- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേനംകുളത്തെ ഗെയിംസ് വില്ലേജ് കെടിഡിസി ഏറ്റെടുക്കുന്നത് അട്ടിമറിക്കാൻ ശ്രമം; വില്ലേജ് ലക്ഷ്യമിട്ട് സ്വകാര്യ കമ്പനികൾ രംഗത്ത്; ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്തത് വൻതുക; കൊച്ചി സ്റ്റാർട്ട് അപ് വില്ലേജ് മാതൃകയിൽ മേനംകുളവും മാറ്റണമെന്ന് ഐടി വകുപ്പ്
തിരുവനന്തപുരം: ദേശീയ ഗെയിംസിനോടനുബന്ധിച്ച് തിരുവനന്തപുരം മേനംകുളത്ത് നിർമ്മിച്ച ഗെയിംസ് വില്ലേജ് കേരളം ടൂറിസം ഡവലപ്പമെന്റ് കോർപറേഷൻ ഏറ്റെടുക്കാനുള്ള തീരുമാനം അട്ടിമറിക്കാൻ സ്വകാര്യലോബികൾ രംഗത്ത്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ബജറ്റ് അക്കോമഡേഷൻ സൗകര്യം ഒരുക്കാനുള്ള കെ.ടി.ഡി.സിയുടെ നീക്കമാണ് ഉദ്യോഗസ്ഥരും സ്വകാര
തിരുവനന്തപുരം: ദേശീയ ഗെയിംസിനോടനുബന്ധിച്ച് തിരുവനന്തപുരം മേനംകുളത്ത് നിർമ്മിച്ച ഗെയിംസ് വില്ലേജ് കേരളം ടൂറിസം ഡവലപ്പമെന്റ് കോർപറേഷൻ ഏറ്റെടുക്കാനുള്ള തീരുമാനം അട്ടിമറിക്കാൻ സ്വകാര്യലോബികൾ രംഗത്ത്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ബജറ്റ് അക്കോമഡേഷൻ സൗകര്യം ഒരുക്കാനുള്ള കെ.ടി.ഡി.സിയുടെ നീക്കമാണ് ഉദ്യോഗസ്ഥരും സ്വകാര്യലോബികളും ചേർന്ന് അട്ടിമറിക്കാൻ ഒരുങ്ങുന്നത്.
പൊളിച്ചു മാറ്റി മറ്റു സ്ഥലങ്ങളിൽ കൊണ്ടു പോയി നിർമ്മിക്കാൻ കഴിയുന്ന തരത്തിലാണ് ഗെയിംസ് വില്ലേജിലെ വീടുകളുടെ നിർമ്മാണം. ഈ വീടുകൾ ആവശ്യപ്പെട്ട് ആരോഗ്യം, വനം, ടൂറിസം വകുപ്പുകൾ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഗെയിംസ് വില്ലേജ് പൊളിക്കുന്നതിനേക്കാൾ നല്ലത് മേനംകുളത്ത് തന്നെ നിലനിർത്തുക എന്ന തീരുമാനമാണ് സർക്കാരിന്റേത്.
വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 31 ഏക്കർ സ്ഥലത്താണ് ഗെയിംസ് വില്ലേജ് നിലനിൽക്കുന്നത്. ഈ സ്ഥലം കൂടി ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. വില്ലേജിലുള്ള 365 വീടുകളിലായി 4000ത്തിലധികം ആളുകൾക്ക് താമസിക്കാനുള്ള സൗകര്യം നിലവിലുണ്ട്.
കഴിഞ്ഞ ദിവസം ടൂറിസം സെക്രട്ടറി കമാൽ വരദ റാവു വില്ലേജ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മേനംകുളം സന്ദർശിച്ചിരുന്നു. എന്നാൽ കെ.ടി.ഡി.സി ഏറ്റെടുത്താൽ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് തിരച്ചടിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് ഗെയിംസ് വില്ലേജ് ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നത് തടയാനുള്ള ശ്രമം. ടൂറിസം വകുപ്പിന് ഏറ്റെടുത്ത് നടത്താൻ കഴിയില്ലെന്നു വരുത്തിത്തീർത്താൽ തങ്ങൾ ഏറ്റെടുക്കാമെന്ന നിലപാടിലാണ് സ്വകാര്യ കമ്പനികൾ.
