തിരുവനന്തപുരം: ഷോപ്പിങ് കോംപ്‌ളക്‌സും ബസ് ബേയും നിർമ്മിക്കാൻ അട്ടക്കുളങ്ങര സർക്കാർ സ്‌കൂളിന്റെ ഒരുഭാഗം പൊളിക്കാനുള്ള ശ്രമം സിപിഎമ്മും ബിജെപിയും ചേർന്ന് തടഞ്ഞു. സിപിഐ(എം) മേയർ കെ. ചന്ദ്രികയുടെ നേതൃത്വത്തിലാണ് പ്രതിരോധം തീർത്തത്.

രാവിലെ എട്ടുമണിയോടെ ട്രിഡ ഉദ്യോഗസ്ഥരാണ് പൊളിക്കാൻ എത്തിയത്. ഇതറിഞ്ഞ് മേയറും സംഘവും എത്തി തടയുകയായിരുന്നു. ഇതോടൊപ്പം ബിജെപിയും സംഘടിച്ചു. പാർട്ടി സംസ്ഥാന വക്താവ് വിവി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതോടെ പൊലീസും സ്ഥലത്തെത്തി. സ്ഥലത്തെ സംഘർഷാവസ്ഥ പരിഗണിച്ച് വൻ പൊലീസ് സംഘം അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഷോപ്പിങ് കോംപ്‌ളക്‌സും ബസ് ബേയും നിർമ്മിക്കാൻ സ്‌കൂളിന്റെ ഒരു ഭാഗം പൊളിച്ചേ തീരുവെന്നാണ് ട്രിഡയുടെ നിലപാട്.

ഇതുസംബന്ധിച്ച നിലനിന്ന കേസിൽ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായതോടെയാണ് ട്രിഡ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ സ്‌കൂൾ പൊളിക്കാൻ അനുവദിക്കില്ലെന്ന് സിപിഎമ്മും ബിജെപിയും വ്യക്തമാക്കുന്നു. രാവിലെ സ്‌കൂളിന്റെ ഒരു കെട്ടിടത്തിന്റെ ഭാഗം പൊളിച്ചടുക്കാൻ 50 അംഗ സംഘത്തെയാണ് ട്രിഡ നിയോഗിച്ചത്. അവർ രാവിലെയെത്തി സ്‌കൂൾ കെട്ടിടത്തിന്റെ ഓടുകളും മറ്റും ഇളക്കിമാറ്റിത്തുടങ്ങി. അതിനിടയിലാണ് വിവരം മേയറും ബിജെപി നേതാക്കളും വിവരം അറിഞ്ഞത്. ഉടൻ അവർ പാഞ്ഞെത്തി. സംഘത്തോട് കയർത്തു. പൊളിക്കൽ നിറുത്താൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ കോമ്പൗണ്ടിൽ കയറരുതെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. ഏറെ നേരം മേയർ അവിടെ ചെലവഴിക്കുകയും ചെയ്തു.

ഒരു സ്‌കൂൾ എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അട്ടക്കുളങ്ങര സ്‌കൂൾ. കുട്ടികൾക്ക് കളിക്കാൻ ആവശ്യം പോലെ സ്ഥലം. പ്രകൃതിയോടു കൂടുതൽ അടുത്തിടപഴകാനുള്ള സൗകര്യം, മികച്ച ലൈബ്രറി എന്നിങ്ങനെ എല്ലാമുണ്ടായിരുന്നു ഇവിടെ. അഞ്ചേക്കറിലായിട്ടാണ് അട്ടക്കുളങ്ങര സ്‌കൂൾ പ്രവർത്തനമാരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ സ്‌കൂളിന് സ്വന്തമായി ഉള്ളത് വെറും 2.5 ഏക്കർ. സർക്കാർ സ്ഥാപനമായ സീമാറ്റിനു വേണ്ടി അര ഏക്കർ സ്ഥലമാണ് സർക്കാർ സ്‌കൂളിന്റെ പ്രോപർട്ടിയിൽ നിന്നും കയ്യേറിയത്. സർക്കാർ വക അന്ധവിദ്യാലയത്തിനായി ഒന്നര എക്കർ സ്ഥലവും കണ്ടെത്തിവച്ചിരിക്കുന്നതും അട്ടക്കുളങ്ങര സ്‌കൂളിൽ നിന്ന്. ബാക്കിയുള്ളതിലെ രണ്ടര ഏക്കർ സ്ഥലമാണ് നഗരസഭ ട്രിഡയ്ക്കു കൈമാറിയിരിക്കുന്നത്.

