തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെയും മകളെയും പിങ്ക് പൊലീസ് പട്രോൾ ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും.

സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. ഇതിനെത്തുടർന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചത്.  ഉദ്യോഗസ്ഥയ്ക്ക് എതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയെന്ന് പരാതി ഉയർന്നിരുന്നു. പിങ്ക് പൊലീസ് സ്‌ക്വാഡിലെ ഓഫീസറായ സി.പി. രജിതയെയാണ് ആറ്റിങ്ങലിൽനിന്ന് തിരുവനന്തപുരം റൂറൽ എസ്‌പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയത്. ഡിവൈ.എസ്‌പി. സുനീഷ്ബാബു സംഭവത്തിൽ അന്വേഷണം നടത്തി റൂറൽ എസ്‌പിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.

കഴിഞ്ഞദിവസമാണ് തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചത്. ഇവർ തന്റെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഓഫീസറായ രജിത ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു.
തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പിങ്ക് പൊലീസ് നടുറോഡിൽ വിചാരണ ചെയ്തത്.

ഐഎസ്ആർഒയിലേക്കുള്ള വാഹനം കടന്നുപോകുന്നതിനാൽ കഴിഞ്ഞദിവസം ആറ്റിങ്ങൽ ടൗണിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് പിങ്ക് പൊലീസ് എത്തിയത്. പൊലീസ് വാഹനത്തിന്റെ ചില്ല് ഉയർത്തിവച്ചാണ് പൊലീസുകാർ ഡ്യൂട്ടിക്ക് പോയത്. ഒരു പൊലീസ് ഉദ്യോഗസ്ഥ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന തന്റെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പറഞ്ഞു. ഈ സമയം ജയചന്ദ്രനും മകളും പൊലീസ് വാഹനത്തിൽ ചാരിനിൽപ്പുണ്ടായിരുന്നു. തുടർന്നാണ് ഇരുവരും മൊബൈൽ എടുത്തെന്നരീതിയിൽ പൊലീസ് ഉദ്യോഗസ്ഥ പെരുമാറിയത്. ഇതോടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.

അല്പസമയത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥയുടെ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോൾ ഫോൺ കാറിനുള്ളിൽ തന്നെയുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതോടെ നാട്ടുകാർ ഇടപെടുകയും പിങ്ക് പൊലീസിനെതിരേ പ്രതിഷേധിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.