- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി ശിശുമരണം: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കുഞ്ഞുങ്ങൾക്ക് ഐസിയു പോലുമില്ല; ആദിവാസി ക്ഷേമ ഫണ്ടിൽ നിന്ന് ഇഎംഎസ് ആശുപത്രിക്ക് റഫറൽ ചികിത്സയ്ക്ക് നൽകിയത് 12 കോടി; വിവരം തുറന്നു പറഞ്ഞതിന് പ്രതികാര നടപടി; ട്രൈബൽ വെൽഫെയർ ഓഫീസറെ പുറത്താക്കും
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് കോട്ടത്തറ ട്രൈബൽ ആശുപത്രി വികസനം അട്ടിമറിച്ചതടക്കമുള്ള വിഷയങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെ പുറത്താക്കാൻ തീരുമാനം. കോട്ടത്തറ ട്രൈബൽ വെൽഫെയർ ഓഫീസർ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കൽ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങും.
കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇ എം എസ് ആശുപത്രിക്ക് റഫറൽ ചികിത്സയ്ക്ക് 12 കോടി നൽകിയത് ചന്ദ്രൻ സ്ഥിരീകരിച്ചിരുന്നു. എച്ച് എം സി ചൊവ്വാഴ്ച ചന്ദ്രനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം നൽകാൻ 24 മണിക്കൂർ സമയമുണ്ടായിരിക്കേ വൈകിട്ട് അടിയന്തിര യോഗം ചേർന്ന് ചന്ദ്രനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.
രോഗികളെ റഫർ ചെയ്യാനുള്ള പദ്ധതിയുടെപേരിൽ, ആദിവാസി ക്ഷേമ ഫണ്ടിൽ നിന്ന് പെരിന്തൽണ്ണ ഇഎംഎസ് സഹകരണ ആശുപത്രിക്ക് 12 കോടി രൂപയാണ് കൈമാറിയത് എന്ന കാര്യമാണ് ചന്ദ്രൻ സ്ഥിരീകരിച്ചത്. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കിൽ, കോട്ടത്തറ ആശുപത്രിയിൽ സിടി സ്‌കാൻ ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങാമായിരുന്നെന്ന് ചന്ദ്രൻ പറഞ്ഞിരുന്നു.
ഗർഭകാലത്ത് ഒന്ന് സ്‌കാൻ ചെയ്യണമെങ്കിൽ, വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ ആദിവാസികളെ പെരിന്തൽമണ്ണയ്‌ക്കോ, തൃശൂരിലേക്കോ, കോഴിക്കോടേക്കോ പറഞ്ഞയക്കും. കോട്ടത്തറയിലെ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സി ടി സ്‌കാനില്ല, എംആർഐ സ്‌കാനില്ല. കുഞ്ഞുങ്ങൾക്കായി ഐസിയുപോലുമില്ല. ജൂനിയർ ഡോക്ടർമാർ മാത്രമാണിവിടെയുള്ളത്.
രോഗികളെ റഫർ ചെയ്യാനുള്ള പദ്ധതിയുടെപേരിൽ, ആദിവാസി ക്ഷേമ ഫണ്ടിൽ നിന്ന് പെരിന്തൽണ്ണ ഇ എം എസ് സഹകരണ ആശുപത്രിക്ക് 12 കോടി രൂപയാണ് കൈമാറിയത്. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കിൽ, കോട്ടത്തറ ആശുപത്രിയിൽ സിടി സ്‌കാൻ ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങാമായിരുന്നുവെന്നാണ് കോട്ടത്തറ ട്രൈബൽ വെൽഫെയർ ഓഫീസർ വ്യക്തമാക്കിയത്.
ആദിവാസികളെ സഹായിക്കാനെന്ന പേരിൽ കഴിഞ്ഞ മൂന്നു വർഷമായി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ എല്ലാം കടലാസിൽ മാത്രം.ഇവിടെ നിന്ന് വിദഗ്ധ ചികിത്സ വേണ്ടവരെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫർ ചെയ്യും. ഇവിടെയില്ലാത്ത സ്‌കാനും മറ്റും അവിടെ നടത്തും.