'വിദ്യാഭ്യാസനിയമ പ്രകാരം മിനിമം മൂന്ന് ഏക്കർ വേണം ഒരു സ്‌കൂൾ പ്രവർത്തിക്കണമെങ്കിൽ. ബസ് ബേയും ഷോപ്പിങ് കോപ്ലക്‌സും നിർമ്മിച്ച് കഴിയുമ്പോൾ പിന്നെ സ്‌കൂളിനായി ബാക്കിയൊന്നും ഉണ്ടാവില്ല. അപ്പോൾ അട്ടക്കുളങ്ങര സ്‌കൂളിന് മരണമണിയും മുഴങ്ങും. ഇതു തന്നെയാണ് സർക്കാരിന്റെ ലക്ഷ്യം. അതോടെ ബാക്കിയുള്ള സ്ഥലവും സർക്കാരിന് ഇഷ്ടം പോലെ റിയൽ എസ്‌റ്റേറ്റ് മാഫിയയ്ക്ക് തീറെഴുതാം. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഒന്നേകാൽ നൂണ്ടാറ്റിന്റെ പാരമ്പര്യവും പേറി നിൽക്കുന്ന അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്‌കൂളിനെ ഭരണകൂടത്തിന്റെ കച്ചവടതാൽപര്യമാണ് തകർത്തത്. സർക്കാർ സ്‌കൂളിനു കിട്ടേണ്ടതായ ആനുകൂല്യങ്ങൾ പലതും നിഷേധിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ പത്തു വർഷം കൊണ്ട് അട്ടക്കുളങ്ങര സ്‌കൂളിനെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു.

സ്‌കൂൾ നിൽക്കുന്ന സ്ഥലത്ത് ബസ് ടെർമിനലും ഷോപ്പിങ് സമുച്ചയവും നിർമ്മിക്കാനുള്ള നടപടികൾ നഗരസഭ തുടങ്ങിയിട്ട് നാളുകൾ കുറെയായി. ട്രിഡ (തിരുവനന്തപുരം ഡെവലപ്‌മെന്റ് അഥോറിറ്റി) അതിനുള്ള ആദ്യഘട്ട നിർമ്മാണങ്ങളും ആരംഭിച്ചു. പക്ഷേ എതിർപ്പുകളുയർന്നതോടെ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവുമായി ട്രിഡ എത്തിയത്. അതും നടക്കുന്നില്ല. സ്‌കൂളിനുള്ളിലെ മരങ്ങൾ മുറിക്കുന്നതും വിവാദമായി. പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയും പരിസ്ഥിതി വാദികളും ഇതിനേയും എതിർത്തു. പക്ഷേ ഇതൊന്നും കണ്ട് കണ്ണ് തുറക്കാൻ സർക്കാർ മാത്രം തയ്യാറായില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് അരങ്ങേറിയത്.

