പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ സർക്കാർ അഭിഭാഷകൻ എവിടെയെന്നു കോടതി ചോദിക്കുമ്പോൾ അന്വേഷണം അട്ടിമറിച്ചുവെന്ന വിലയിരുത്തലിൽ കുടുംബം. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതോടെയാണു മണ്ണാർക്കാട് പട്ടികജാതി വർഗ സ്‌പെഷൽ കോടതി ഇങ്ങനെ ചോദിച്ചത്.

മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സർക്കാരും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചില്ല എന്നും മധുവിന്റെ സഹോദരി ആരോപിച്ചു.

ഇന്നലെ കോടതി കേസ് പരിഗണിക്കുന്നതു മാർച്ച് 26ലേക്കു മാറ്റി. മധു മരിച്ചു 4 വർഷം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വിചാരണ തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ആരോഗ്യകാരണങ്ങളാൽ കേസ് ഒഴിയാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനു കത്തു നൽകിയിരുന്നതായി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ടി. രഘുനാഥ് പറഞ്ഞു.

തുടക്കം മുതൽ കേസിലെ നിയമനടപടികൾ വൈകിയിരുന്നു. സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞാണു പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്, അതും മധുവിന്റെ അമ്മ മല്ലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ. പ്രോസിക്യൂഷനു വേണ്ട സൗകര്യങ്ങൾ ഒരുക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളെത്തുടർന്ന് അദ്ദേഹം ഒഴിഞ്ഞ ശേഷമാണ് വി.ടി. രഘുനാഥിനെ നിയോഗിച്ചത്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ മുക്കാലിയിൽ മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടം ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്നത്. തൊട്ടടുത്ത മെയ് 22ന് പൊലീസ് 16 പേരെ പ്രതിയാക്കി കുറ്റപത്രം നൽകി. നാലാം കൊല്ലവും വിചാരണ തുടങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇന്നലെ മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി പബ്ലിക് പ്രോസിക്യൂട്ടർ എവിടെ എന്ന ചോദ്യമുയർത്തിയത്.

മുഴുവൻ പ്രതികളെയും പിടികൂടിയില്ല എന്ന ആക്ഷേപം നേരത്തെ സമര സമിതിക്കുണ്ടായിരുന്നു. സർക്കാരിലും പൊലീസിലുമുള്ള അവിശ്വാസം പ്രകടിപ്പിച്ചാണ് കുടുംബവും സമരസമിതിയും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. രാജി സന്നദ്ധത അറിയിച്ച പബ്ലിക് പ്രോസിക്യൂട്ടർ വി ടി രഘുനാഥിനെതിരെയും ഗുരുതര ആരോപണമുയർത്തുകയാണ് കുടുംബം.കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചില്ലെന്നതാണ് ആരോപണം.

ഇത് രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ് കേസൊഴിയുന്നത്.ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാടി വി ടി രഘുനാഥ്, കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഡിജിപിക്ക് കത്ത് നൽകിയെങ്കിലും പകരം സംവിധാനമൊരുക്കിയില്ല. വിശപ്പിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടി വന്നയാളാണ് ആദിവാസിയായ മധു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊര് നിവാസിയായ മധുവിനെ മോഷണക്കുറ്റം ചമുത്തി മർദ്ദിച്ച് കൊന്നത്. 27കാരനായ മധു കൊല്ലപ്പെട്ട് നിമിഷങ്ങൾക്കകമാണ് വാർത്ത കാട്ടുതീപോലെ കത്തിപ്പടർന്നത്.

രാജ്യത്തിന് മുൻപിൽ തന്നെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ക്രൂരമർദനത്തിന് ഇരയായ മധുവിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴാണ് മരണം സംഭവിച്ചത്. ഇരുന്നൂറ് രൂപയുടെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മധുവിനെ മർദ്ദിച്ചത്. മധുവിനെ മോഷണ വസ്തുവുമായി കൈയോടെ പിടിക്കുകയായിരുന്നില്ല. മറിച്ച് സംശയത്തിന്റെ പേരിൽ കാടു കയറി. ഈ സംഘമാണ് മധുവിനെ കാട്ടിനുള്ളിൽ നിന്ന് പിടിച്ചത്. മാനസിക പ്രശ്‌നമുണ്ടെന്ന് അറിഞ്ഞിട്ടും ക്രൂരമായി മർദ്ദിച്ചു.

ഇതാണ് മരണത്തിന് കാരണമായത്. അതിനിടെ ആദിവാസി യുവാവ് പൊലീസ് ജീപ്പിൽ മരിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തിരുന്നു. വധശ്രമത്തിനാണ് കേസെടുത്തത്. മധുവിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മർദ്ദനത്തിൽ അവശനായ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. കുറച്ചുദിവസമായി കാണാതായിരുന്ന യുവാവിനെ അക്രമാസക്തമായ ആൾകൂട്ടം വനത്തിനടുത്തുള്ള പ്രദേശത്ത് വച്ച് പിടികൂടുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ് വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം. കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനായിരുന്നു മധു. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടിൽ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടിൽ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിഞ്ഞിരുന്നത്. വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാർക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മോഷണം തൊഴിലാക്കിയ ആളായിരുന്നില്ല മധു.

നാട്ടിലെ മോഷണങ്ങൾ എല്ലാം ആരുടേയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിച്ചവരാണ് മധുവിനെ കുറ്റക്കാരനായി കാണാൻ ആഗ്രഹിച്ചതെന്നാണ് സൂചന. അട്ടപ്പാടിയിലെ കുടിയേറ്റക്കാരാണ് ആക്രമത്തിന് നേതൃത്വം കൊടുത്തത്. ഇതിൽ പലരും മദ്യലഹരിയിലായിരുന്നു. കാട്ടിനുള്ളിൽ നിന്ന് പിടിച്ച മധുവിനെ അവിടെ വച്ചു തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കി. അതിന് ശേഷം സെൽഫി എടുക്കൽ. പിന്നെ കള്ളനെന്ന് പറഞ്ഞ് പൊലീസിന് കൈമാറൽ.

ഇവിടെ സെൽഫിയെടുത്തയാണ് സംഭവത്തിലെ സത്യം പുറം ലോകത്ത് എത്തിച്ചത്. നാട്ടുകാരാണ് തല്ലിയതെന്നാണ് ആരോപണം. എന്നാൽ മൂന്നോ നാലോ പേർ മാത്രമാണ് കാടു കയറി മധുവിനെ പിടിച്ചതെന്നതാണ് വസ്തുത.