പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ അട്ടിമറിക്കുമോ? മധുവിന് നീതിയൊരുക്കാൻ താനുണ്ടാകുമെന്ന് സൂപ്പർതാരം മമ്മട്ടി പറഞ്ഞിരുന്നു. എന്നാൽ അതൊന്നും നടന്നില്ലേ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കേസിൽ പ്രധാന സാക്ഷികളുടെ വിചാരണ ഇന്നു തുടങ്ങാനിരിക്കെ സർക്കാരിനെതിരെ ആരോപണവുമായി മധുവിന്റെ കുടുംബാംഗങ്ങൾ എത്തുന്നത് പ്രതീക്ഷ എല്ലാം കൈവിട്ട അവസ്ഥയിലാണ്. പ്രോസിക്യൂട്ടർമാർക്കു ഫീസ് നൽകാതെ കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ആരോപിച്ചു.

സർക്കാർ നിയമിച്ച രണ്ടു പ്രോസിക്യൂട്ടർമാർക്കും ഇതുവരെ ഫീസ് നൽകിയിട്ടില്ല. മുൻപു നിയമിച്ച പ്രോസിക്യൂട്ടർമാർ ഫീസ് ലഭിക്കാത്തതിനാലാണു പിന്മാറിയത്. കേസിലെ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്നതായും ആരോപിച്ചു. ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാൾ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ സഹിതം അഗളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതെല്ലാം കുടുംബത്തിന്റെ സംശയങ്ങൾ കൂട്ടുന്നു. വിചാരണ അട്ടിമറിക്കപ്പെടുമോ എന്നതാണ് സംശയം.

ഭരണത്തിലിരിക്കുന്ന പാർട്ടിയുമായി പ്രതികൾക്ക് അടുപ്പമുള്ളതായി സംശയിക്കുന്നതായും നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ മണ്ണാർക്കാട് സ്‌പെഷൽ കോടതിയിൽ നടന്നുവരികയാണ്.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകികളെ നിമയത്തിന്റെ മുമ്പിൽ കൊണ്ടു വരാൻ നടൻ മമ്മൂട്ടിയുടെ ഇടപെടൽ നേരത്തെ ചർച്ചയായിരുന്നു. ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം സൂപ്പർ താരം നൽകുമെന്നായിരുന്നു റിപ്പോർട്ട്. അഭിഭാഷക സഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസിൽനിന്ന് ഫോണിൽ അറിയിച്ചതായി മധുവിന്റെ സഹോദരി സരസുവും അറിയിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുമ്പോട്ട് പോകുകയായിരുന്നു കുടുംബം. ഇതിനിടെയാണ് പിന്തുണയുമായി മമ്മൂട്ടി എത്തുന്നത്. പക്ഷേ അതൊന്നും ഗുണകരമായില്ലെന്നാണ് സൂചന.

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ചു മധു എന്ന ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി മമ്മൂട്ടി അന്നു തന്നെ രംഗത്തു വന്നിരുന്നു. മധുവിനെ ആദിവാസിയെന്നല്ല അനുജനെന്നാണ് താൻ വിളിക്കുന്നതെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിച്ചത്. മധുവിന്റെ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ശ്രദ്ധയിലേക്ക് കാര്യങ്ങളെത്തിക്കാൻ മറുനാടൻ വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ വൈറലാകുകയും മമ്മൂട്ടി കാണുകയും ചെയ്തു. ഇതോടെയാണ് സൂപ്പർ താരം ഇടപെടലുകൾക്ക് തയ്യാറായത്. അതും വെറുതെയായോ എന്ന സംശയമാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ആരോപണങ്ങളിലൂടെ ഉയരുന്നത്.

മമ്മൂട്ടിയുടെ പഴയ ഫെയ്സ് ബുക്ക് പോസ്റ്റ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാവുകയാണ്. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.

ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...-ഇതായിരുന്നു ആ പോസ്റ്റ്.

മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി നേരത്തെ രമേശ് ചെന്നിത്തലയും രംഗത്തു വന്നിരുന്നു.