പാലക്കാട് : അട്ടപ്പാടി കടുകുമണ്ണ ഊരിലെ മല്ലന്റെ മകൻ മധുവിന്റെ മരണം കേരളം ചർച്ചയാക്കുകയാണ്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കെട്ടിയിട്ട് മർദിച്ച് അവശനാക്കിയതാണ് മധുവിന്റെ ജീവനെടുത്തത്. ഇരുന്നൂറ് രൂപയുടെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മധുവിനെ മർദ്ദിച്ചത്. മധുവിനെ മോഷണ വസ്തുവുമായി കൈയോടെ പിടിക്കുകയായിരുന്നില്ല. മറിച്ച് സംശയത്തിന്റെ പേരിൽ കാടു കയറി. ഈ സംഘമാണ് മധുവിനെ കാട്ടിനുള്ളിൽ നിന്ന് പിടിച്ചത്. മാനസിക പ്രശ്‌നമുണ്ടെന്ന് അറിഞ്ഞിട്ടും ക്രൂരമായി മർദ്ദിച്ചു. ഇതാണ് മരണത്തിന് കാരണമായത്.

അതിനിടെ ആദിവാസി യുവാവ് പൊലീസ് ജീപ്പിൽ മരിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ഇന്നലെയാണ് അട്ടപ്പാടി മുക്കാളിയിൽ 27കാരനായ മധുവിനെ നാട്ടുകാർ അരി മോഷ്ടിച്ചുവെന്നാരോപിച്ച് മർദ്ദിച്ചത്. മധുവിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മർദ്ദനത്തിൽ അവശനായ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അവശനായ മധുവിനെ പശ്ചാത്തലത്തിൽ നിർത്തി എടുത്ത സെൽഫികളും ഇക്കൂട്ടത്തിലുണ്ട്. ക്രൂര മർദ്ദനത്തിന് ശേഷം നാട്ടുകാർ മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലേക്കുള്ള വഴിമധ്യേ പൊലീസ് വാഹനത്തിൽ തന്നെ ആദിവാസി യുവാവ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേരളം ആകെ പ്രതിഷേധിക്കുകയാണ്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജീപ്പ് ഡ്രൈവർമാരും മർദ്ദനത്തിന് കൂട്ടുനിന്നു. ഇവരെല്ലാം കേസിൽ പ്രതികളാണ്.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. മകൻ അനുഭവിച്ച വേദന കൊലപാതകികളും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ അല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസു ആവശ്യപ്പെട്ടു. അടുത്തിടെയാണ് സ്ഥലത്ത് നടന്ന ഒരു മോഷണത്തിൽ മധുവിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നത്. കുറച്ചുദിവസമായി കാണാതായിരുന്ന യുവാവിനെ അക്രമാസക്തമായ ആൾകൂട്ടം വനത്തിനടുത്തുള്ള പ്രദേശത്ത് വച്ച് പിടികൂടുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ് വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം.

കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടിൽ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടിൽ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിഞ്ഞിരുന്നത്. വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാർക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മോഷണം തൊഴിലാക്കിയ ആളായിരുന്നില്ല മധു. നാട്ടിലെ മോഷണങ്ങൾ എല്ലാം ആരുടേയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിച്ചവരാണ് മധുവിനെ കുറ്റക്കാരനായി കാണാൻ ആഗ്രഹിച്ചതെന്നാണ് സൂചന.

അട്ടപ്പാടിയിലെ കുടിയേറ്റക്കാരാണ് ആക്രമത്തിന് നേതൃത്വം കൊടുത്തത്. ഇതിൽ പലരും മദ്യലഹരിയിലായിരുന്നു. കാട്ടിനുള്ളിൽ നിന്ന് പിടിച്ച മധുവിനെ അവിടെ വച്ചു തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കി. അതിന് ശേഷം സെൽഫി എടുക്കൽ. പിന്നെ കള്ളനെന്ന് പറഞ്ഞ് പൊലീസിന് കൈമാറൽ. ഇവിടെ സെൽഫിയെടുത്തയാണ് സംഭവത്തിലെ സത്യം പുറം ലോകത്ത് എത്തിച്ചത്. നാട്ടുകാരാണ് തല്ലിയതെന്നാണ് ആരോപണം. എന്നാൽ മൂന്നോ നാലോ പേർ മാത്രമാണ് കാടു കയറി മധുവിനെ പിടിച്ചതെന്നതാണ് വസ്തുത. സദാചാര കൊലയുടെ പുതിയ മോഡലാണ് അട്ടപ്പാടിയിലെ പുതിയ സംഭവം.

ഫേസ്‌ബുക്കിലിടാൻ വേണ്ടിയൊക്കെ ഇങ്ങനെ ചെയ്യുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്ക് അറിയില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു പ്രതികരിച്ചു. ആദിവാസി ആയതുകൊണ്ട് എന്തുചെയ്യാം തല്ലിക്കൊന്നാലും ആരും ചോദിക്കില്ലെന്നുള്ള ഭാവമാണ് ഓരോരുത്തർക്കും. മോഷ്ടിച്ചെങ്കിൽ തന്നെയും അവൻ വിശപ്പിനുള്ള ഭക്ഷണമല്ലേ മോഷ്ടിച്ചത് വിശന്നിട്ടല്ലേ അതിന് ഇങ്ങനെയാണോ ചെയ്യേണ്ടത്. ആരുടെയും പണവും സ്വർണ്ണവും ഒന്നുമല്ലല്ലോ പാവം കട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇങ്ങനെയൊക്കെ ചെയ്താൽ ഇവിടെ കേരളത്തിൽ രോഷം കൊള്ളല്ലാണല്ലോ-ജാനു ചോദിക്കുന്നത്.