ജില്ലയിലും ചുറ്റുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം, കന്യാകുമാരി, വർക്കല തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തി ബജറ്റ് ടൂറിസം സെന്ററായി മാറ്റാനാണ് ടൂറിസം വകുപ്പിന്റെ നീക്കം. ഏറ്റെടുത്ത ശേഷം കെ.ടി.ഡി.സിക്ക് നടത്തിപ്പ് ചുമതല നൽകാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. എന്നാൽ ഇതിന് തടയിടാനായി സ്വകാര്യ കമ്പനികൾ ഉദ്യോഗസ്ഥർക്ക് വൻതുകകൾ വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.
60 കോടി രൂപ ചെലവിൽ നിർമ്മിച്ച ഗെയിംസ് വില്ലേജിൽ നക്ഷത്രഹോട്ടലുകളിൽ ലഭ്യമാകുന്ന സൗകര്യങ്ങളുള്ളതും സ്വകാര്യ കമ്പനികളെ ആകർഷിക്കുന്നുണ്ട്. ഫിറ്റ്‌നസ് സെന്ററുകൾ, കോഫി പാർലറുകൾ, ആയുർവേദിക് സെന്റർ, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ സംവിധാനങ്ങളും വില്ലേജിനുള്ളിൽ ഉണ്ട്. എന്നാൽ സ്ഥിര പാചകസംവിധാനം ഇല്ല എന്ന ന്യൂനതയാണ് കെ.ടി.ഡി.സി.യിലെ ചില ഉദ്യോഗസ്ഥരുടെ ആരോപണം. ഗെയിംസിനെത്തിയ ആയിരക്കണക്കിന് കായികതാരങ്ങൾക്കും മറ്റു ഉദ്യോഗസ്ഥർക്കും കുടംബശ്രീ പ്രവർത്തകരുടെ പാചകവും വിതരണസംവിധാനവും ഏറെ പ്രശംസ പിടിച്ചു പറ്റിയ സാഹചര്യത്തിലാണ് അടുക്കള ഇല്ലെന്ന പേരിൽ കുറ്റം കണ്ടെത്തുന്നത്. കെ.ടി.ഡി.സി ഏറ്റെടുത്ത് നടത്തിയാൽ ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഗെയിംസ് അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ വില്ലേജിനുള്ളിലെ ടിവികളും മറ്റുപകരണങ്ങളും ബെഡ്ഷീറ്റടക്കം മോഷണം പോയ വാർത്ത ' മറുനാടൻ മലയാളി ' റിപ്പോർട്ട് ചെയ്തിരുന്നു. അതിലും ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഗെയിംസ് വില്ലേജ് പാട്ടത്തിനെടുത്ത് ലാഭം കൊയ്യാനാണ് സ്വകാര്യലോബികളുടെ നീക്കം. ഇതിനിടെ ടെക്‌നോപാർക്കിലെ ചില ഐടി കമ്പനികളും ഗെയിംസ് വില്ലേജ് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പാർക്കിലെ ജീവനക്കാരുടെ താമസ സൗകര്യം ഒരുക്കാനാണ് ഐടി കമ്പനികൾ വില്ലേജ് അധികൃതരെ സമീപിച്ചിരിക്കുന്നത്. അതേസമയം കൊച്ചിയിലെ സ്റ്റാർട്ട് അപ് വില്ലേജിന്റെ മാതൃകയിൽ തിരുവനന്തപുരത്ത് ഗെയിംസ് വില്ലേജ് സ്റ്റാർട്ട് അപ് വില്ലേജാക്കി മാറ്റണമെന്ന ആവശ്യം ഐടി വകുപ്പ് ഉയർത്തിയിട്ടുണ്ട്.