- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ അനുജനെ അവർ കൊന്നു കളഞ്ഞു...! മറുനാടന്റെ ഈ വീഡിയോ മെഗാതാരത്തേയും ചിന്തിപ്പിച്ചു; അട്ടപ്പാടിയിലെ മധുവിനെ കൊന്നവരെ സൂപ്പർ താരം വെറുതെ വിടില്ല; കേസ് നടത്താൻ ആ കുടുംബത്തെ മമ്മൂട്ടി സഹായിക്കും; പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്നും വെളിപ്പെടുത്തൽ; സിബിഐയെ എത്തിക്കാൻ കുടുംബവും
അഗളി: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകികളെ നിമയത്തിന്റെ മുമ്പിൽ കൊണ്ടു വരാൻ നടൻ മമ്മൂട്ടിയുടെ ഇടപെടൽ. ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം സൂപ്പർ താരം നൽകും. അഭിഭാഷക സഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസിൽനിന്ന് ഫോണിൽ അറിയിച്ചതായി മധുവിന്റെ സഹോദരി സരസു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുമ്പോട്ട് പോകുകയാണ് കുടുംബം. ഇതിനിടെയാണ് പിന്തുണയുമായി മമ്മൂട്ടി എത്തുന്നത്.
അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ചു മധു എന്ന ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി മമ്മൂട്ടി അന്നു തന്നെ രംഗത്തു വന്നിരുന്നു. മധുവിനെ ആദിവാസിയെന്നല്ല അനുജനെന്നാണ് താൻ വിളിക്കുന്നതെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിച്ചത്. മധുവിന്റെ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ശ്രദ്ധയിലേക്ക് കാര്യങ്ങളെത്തിക്കാൻ മറുനാടൻ വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ വൈറലാകുകയും മമ്മൂട്ടി കാണുകയും ചെയ്തു. ഇതോടെയാണ് സൂപ്പർ താരം ഇടപെടലുകൾക്ക് തയ്യാറായത്.
നിയമസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ മമ്മൂട്ടിയുടെ ഓഫിസിൽനിന്നുള്ളവർ മധുവിന്റെ വീട്ടിലെത്തുമെന്നും വിവരമുണ്ട്. മധുവിന്റെ മരണത്തിൽ സിബിഐ. അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും മറ്റുള്ളകാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു. ഈ ഹർജിക്ക് തടസ്സം സാമ്പത്തികമാണ്. ഇത് മനസ്സിലാക്കിയാണ് മമ്മൂട്ടി സഹായത്തിന് എത്തുന്നത്.
മമ്മൂട്ടിയുടെ പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാവുകയാണ്. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.
ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...-ഇതായിരുന്നു ആ പോസ്റ്റ്. ഈ പോസ്റ്റിലെ ഓർമ്മപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസത്തെ മറുനാടൻ വാർത്ത. ഇത് കണ്ട മമ്മൂട്ടി ഇടപെടലിന് നിർദ്ദേശം നൽകുകയായിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങളാണ് ഈ കേസിൽ മുമ്പോട്ട് പോകാൻ മധുവിന്റെ കുടുംബത്തിനുള്ള തടസ്സം. ഇത് മനസ്സിലാക്കിയാണ് മമ്മൂട്ടിയുടെ സഹായ വാഗ്ദാനം. കേസിൽ ിലപാട് വ്യക്തമാക്കി സ്‌പെഷൽ പ്രോസിക്യൂട്ടർ രംഗത്തു വന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ് പറഞ്ഞു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി തുടരുന്നതിൽ താൽപര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു .
മധുവിന്റെ കൊലപാതകത്തിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുൻ എറണാകുളം സിജെഎം കൂടിയായ വിടി രഘുനാഥ് നയം വ്യക്തമാക്കിയത്. പ്രതികൾ ആവശ്യപ്പെട്ട രേഖകൾ പൊലീസ് കൈമാറാതെ വിസ്താര നടപടികൾ തുടങ്ങാൻ കഴിയില്ല. ആദ്യ കുറ്റപത്രത്തിൽ പഴുതുകൾ ഉണ്ടായിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യം യുക്തിസഹമാണ്. ഔദ്യോഗികമായി സ്‌പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ പൊലീസ് അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അഡ്വ രഘുനാഥ് അറിയിച്ചു. അതേസമയം മധുവിന്റെ ബന്ധുക്കളും ആക്ഷൻ കൗൺസിലും പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് മമ്മൂട്ടിയും കുടുംബത്തെ സഹായിക്കാൻ എത്തുന്നത്.
മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തലയും രംഗത്തു വന്നിരുന്നു. പസ്തുത കേസിന്റെ നടപടികൾക്കായി ഒരു പ്രമുഖ അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അടിയന്തരമായി നിയമിച്ച് മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാരും ഇടതു സംഘടനകളും പൊതുസമൂഹത്തിന് നൽകിയിരുന്ന വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും കാപട്യമാണ് ഇപ്പോൾ വെളിവായിരിക്കുന്നത്. പട്ടിണി മാറ്റുന്നതിനായി കുറച്ച് അരി കൈവശപ്പെടുത്തിയതിനാണ് പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമുദായത്തിൽ നിന്നുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ പസ്യവിചാരണ നടത്തി മരത്തിൽ കെട്ടിയിട്ട് മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഈ ഹീനകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിനും കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനുപകരം കേസ് തന്നെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പല പ്രതികൾക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഫലമായാണ് വിചാരണ അട്ടിമറിക്കപ്പെടുന്നതെന്നുമുള്ള വിമർശനം ശക്തമാണ്. 2019 ഓഗസ്റ്റിൽ വി ടി രഘുനാഥിനെ ഈ കേസിന്റെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഒരിക്കൽപ്പോലും അദ്ദേഹം മണ്ണാർക്കാട്ടെ കോടതിയിൽ ഹാജരായില്ലെന്നും മറിച്ച് ജൂനിയർ അഭിഭാഷകനാണ് കോടതിയിൽ ഇതിനായി എത്താറുള്ളതെന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
താൻ കേസിന്റെ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞെന്ന് കാണിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകിയിരുന്നതായി രഘുനാഥനും വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ രഹസ്യമായ പല ഇടപെടലുകളും നടന്നിട്ടുണ്ട്. സിപിഎമ്മിന് താൽപര്യമുള്ള ക്രിമിനലുകളെ സംരക്ഷിക്കാൻ വേണ്ടി ഖജനാവിൽ നിന്നും വൻതുക ചെലവഴിച്ച് പ്രമുഖ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താൻ കാണിക്കുന്ന ശുഷ്‌കാന്തിയുടെ ഒരംശമെങ്കിലും ഈ കേസിന്റെ നടത്തിപ്പിനായി സർക്കാർ പ്രകടിപ്പിക്കണമായിരുന്നു.
ഇടതുസർക്കാർ ആദിവാസി ജനവിഭാഗങ്ങളോട് പുലർത്തുന്ന കരുതലിന്റെയും, ആത്മാർത്ഥയുടെയും തനിനിറം ഈ സംഭവത്തിൽനിന്നും വ്യക്തമാണ്. കേസിൽ ഹാജരാകുന്ന പബ്ലിക്ക് പ്രോസിക്യൂട്ടർ എവിടെ എന്ന് വിചാരണക്കോടതിക്ക് തന്നെ ചോദിക്കേണ്ടി വന്ന സാഹചര്യം അത്യന്തം ലജ്ജാകരമാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് വീമ്പിളക്കുന്ന ഒരു സർക്കാർ തന്നെ ഇത്തരം അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നത് തികച്ചും ലജ്ജാകരമാണെന്നും ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