പാലക്കാട്: അട്ടപ്പാടിയിൽ മധുവിനെ കൊന്നത് കേവലം അരിമോഷ്ടിച്ചതിനല്ല. കാലങ്ങളായി അട്ടപ്പാടിയിലെ കുടിയേറ്റക്കാരും വന്തവാസികളും അവിടുത്തെ ആദിവാസികളോട് തുടരുന്ന വംശീയവെറിയുടെ രക്തസാക്ഷിയാണ് മധുവെന്ന് റിപ്പോർട്ടുകൾ. അട്ടപ്പാടിയിലെ ആദിവാസികളോട് എന്നും ഇവിടുത്തെ ഉദ്യാഗസ്ഥവർഗവും ആദിവാസി ഇതര സമൂഹവും പ്രത്യേകിച്ച് കുടിയേറ്റക്കാരും എല്ലാകാലത്തും വെച്ച് പുലർത്തിയിരുന്ന വംശീയവെറിയും അവരോടുള്ള ദേഷ്യത്തിന്റെയും ഫലമായാണ് മധുവിന് മർദ്ദനമേൽക്കേണ്ടിവന്നതും മധു ക്രൂരമായി കൊല്ലപ്പെട്ടതുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ നൽകുന്ന സൂചന. മധുവിനെ നാട്ടുകാർ കൈകാര്യം ചെയ്ത രീതികളെല്ലാം അവലോകനം ചെയ്യുമ്പോൾ എത്തിച്ചേരാനാവുക ഈ നിഗമനത്തിലാണെന്നും അവർ പറയുന്നു.

ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് കാടിലെ ഗുഹയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന മധുവിനെക്കുറിച്ച് ഫോറസ്റ്റുകാരണ് നാട്ടുകാർക്ക് വിവരം നൽകിയത്. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചപ്പോൾ നിങ്ങൾ തന്നെ പിടിച്ചോളൂ എന്നാണ് അവരോട് പൊലീസ് പറഞ്ഞത്. പിന്നീട് മുക്കാലി ചെക്‌പോസ്റ്റിലെ ഫോറസ്റ്റുകാരുടെ അനുമതിയോടെ വർഷമോൾ എന്ന ഓട്ടോയിലും രണ്ട് ജീപ്പുകളിലുമായി ഷൂഹൈബിന്റെ നേതൃത്വത്തിലുള്ള 20ലധികം വരുന്ന സംഘം കാട്ടിൽ കയറി മധുവിനെ പിടിക്കുകയും. മധുവിന്റെ സഞ്ചിയും പറക്കഷ്ണങ്ങളും ചുമലിൽ വെച്ച് ഫോറസ്റ്റുകാരുടെ മുന്നിലൂടെ ആർപ്പ് വിളിച്ച് നടത്തിക്കൊണ്ട് വരികയുമായിരുന്നു.-സർവ്വീസിലുള്ള വനപാലകൻ തന്നെയാണ് ഇക്കാര്യങ്ങൾ മറുനാടനോട് പങ്കവച്ചത്.

ഇതെല്ലാം കണ്ട് നിന്നാസ്വദിച്ചതിനപ്പുറം ഏതങ്കിലും തരത്തിലുള്ള ഇടപെടലുകളും ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയിട്ടുമില്ല. ഇവിടുത്തെ ആദിവാസികളല്ലാത്തവരുടെയെല്ലാം പൊതുവികാരമാണ് അട്ടപ്പാടിയെന്ന പേര്. പുറം ലോകത്ത് ഇത്രയും മോശമായി പ്രചരിക്കാനും ചിത്രീകരിക്കപ്പെടാനും കാരണം അട്ടപ്പാടിയിലെ ആദിവാസികളാണെന്നത്. അതിനപ്പുറം അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിവിധ സർക്കാർ വകുപ്പുകളനുവദിക്കുന്ന ഫണ്ടുകളുടെയും ആനുകൂല്യങ്ങലുടെ സിംഹഭാഗവും ലഭിക്കുന്നതും അനുഭവിക്കുന്നതും ഇവിടുത്തെ ആദിവാസികളാണെന്നത്. ആദിവാസികളോട് ഇവിടുത്തെ വന്തവാസികൾക്കുള്ള ഈ ഈർഷ്യത്തിന്റെയും വെറുപ്പിന്റെയും അവസാനത്തെ ഇരയാണ് മധുവെന്നാണ് വിലയിരുത്തൽ.

