- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിലെ ആദിവാസികൾക്കായി പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിക്ക് അനുവദിച്ച 12 കോടി എവിടെ? പട്ടിണി പാവങ്ങളുടെ ഫണ്ടിൽ കൈയിട്ട് വാരിയെന്ന് പരാതി; ആറ് കോടി കൂടി അനുവദിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയരുന്നു
മലപ്പുറം: അട്ടപ്പാടി ആദിവാസികളുടെ ആരോഗ്യ വികസനത്തിനു സർക്കാർ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിക്ക് അനുവദിച്ച 12 കോടി രൂപ എവിടെ പോയി?. വീണ്ടും ആറു കോടി രൂപ അനുവദിക്കാനുള്ള നീക്കത്തിനെതിരെ ആദിവാസികളുടെ പ്രതിഷേധം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇടത് പാർട്ടിയുടെ സഹകരണ ആശുപത്രി പട്ടിണിപാവങ്ങളുടെ ഫണ്ട് കയ്യിട്ട് വാരുന്നത് അവസാനിപ്പിക്കണമെന്ന് പരാതി.
അട്ടപ്പാടി ആരോഗ്യ വികസനത്തിനു സർക്കാർ ഇ.എം.എസ്. ആശുപത്രിക്ക് അനുവദിച്ച 12 കോടി രൂപ എവിടെ പോയെന്ന ആരോപണവുമായി അഗളിയിലെ അട്ടപ്പാടി യുവജന കൂട്ടായ്മയും ഊരുകാരും രംഗത്ത്. അട്ടപ്പാടിയിൽ ഇപ്പോഴും ശിശു മരണം കൂടുകയാണെന്നും, ഇതിനെ മറിക്കാനും ആദിവാസികൾക്ക് മതിയായ ചികിത്സ നൽകാനുമാണ് സർക്കാർ പെരിന്തൽമന്ന ഇ.എം.എസ്. ആശുപത്രിക്ക് 12 കോടി രൂപ അനുവദിച്ചിരുന്നത്. എന്നാൽ ഈ ഫണ്ട് വിനിയോഗത്തിൽ തട്ടിപ്പുനടന്നിട്ടുണ്ടെന്നും ഇതിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പരാതി.
പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിക്ക് അട്ടപ്പാടിയിൽ സമഗ്ര ആരോഗ്യ വികസന പദ്ധതിയുടെ ഭാഗമായി 12 കോടി രൂപ ആദ്യം അനുവദിച്ചു. ഇതിനു പുറമെയാണിപ്പോൾ വീണ്ടും ആറു കോടി രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവായത്. മാത്രമല്ല അട്ടപ്പാടി ആരോഗ്യ സംരക്ഷണം നടത്തിയതിനു സംസ്ഥാന സഹകരണ വകുപ്പ് ഇ.എം.എസ്. ആശുപത്രിക്ക് അവാർഡും നൽകിയിരുന്നു. പാവപ്പെട്ട രോഗികൾക്ക് യാതൊരു ചികിത്സാ ഇളവും ആശുപത്രിയിൽ നിന്നും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
കോവിഡ് ചികിത്സക്ക് അധിക ബില്ല് വാങ്ങിയതിനും രോഗികളുടെ നിരവധി പരാതികൾ നിലവിലുണ്ട്. ഭരണത്തിലുള്ള ഇടത് പാർട്ടിയുടെ സഹകരണ ആശുപത്രി ആയതിനാൽ ഒരോ വർഷവും കോടികൾ സർക്കാർ ഫണ്ട് നൽകുന്നു. സാധാരണകാർക്ക് യാതൊരു ചികിത്സാ ഇളവും നൽകുന്നില്ലെന്നാണ് ഉയരുന്ന പരാതി. സൗജന്യ കാരുണ്യ സർക്കാർ ഇൻഷൂറൻസ് കാർഡ് ഉള്ളവരിൽ നിന്നും ചികിത്സാ ചെലവ് കൂടി എന്ന് പറഞ്ഞ് പണം അഡീഷണലായി വാങ്ങുന്നതായും ആക്ഷേപം ഉണ്ട്.
പൊതു ജനത്തിനു സഹായം ഇല്ലാത്ത ഇ.എം.എസ്. 'ആശുപത്രിക്ക് പൊതുഖജനാവിൽ നിന്നും നിരന്തരം സർക്കാർ ഫണ്ട് വാരി കോരി നൽകുന്ന അടിയന്തരമായി നിർത്തണമെന്നും അട്ടപ്പാടി ആരോഗ്യ മേഖല ഇനിയെങ്കിലും സംരക്ഷിക്കണമെന്നും ഇതിനായി ശബ്ദം ഉയരട്ടെയെന്നും അട്ടപ്പാടി യുവജന കൂട്ടായ്മ ആവശ്യപ്പെട്ടു.
അതേ സമയം ഇഎംഎസ് സഹകരണ ആശുപത്രിക്ക് 12 കോടി അനുവദിച്ചതിന് പുറമേ, 6 കോടി രൂപ കൂടി അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഈ തുക ഉപയോഗിച്ചു അട്ടപ്പാടിയിലെ തന്നെ കോട്ടത്തറ ട്രൈബൽ ആശുപത്രി വികസിപ്പിക്കണമെന്നുമാണ് ഊരുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. മണിക്കൂറുകൾ സഞ്ചരിച്ച് അട്ടപ്പാടിയിൽനിന്നും പെരിന്തൽമണ്ണയിലെത്തി ചികിത്സിക്കുന്നത് അപ്രായോഗികമാണെന്നും ഇത് മൂലം പലർക്കും മരണംവരെ സംഭവിച്ചിട്ടുണ്ടെന്നും ഗർഭിണികൾ ഉൾപ്പെടെ വലിയ പ്രയാസത്തിലാണെന്നും ഊര് നിവാസികൾ പറയുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആദിവാസി വിഭാഗങ്ങളായ പട്ടിണിപാവങ്ങളുടെ ഫണ്ട് കയ്യിട്ട് വാരുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
അട്ടപ്പാടിയിലെ ശിശുമരണങ്ങളും മറ്റും കണക്കിലെടുത്ത് 2016ലാണ് 12.5 കോടി രൂപയുടെ പദ്ധതി തയാറാക്കി ഇഎംഎസ് ആശുപത്രി സർക്കാരിനെ സമീപിച്ചത്. കോട്ടത്തറ ആശുപത്രിയിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളെ ഇവിടെ എത്തിച്ചു വിദഗ്ധ ചികിത്സ നൽകാമെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ, ഫണ്ട് അപര്യാപ്തത മൂലം അന്നു പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. പിന്നീട്, 2018 ജൂൺ 26നാണ് അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിക്ക് അനുമതി ലഭിക്കുന്നത്. അന്നത്തെ സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ, രണ്ടു വർഷത്തിനുള്ളിൽ പദ്ധതിക്ക് അനുവദിച്ച തുക മുഴുവൻ ചെലവഴിച്ചു കഴിഞ്ഞെന്നും പദ്ധതിത്തുക 18 കോടിയായി വർധിപ്പിച്ച് 6 കോടി രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സർക്കാരിനെ സമീപിച്ചു. അനുവദിച്ച തുക തീർന്നതിനാൽ 2021 ജനുവരി 20 മുതൽ പദ്ധതി നിർത്തിവയ്ക്കുന്നതായി ആശുപത്രി രേഖാമൂലം അറിയിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്