അട്ടപ്പാടി : അട്ടപ്പാടിയിലെ ആശുപത്രിയിൽ വീണ്ടും അനാസ്ഥയുണ്ടായെന്നാണ് റിപ്പോർട്ട്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ല. രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. കിടപ്പ് രോഗികൾക്ക് പോലും ഇവിടെ വെള്ളമില്ലാത്ത അവസ്ഥയാണ്. എന്നാൽ ഈ ആരോപണത്തെ നിഷേധിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. ആക്ഷേപം എല്ലാം തള്ളി കളയുന്നു. വെള്ളമില്ലാത്തതിനെ തുടർന്ന് പത്ത് രോഗികൾ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി എന്നായിരുന്നു വാർത്ത.

മോട്ടറിൽ ചളി അടിഞ്ഞത് മൂലമാണ് വെള്ളം മുടങ്ങിയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ഏറെ കാലമായി കോട്ടത്തറ ട്രൈബൽ ആശുപത്രിയുമായി ബന്ധപ്പെട്ട് നേരത്തെയും ഇത്തരം വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി എത്തിയത്. കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്നമായി ചിത്രീകരിക്കുന്നത് നിർഭാഗ്യകര്യമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

അട്ടപ്പാടിയിലെ ശിശുമരണത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർക്കുകയും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങുകയും ചെയ്തതിനെത്തുടർന്നു കഴിഞ്ഞ ദിവസം നിയമസഭാ നടപടികൾ കാൽ മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. അട്ടപ്പാടിയിലെ ശിശു മരണങ്ങൾ സർക്കാരിന്റെ അനാസ്ഥ മൂലമുള്ള കൊലപാതകങ്ങളാണെന്നു പിന്നീടു പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളമില്ലാ വിവാദം ഉയർന്നു വന്നത്. അട്ടപ്പാടിയിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ ഇതോടെ പ്രതിപക്ഷം ചർച്ചയാക്കി.

പിന്നാലെ ആരോപണങ്ങൾ എല്ലാം മന്ത്രി നിഷേധിച്ചു. 7 ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിൽ ഉണ്ട്. 72 കിടപ്പു രോഗികൾ ആശുപത്രിയിൽ ഉണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും അഭംഗുരം തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുൻപ് നിശ്ചയിച്ച ഇലക്ടീവ് സർജറി (ഹെർണിയയുടെ ശസ്ത്രക്രിയ) പുനക്രമീകരിക്കുകയാണ് ചെയ്തത്. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയിൽ അഡ്‌മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കുമെന്നും മന്ത്രി പറഞ്ഞു.

6 പേരെ (4 പുരുഷന്മാർ, 2 സ്ത്രീകൾ) സുഖം പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഒരു കാൻസർ രോഗി ഗുരുതരാവസ്ഥയിലാണുള്ളത്. കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയതെന്നും മന്ത്രി വിശദീകരിച്ചു. ഇതിനിടെ ശസ്ത്രക്രിയകൾ മുടങ്ങിയ വിഷയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു. ആരോഗ്യം വൈദ്യുതി മന്ത്രിമാരുമായി ചർച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞു. കുടിവെള്ള വിതരണം പത്ത് മണിയോടെ സാധാരണ നിലയിലാകും.അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങില്ല. ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തി.

പാലക്കാട് ജില്ലാ കളക്ടർ, ഡിഎംഒ, കോട്ടത്തറ സൂപ്രണ്ട്, ട്രൈബൽ നോഡൽ ഓഫീസർ തുടങ്ങിയവരുമായി ആരോഗ്യ മന്ത്രി അടിയന്തരമായി ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായും, മന്ത്രി കെ. രാധാകൃഷ്ണനുമായും ആശയവിനമിയം നടത്തിയിട്ടുണ്ട്. ശിരുവാണിപ്പുഴയിൽ നിന്നാണ് കോട്ടത്തറ ആശുപത്രിയിൽ വെള്ളമെത്തുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടർന്ന് പുഴയിലെ വെള്ളം ചെളി കലർന്നു. ഇതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം (15.07.22) മുതൽ വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തിൽ മോട്ടോർ അടിയന്തിരമായി നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവർത്തനങ്ങളേയും ബാധിക്കാതിരികാനുള്ള ക്രമീകരണങ്ങൾ അധികൃതർ ചെയ്തു.

യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പുതിയൊരു മോട്ടോർ കൂടി ആശുപത്രി വാങ്ങിയിട്ടുണ്ട്. മുൻ പ്രളയ സമയങ്ങളിൽ ചെയ്തിട്ടുള്ള പോലെ ചിറ്റൂരിൽ നിന്നും വെള്ളം ലാബിലും ഓപ്പറേഷൻ തീയറ്ററിലും ലഭ്യമാക്കാൻ ക്രമീകരണം ചെയ്തുവെന്നും മന്ത്രി വീണാ ജോർജ് പറയുന്നു.