ആദിവാസി ക്ഷേമ വകുപ്പിന്റെ ഫണ്ടിൽ നിന്ന് ഇതിനായി ചെലവിട്ടത് 12 കോടി. കഴിഞ്ഞ ജനുവരി പതിനഞ്ചിന് ചേർന്ന സഹകരണ വകുപ്പിന്റെ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ മിനിട്‌സിൽ ഇക്കാര്യമുണ്ട്. തുക തീർന്നതിനാൽ പദ്ധതി ഫെബ്രുവരിയിൽ അവസാനിക്കുകയും ചെയ്തു.വീണ്ടും 18 കോടി അനുവദിക്കമെന്ന അപേക്ഷയും ഇഎംഎസ് മെമോറിയൽ ആശുപത്രി വച്ചിട്ടുണ്ട്. അപ്പോഴും അട്ടപ്പാടിയിലെ സർക്കാരാശുപത്രിയിൽ സൗകര്യമൊരുക്കാൻ മാത്രം സർക്കാരിന് പണമില്ല
അതേ സമയം അട്ടപ്പാടിക്കായി മാസ്റ്റർ പ്ലാൻ വേണമെന്നും വകുപ്പുകളുടെ ഏകോപനത്തിന് നോഡൽ ഓഫിസറെ നിയമിക്കണമെന്നുമാണ് മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ റിപ്പോർട്ട്. വ്യാജമദ്യമൊഴുകുന്നത് തടയാൻ നടപടിവേണം. അംഗൻവാടികളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും നവജാത ശിശുമരണത്തെ തുടർന്ന് അട്ടപ്പാടി സന്ദർശിച്ച ശേഷം മന്ത്രി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
നാലുദിവസത്തിനിടെ അട്ടപ്പാടിയിൽ അഞ്ച് ശിശുമരണം നടന്നതിനെ തുടർന്നാണ് സ്ഥലം സന്ദർശിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകിയത്. അട്ടപ്പാടിയുടെ ദുരവസ്ഥ പരിഹരിക്കാൻ മാസ്റ്റർപ്ലാൻ വേണം എന്ന് റിപ്പോർട്ടിലുണ്ട്. വിവിധ വകുപ്പുകൾ അട്ടപ്പാടിയിൽ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഏകോപനവും നിരീക്ഷണവുമില്ലാത്തത് പ്രശ്‌നമാണ്. ഇത് പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിക്കണം.
മൂന്നുമാസം തോറും വകുപ്പുകളുടെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുകയും വേണം. മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ വ്യാജമദ്യം സുലഭമാണെന്നും മന്ത്രിയുടെ റിപ്പോർട്ടിലുണ്ട്. കോളനിയിലെ യുവാക്കളും കുട്ടികളും മദ്യത്തിന് അടിമകളായി നശിക്കുന്നു. ലഹരിമരുന്നടങ്ങിയ സ്റ്റിക്കർ നാവിനടിയിൽ വച്ച് ഭക്ഷണം കഴിക്കാതെ നടക്കുന്നവരുണ്ട്.
ബോധവൽക്കരണവും ഫലപ്രദമായ ഇടപെടലും ഇക്കാര്യത്തിൽ ആവശ്യമാണ്. അംഗൻവാടികളുടെ സ്ഥിതി മെച്ചപ്പെടുത്തണം. ആശുപത്രികളിൽ ആധുനിക സൗകര്യംവേണം. ചികിത്സയ്ക്കായി എത്തുന്നവരെ മറ്റാശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സ്ഥിതി മാറണം. ആശുപത്രിയിൽ എത്തുന്ന എൺപതുശതമാനം പേരെയെങ്കിലും അട്ടപ്പാടിയിൽ തന്നെ ചികിത്സിക്കാനാവണം.
അട്ടപ്പാടി മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള ഡോക്ടർമാരെ കണ്ടെത്തി അവരുടെ സേവനം പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് മാസവരുമാനം ലഭിക്കുന്ന തൊഴിൽ ഉറപ്പുവരുത്തണമെന്നും മന്ത്രിയുടെ റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