തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങൽ ഇരട്ടകൊലപാതക കേസിലെ വിധി കേൾക്കാൻ ആകാംക്ഷയോടെയാണ് കേരളം കാത്തിരുന്നത്. കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും നൽകരുതെന്നു തന്നെയായിരുന്നു വിധിപ്രസ്താവം കേൾക്കാനായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്തെത്തിയ ഒരോരുത്തരുടേയും വികാരം. സ്വന്തം മകളെ കൊലയ്ക്ക് കൊടുത്തവൾ എന്ന വികാരമായിരുന്നു അനുശാന്തിയോട് ജനങ്ങൾക്ക് അതുകൊണ്ട് അനുശാന്തിക്കും വധശിക്ഷ ആഗ്രഹിച്ചവരുമുണ്ട്. ഒടുവിൽ സെഷൻസ് ജഡ്ജി ശ്രീമതി ഷെർസി ഒന്നാം പ്രതി നിനോ മാത്യുവിനു തൂക്കുകയർ വിധിച്ചെന്നറിഞ്ഞപ്പോൾ അർഹിച്ച വിധി എന്നാണ് ഭൂരിഭാഗം വ്യക്തികളും ഞങ്ങളോട് പറഞ്ഞത്.

കേസിന്റെ വിധി പ്രഖ്യാപനം വരുന്ന ദിവസമായതിനാൽ രാവിലെ മുതൽ തന്നെ ജനക്കൂട്ടം കോടതി പരിസരത്തേക്ക് എത്തി തുടങ്ങിയിരുന്നു. രാവിലെ 10.30 കഴിഞ്ഞപ്പോൾ തന്നെ പൊലീസിന്റെ വൻ സുരക്ഷാ സംവിധാലങ്ങളുടെ അകമ്പടിയോടെ പ്രതികളെ കോടതിയിലെത്തിച്ചിരുന്നു. ഒന്നാം പ്രതി നിനോ മാത്യുവിനെയാണ് ആദ്യം കോടതി പരിസരത്തെത്തിച്ചത്. വെള്ള മുണ്ടും വെള്ളയിൽ കറുപ്പ് വരകളുള്ള ഷർട്ടും ധരിച്ചെത്തിയ കൊലപാതകിയെ പകർത്തുന്നതിനായി ക്യാമറകളും മൊബൈലുകളും തിക്കിതിരക്കിയെങ്കിലും തൂവാലകൊണ്ട് മുഖം മറച്ച നിനോ മാത്യു വളരെ വേഗം കോടതിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. പിന്നാലെ തന്നെ ഇളം റോസ് ചുരിദാർ ധരിച്ച അനുശാന്തിയേയും വനിതാ പൊലീസിന്റെ സുരക്ഷയിൽ കോടതിക്കുള്ളിലെത്തിച്ചു.

സമയം 10.40 ആയപ്പോൾ തന്നെ ഇരുവരെയും കോടതിക്കുള്ളിൽ പ്രവേശിപ്പിച്ചു. വിധികേൾക്കുവാനായി കോടതിക്കുള്ളിൽ പ്രവേശിച്ചിരുന്ന ഏവരും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം ചെയ്തവരെ തികഞ്ഞ അറപ്പോടെയും അമർഷത്തോടെയും തന്നെയാണ് വീക്ഷിച്ചിരുന്നത്. ഏകദേശം ഇരുപത് മിനുറ്റിന്റെ കാത്തിരിപ്പവസാനിപ്പിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഷേർസി പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്ന കുറ്റപത്രം വായിച്ചപ്പോൾ ഏവരും വിധി കേൾക്കാനായി കാത്തിരുന്നു.

എന്നാൽ ജഡ്ജി കുറ്റപത്രം വായിക്കുമ്പോൾ തല കുമ്പിട്ടുനിന്ന നിനോ മാത്യുവിനൊ വിധി പ്രസ്താവം കേട്ടുനിന്ന രണ്ടാം പ്രതി അനുശാന്തിക്കോ യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. 2014 ഏപ്രിൽ 16ന് പ്രതി നടത്തിയ കൊലപാതകത്തിന്റേയും പിന്നീട് നടന്ന അന്വേഷണത്തിന്റേയും വിശദാംശങ്ങൾ പരാമർശിച്ച ശേഷം ശിക്ഷ വിധിക്കുന്നതിനു മുമ്പായി ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണെന്നാണ് ജഡ്ജി ശ്രീമതി ഷെർസി പറഞ്ഞത്.

