിന്ന് വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. അമ്മയും സഹോദരിയും ജോസഫിനൊപ്പം ഉണ്ടായിരുന്നു. കാറിൽ വീട്ടിലേക്കുള്ള വളവ്തിരിയുന്നതിന് തൊട്ടുമുൻപേ ഒരു ഒമ്‌നി വാൻ പാഞ്ഞെത്തി. വഴിയിൽ തടസ്സം നിന്നു. പത്തുപേർ വരുന്ന ഒരു സംഘം ചാടിയിറങ്ങി. കാറിന്റെ അരികിലേക്ക് ഓടിയെത്തി ഡ്രൈവർ സീറ്റിൽ നിന്നും ജോസഫിനെ പിടിച്ചിറക്കി. ചില്ല് പൊട്ടിച്ചാണ് അവർ ഡോർ തുറന്നത്. പിന്നീട് ഒരു വെട്ടുകത്തി ജോസഫിന്റെ വലതുകൈയ്ക്ക് നേർക്ക് ഉയർന്നുതാഴുകായിരുന്നു. അലർച്ചയോടെ അടുത്തേക്ക് ഓടിച്ചെല്ലാൻ നോക്കിയ സഹോദരിയെ ഒരാൾ കഴുത്തിനുപിടിച്ച് മതിലിനോട് ചേർത്തുനിർത്തി.

ഇതിനിടെ, അക്രമികളിൽ ചിലർ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജോസഫിന്റെ കൈയിൽ അവർ തുടരെത്തുടരെ വെട്ടി. 86 വയസ്സുള്ള അമ്മയെയും അവർ ബലമായി പിടിച്ചുവച്ചിരിക്കുകയായിരുന്നു. പിടിയിലും വലിയിലും സഹോദരിയുടെയും അമ്മയുടെയും ദേഹത്തു വെട്ടുകത്തികൊണ്ട് മുറിവേറ്റു.

എല്ലാം തീർത്ത് അക്രമികൾ മടങ്ങിയത് പത്തുമിനിട്ടിനുള്ളിലാണ്. നിലവിളികേട്ട് ജോസഫിന്റെ ഭാര്യ സലോമിയും മകൻ മിഥുനും ഓടിയെത്തി. ജോസഫ് ചോരയിൽ കുളിച്ചിരുന്നു. കൈപ്പത്തി അറ്റുപോയത് ആ തിരക്കിൽ ശ്രദ്ധിച്ചില്ല. അതേ കാറിൽത്തന്നെയാണ് ജോസഫിനെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയിൽ മുഴുവൻ കൈ ഉയർത്തി വച്ചിരിക്കുകയായിരുന്നു. പിന്നാലെ മുറിഞ്ഞുപോയ കൈപ്പത്തി കവറിലിട്ട് പൊലീസുമെത്തി.

മുൻപും മൂന്നുതവണ ജോസഫിനുനേരെ ആക്രമണശ്രമമുണ്ടായിട്ടുണ്ട്. 2010 മെയ് 27ന് വേളാങ്കണ്ണിയിൽ പോകാൻ ഒരുങ്ങിനിൽക്കുമ്പോഴും വീട്ടിൽ ജോസഫിനെ തിരക്കി ആളുകൾ വന്നു. അന്നു ജോസഫ് വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ, വന്നവർ വീടുമുഴുവൻ തിരഞ്ഞിട്ടാണ് മടങ്ങിയത്. ഇതിനെക്കുറിച്ച് അന്നുതന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് പൊലീസ് അന്വേഷണത്തിനെത്തിയതെന്നും സിസ്റ്റർ പറഞ്ഞു.

വെട്ടിമാറ്റപ്പെട്ട വലതു കൈപ്പത്തി തുന്നിച്ചേർത്തെങ്കിലും പൂർണമായും പ്രവർത്തന ക്ഷമമായിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ദുരിതങ്ങൾക്കിടയിലും സാന്ത്വനവും ധൈര്യവുമേകി തനിക്കൊപ്പമുണ്ടായിരുന്ന ഭാര്യ സലോമിയെയും ജോസഫിന് നഷ്ടമായി. കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയിൽ മനംനൊന്താണു സലോമി ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 31ന് ഇദ്ദേഹം സർവ്വീസിൽ നിന്നും വിരമിച്ചു.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