- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളെന്ന് വിമർശനം; കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുന്നുവെന്ന് ആരോപണം; ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവർ; പണമൊഴിക്കിയിട്ടും ആദിവാസികൾക്ക് അതു കിട്ടുന്നില്ല; ശിശുമരണത്തിൽ കേരളത്തിന്റെ കണ്ണീരായി അട്ടപ്പാടി
പാലക്കാട്: കേരളത്തിന്റെ കണ്ണുനീർത്തുള്ളിയാവുന്നു അട്ടപ്പാടി. പണമൊഴുക്കിയിട്ടും ഇവിടെ നവജാത ശിശുക്കൾ മരിക്കുകയാണ്. പോഷകാഹാരക്കുറവിന്റെ നേർസാക്ഷ്യം.. 47 നവജാതശിശുക്കളെ നഷ്ടമായ 2013 ലെ ദുരന്തകാലത്തിനു ശേഷം 8 വർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾ വഴി ഇവിടെയെത്തിയത് 131 കോടി രൂപ. ഇക്കാലയളവിൽ 121 കുട്ടികളെ നഷ്ടമായി. എന്നതാണ് വസ്തുത.
ശിശുമരണ നിരക്ക് 28.77 ഉള്ള രാജ്യത്ത്, ഈ നിരക്ക് ആറിൽ താഴെയാണ് കേരളത്തിൽ. എന്നാൽ അട്ടപ്പാടിയിൽ കണക്ക് വേറെയും. കഴിഞ്ഞ 5 ദിവസത്തിനിടെ ഒരമ്മയെയും 5 കുട്ടികളെയുമാണ് അട്ടപ്പാടിക്കു നഷ്ടമായത്. പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമാണു മരണത്തിലേക്കു നയിച്ച രോഗങ്ങൾക്കു കാരണമായത്. അട്ടപ്പാടിയിൽ ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവരാണ്. അരിവാൾ രോഗികളും ഏറെ. തനതു ഭക്ഷണമായ റാഗിയും ചാമയും ഉൾപ്പെടെ കഴിച്ചുവളർന്ന ഒരു വിഭാഗത്തെ സഹായിക്കാനെന്ന പേരിൽ റേഷൻ അരിയും മറ്റും നൽകി സ്വാഭാവിക ശാരീരിക ശേഷിയെ തകർത്തതാണ് ഇതിന് കാരണമെന്ന വാദം സജീവമാണ്.
''1996 ൽ ഇവിടം സന്ദർശിച്ചപ്പോൾ കണ്ട അതേ കാഴ്ചകളാണ് ഇന്നും അട്ടപ്പാടിയിൽ കണ്ടത്. ലോകാവസാനം വരെ ഇവർക്കു വച്ചുണ്ടാക്കി നൽകാനാണോ നിങ്ങൾ ശ്രമിക്കുന്നത്. അതിനു പകരം അവരെ സ്വയം പര്യാപ്തരാക്കുകയാണു വേണ്ടത്. അവർക്ക് ആവശ്യമുള്ളത് നൽകുക. ബാക്കി അവർ വേണ്ടവിധം ഉണ്ടാക്കി കഴിച്ചോളും.''-അട്ടപ്പാടിയിൽ എത്തിയ മന്ത്രി കെ രാധാകൃഷ്ണന്റെ വാക്കുകളാണ് ഇത്. ഒരു വർഷത്തിനിടെ മാത്രം അട്ടപ്പാടിയുടെ വികസനത്തിന് അനുവദിച്ചതു 16 കോടി രൂപയാണ്. ഇതൊന്നും ഇവിടുത്തുകാർക്ക് ഗുണമുണ്ടാക്കിയില്ല.
194 ഊരുകളിലായി 32,000 ൽ അധികം ആളുകൾ കഴിയുന്ന അട്ടപ്പാടിയിൽ ഈ തുക മതി പ്രശ്‌ന പരിഹാരത്തിന്. പക്ഷേ ഒന്നും ആദിവാസികൾക്ക് കിട്ടുന്നില്ല. അതിനിടെ തിരുവനന്തപുരം ന്മ അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാതശിശുക്കളുടെ മരണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് കലക്ടർ, പാലക്കാട് ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, അഗളി ഐടിഡിപി പ്രോജക്ട് ഓഫിസർ എന്നിവരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
നവജാത ശിശുമരണം സംഭവിക്കാനുള്ള കാരണങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാണു നിർദ്ദേശം. അതിനിടെ അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ ഉണ്ടാവുന്നത്.
ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുകയാണ്. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നത് കേരളത്തിന് അപമാനകരമാണ്. ഈ കാലഘട്ടത്തിലും അമ്മമാർക്ക് പോഷകാഹാര കുറവ് ഉണ്ടാകുന്നുവെങ്കിൽ സർക്കാർ ദയനീയ പരാജയമാണെന്ന് പറയേണ്ടി വരും. മുമ്പ് ശിശുമരണങ്ങൾ നടന്നപ്പോൾ ബിജെപി ഇത് ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അതെല്ലാം അവഗണിക്കുകയായിരുന്നു.
പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