ഒന്നാം പ്രതി നിനോ മാത്യു തന്റെ കുഞ്ഞിനെക്കാൾ പ്രായം കുറഞ്ഞ കുഞ്ഞിനെ പതിനൊന്നോളം വെട്ടുകൾ വെട്ടി അതിധാരുണമായാണ് കൊലപ്പെടുത്തിയത്. ഇതിനു പ്രതി ഒരു ദയയും അർഹിക്കുന്നില്ല. കാമ പൂർത്തീകരണത്തിനു വേണ്ടിയും തങ്ങളുടെ ശാരീരിക സുഖത്തിനും മാത്രം നടത്തിയ കൊലപാതകം. വയോധികയും അബലയുമായ ഒരു സ്ത്രീയെയും ഇളം പ്രായത്തിൽ തന്നെ നുള്ളിക്കളഞ്ഞ ആ കുട്ടിയുടെ കൊലപാതകത്തിനും ഒരു കാരണവശാലും ദയ അർഹിക്കുന്നതല്ലെന്നും, ഒപ്പം തന്നെ രണ്ടാം പ്രതി അനുശാന്തി മാതൃത്വത്തിനു അപമാനമെന്നുമാണ് കോടതി പരാമർശിച്ചത്.

തുടർന്ന് നിനോയ്ക്ക് വിവിധ വകുപ്പുകളിലായി അറുപത്തിമൂന്നുലക്ഷത്തി അമ്പതിനായിരം രൂപയും തൂക്കുകയരും ശിക്ഷ വിധിച്ചു. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ഒപ്പം അമ്പത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ ലീജീഷിന് അമ്പത് ലക്ഷവും അച്ഛൻ തങ്കപ്പൻ ചെട്ടിയാർക്ക് 30 ലക്ഷവും നഷ്ടപരിഹാരമായി ലഭിക്കും. കേസിന്റെ അന്വേഷണം വളരെ വേഗം പൂർത്തിയാക്കിയ പൊലീസിനും ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച വിഭാഗത്തിനേയും കോടതി പ്രത്യേകം അഭിനന്ദിച്ചു.

വിധി കേട്ട ശേഷം വാറന്റ് ഒപ്പിടുന്നതിനായി പ്രതികളായ നിനോ മാത്യുവിനേയും അനുശാന്തിയേയും മറ്റൊരു മുറിയിലേക്ക് കൊണ്ട്‌പോകുന്നതിനിടയിൽ പുച്ഛത്തോടെയും അറപ്പോടെയും അനേകമാൾക്കാർ പ്രതികളെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. എന്നാൽ വാറന്റ് ഒപ്പ് വെയ്ക്കുന്നതിനായി പുറത്ത് കാത്തിരിക്കുമ്പോളും അനുശാന്തി ചിരിയോടെ ഇരിക്കുന്നത് പലരിലും കൗതുകമാണ് തോന്നിച്ചത്. അടുത്തിരുന്ന വനിതാ പൊലീസുകാരിയോട് എന്തോ പറഞ്ഞു കൊണ്ടായിരുന്നു അനുശാന്തി ചിരിച്ചത്.

അർഹിച്ച വിധി തന്നെയാണ് പ്രതികൾക്ക് ലഭിച്ചതെന്ന് കേസിലെ സാക്ഷിയും അനുശാന്തിയുടെ ഭർത്താവുമായ ലിജീഷ് പ്രതികരിച്ചു. തന്റെ കുടുംബത്തെ നശിപ്പിച്ച പ്രതികൾക്ക് ശിക്ഷ ലഭിച്ചതിലെ സന്തോഷം ലിജീഷിന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങൽ കൊലപാതകത്തിലെ പ്രതികൾക്ക് അർഹിച്ച ശിക്ഷ നൽകികൊണ്ട് സമൂഹത്തിനു നല്ല സന്ദേശമാണ് കോടതി നൽകിയിരിക്കുന്നതെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാതിരിക്കാൻ ശക്തമായ നിയമ സംവിധാനമാണ് നമുക്കുള്ളതെന്നതിന്റ തെളിവാണ് ഈ വിധിയെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ വിനീത് കുമാർ പ്രതികരിച്ചു.