പാലക്കാട്: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാർ മർദ്ദിച്ചതായി ആരോപണമുണ്ട്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം.

പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാർ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടുകാർ കൈകാര്യം ചെയ്തതായി ആരോപണമുണ്ട്. ഇതിന് ശേഷമാണ് ഇവർ മധുവിനെ പൊലീസിന് ഏൽപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഏറെക്കാലമായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്. എന്നാൽ പൊലീസ് വാഹനത്തിൽ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ശർദ്ദിച്ചു. പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധുവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാവു.

നിയമം കയ്യിലെടുക്കുന്ന ഇത്തരം നാട്ടധികാരികൾക്ക് പ്രാദേശിക അധികാര കേന്ദ്രങ്ങളും ജനപ്രതിനിധികളും നിയമജ്ഞരും കൃട്ടു നിൽക്കുന്നു എന്നതാണ് വിരോധാഭാസം. കറുത്ത മനുഷ്യരെ സംശയിക്കുകയും ഭിക്ഷാടനമാഫിയ, എന്നിങ്ങനെയുള്ള ഊഹാപോഹങ്ങൾ പരത്തിക്കൊണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയും പാഴ്‌വസ്തുക്കൾ പെറുക്കി ഉപജീവനം നടത്തുന്നവരെയും ആട്ടിയോടിക്കുന്ന പുതിയ രൂപത്തിലുള്ള പ്രവർജ്ജന സമ്പ്രദായം കേരളത്തിലും രൂപപ്പെട്ടിരിക്കുന്നു.

ഉത്തരേന്ത്യൻ ജാതി വെറിയുടെയും കടന്നാക്രമണങ്ങളുടെയും നവകേരള മാതൃകകളാണ് ഇത്. സാധാരണ മനുഷ്യർക്കും ദരിദ്യർക്കും കറുത്തവർക്കും മുഷിഞ്ഞ വസ്ത്രം ധരിച്ചവർക്കും അപരിചിതർക്കം ജീവിക്കാൻ ഇടമില്ലാതായിത്തീരുന്ന നാട് ,വർണ ജാതി-വംശ വിവേചന രാജ്യ നീതിയാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ പ്രാദേശികാധികാരികൾ കുലീന, വരേണ്യ,സമ്പന്ന, ഇടങ്ങളെയാണ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നത്. സാധാരണ മനുഷ്യരുടെ മൃതശരീരങ്ങളിൽ ചവിട്ടി നിന്നുകൊണ്ടായിരിക്കണം ഇത്തരം അധികാരവെറികൾ അഴിഞ്ഞാടുക എന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.