മധുവിനെ പോലെ നിരവധി ആദിവാസി സഹോദരങ്ങളാണ് ഇത്തരത്തിൽ അക്രമങ്ങൾക്ക് ഇരയാകുന്നത്. തങ്ങളേക്കാൾ ഏതെങ്കിലുമൊരു രീതിയിൽ ആദിവാസികൾ മികച്ച് നിന്നാൽ അവിടെ തുടങ്ങും അവനോടുള്ള വെറിയും വെറുപ്പും. നിരവധി ആദിവാസി ചെറുപ്പക്കരാണ് വന്തവാസികളുടെ ഈ വംശീയവെറിയുടെയും കളിയാക്കലുകളുടെയും അക്രമങ്ങളുടെയും ഭാഗമായി അട്ടപ്പാടിയിൽ മാത്രം വിവിധ സ്ഥാപനങ്ങളിലുണ്ടായിരുന്ന നിരവധി ജോലികൾ രാജിവെച്ച് ഊരിൽ ആടിനെയും പശുക്കളെയും മെയ്‌ച്ച് ഉപജീവനം നടത്തുന്നത്. ഐഎസ്ആർഒ നിയന്ത്രണത്തിലുണ്ടായിരുന്ന സ്ഥാപനത്തിൽ നാനോസൈന്റിസ്റ്റായി ജോലിചെയ്തവർ മുതൽ സർക്കാർ ഓഫീസിലെ ക്ലാർക്കായിരുന്നവർ വരെ ഇത്തരത്തിൽ കളിയാക്കലുകൾ കാരണം ജോലി മതിയാക്കി കാട് കയറിയട്ടുണ്ട്.

അട്ടപ്പാടിയിലെ ഇത്തരത്തിലുള്ളവരിൽ പ്രമുഖനായിരുന്നു മധുവും. നിർമ്മിതി കേന്ദ്രയിൽ ആർകിടെക്റ്റുമാർക്കടക്കം സുസ്ഥിര കെട്ടിട നിർമ്മാണത്തിൽ പരിശീലനം നൽകിവന്നിരുന്ന മധുവിന് അവിടെ വെച്ചുണ്ടായ അക്രമണത്തിൽ തലക്ക് പരിക്കേൽക്കുകയും മാനസികമായി പ്രശ്നങ്ങളുണ്ടാകുകയും ചെയ്തതിന്റെ പേരിലാണ് മധു ആ ജോലിയിൽ നിന്ന് രാജിവെച്ച് വീണ്ടും കാട് കയറിയത്. അന്നത്തെ അക്രമണം എങ്ങനെ സംഭവിച്ചും എന്നത് ഇന്നും അവ്യക്തമാണ്.

അതിനിടെ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചു. വനംവകുപ്പിനെതിരായ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനാണ്. സർക്കാർ അതിൽ വീഴില്ലെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച അട്ടപ്പാടി സന്ദർശിക്കുമെന്നും എ.കെ. ബാലൻ അറിയിച്ചു. നേരത്തേ, മധുവിന്റെ സഹോദരിയാണ് വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ചന്ദ്രിക പറഞ്ഞു. തിരിച്ചറിയിൽ രേഖകൾ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നോക്കിനിന്നുവെന്നും ചന്ദ്രിക മാധ്യമങ്ങളോട് വ്യക്തമാക്കി.