1889 ൽ ടി.മാർത്താണ്ഡൻ തമ്പിയാണ് ഈ സ്‌കൂൾ ആരംഭിക്കുന്നത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്ററും. പിന്നീടാണ് സർക്കാർ ഈ സ്‌കൂൾ ഏറ്റെടുക്കുന്നത്. അട്ടക്കുളങ്ങര വെർണാക്കുലർ സ്‌കൂൾ എന്നതിൽ നിന്ന് സെൻട്രൽ ഹൈസ്‌കൂൾ അട്ടക്കുളങ്ങര എന്നാക്കി മാറുന്നത് അങ്ങനെയാണ്. സഹോദരൻ അയ്യപ്പൻ, മഹാകവി ഉള്ളൂർ, മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ള, മുൻ ചീഫ് ജസ്റ്റിസ് യു. പത്മനാഭ കുക്കിലിയ, സ്വാമി വേദാചലം എന്നിപ്രഗത്ഭർ ഈ സ്‌കൂളിൽ അദ്ധ്യാപകരായിരുന്നു. മലയാളം കൂടാതെ ഇംഗ്ലിഷ്, തമിഴ്, അറബിക് എന്നീ ഭാഷകളിലും പ്രാവീണ്യം നേടാനായുള്ള ക്ലാസ്സുകളും ഇവിടെ ഉണ്ടായിരുന്നു. 1970കളിൽ കഥകളി, ചെണ്ട, മൃദംഗം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.

1995 നുശേഷമാണ് അട്ടക്കുളങ്ങര സ്‌കൂളിന്റെ തകർച്ച തുടങ്ങുന്നത്. സ്വകാര്യമേഖലയുടെ കടന്നുവരവ് കിഴക്കേകോട്ടയിലെ സ്‌കൂളിനും വെല്ലുവിളിയായി. എല്ലാ സർക്കാർ വിദ്യാലയങ്ങളിലും സംഭവിക്കുന്നത് പോലെ ഇവിടെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഒരു കാരണമായി. 1988ൽ അധ്യയന വർഷത്തിൽ 1700 കുട്ടികൾ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ പിന്നീടുള്ള ഓരോ വർഷത്തിലും കുട്ടികളുടെ എണ്ണം കുറഞ്ഞു. പതിനൊന്നു വർഷം മുമ്പ് ഹയർ സെക്കണ്ടറി ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് അട്ടക്കുളങ്ങര സ്‌കൂൾ നൽകിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. അതേസമയം സമീപത്തെ മറ്റു സ്‌കൂളുകൾക്കെല്ലാം അനുവദിക്കുകയും ചെയ്തു. 125 വർഷം പഴക്കമുള്ള സ്‌കൂളിന്റെ ആദ്യകാല കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഞങ്ങൾ കൊടുത്ത അപേക്ഷയിലും നിഷേധാത്മകമായ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഇതോടെ തകർന്ന് വീഴാറായ കെട്ടിടത്തിൽ പഠിക്കാൻ എത്തുന്ന കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു.

സ്‌കൂൾ വളപ്പിൽ നിൽക്കുന്ന മരങ്ങൾ ഓരോ പ്രകൃതി സ്‌നേഹിക്കും ആനന്ദം പകരുന്ന കാഴ്ചയാണ്. എന്നാൽ ആ മരങ്ങളുടെ പ്രത്യേകത അതു മാത്രമല്ല. പ'മുപ്പത്തിരണ്ടു തരം മരങ്ങളാണ് ഈ സ്‌കൂൾ വളപ്പിൽ ഉള്ളത്, കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്ന മഴമരം അടക്കം. ദേശാടനപക്ഷികൾ അടക്കം മുപ്പതിലധികം പക്ഷികൾക്ക് പ്രിയപ്പെട്ട ഇടമാണിവിടം. സാധാരണ ദേശാടന പക്ഷികൾ പോകുന്നയിടത്ത് കൂടു കൂട്ടുന്ന പതിവില്ല. എന്നാൽ ഇവിടെ അതും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇരുപതിലധികം ചിത്രശലഭങ്ങളെയും 85ൽ അധികം ഔഷധസസ്യങ്ങളെയും ഇവിടുന്നു കണ്ടെത്താൻ സാധിച്ചു. അങ്ങനെയുള്ള ജൈവവൈവിധ്യത്തേയും തകർക്കാനാണഅ ശ്രമം.