- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛൻ എടുത്തുതന്ന ഫോൺ ഇങ്ങെടുക്കടീ' എന്ന് എട്ട് വയസുകാരിയോടും അച്ഛനോടും ആക്രോശിച്ച പൊലീസുകാരിക്ക് എതിരെ നടപടി; പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസിലെ രജിതയ്ക്ക് സ്ഥലംമാറ്റം; വകുപ്പുതല നടപടിക്കും ശുപാർശ
തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചു ടാപ്പിങ് തൊഴിലാളിയെയും എട്ടുവയസുകാരിയായ മകളെയും അധിക്ഷേപിച്ച് പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. പിങ്ക് പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ രജിതയെയാണ് സ്ഥലം മാറ്റിയത്. രജിതയ്‌ക്കെതിരെ വകുപ്പുതല നടപടിക്കും ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് ടാപ്പിങ് തൊഴിലാളിയോടും എട്ടുവയസുകാരി മകളോടും പിങ്ക് പൊലീസ് കാട്ടിയത് തെമ്മാടിത്തരമെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഫോൺ ഉദ്യോഗസ്ഥയുടെ സ്വന്തം ബാഗിൽ നിന്നും കിട്ടിയിട്ടും ഒരു ക്ഷമാപണം പോലും നടത്താതെ അധിക്ഷേപം തുടർന്നുവെന്നതാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തെ കാണിക്കുന്നത്. നാട്ടുകാരെ വിളിച്ചുകൂട്ടി അപമാനിച്ചിട്ട് ഒന്നും അറിയാത്ത പോലെ വാഹനം ഓടിച്ചുപോകുകയും ചെയ്തു. എട്ടുവയസുകാരി മകൾ ഇപ്പോഴും പൊലീസുകാരുടെ ആക്രോശത്തിന്റെ ഷോക്കിലാണെന്ന് ടാപ്പിങ് തൊഴിലാളി ജയചന്ദ്രൻ പറഞ്ഞു.
ആറ്റിങ്ങൽ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38) എട്ടുവയസ്സുകാരിയായ മകൾക്കുമാണു മോശം അനുഭവം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആറ്റിങ്ങൽ മൂന്നുമുക്ക് ജംക്ഷനിലാണു സംഭവം. പൊലീസ് വാഹനത്തിന് അടുത്ത് നിൽക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും പൊലീസുകാരി തടഞ്ഞു നിർത്തി വാഹനത്തിൽ നിന്നു കവർന്ന ഫോൺ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവം ജയചന്ദ്രന്റെ വാക്കുകളിൽ:
'ആറ്റിങ്ങൽ മൂന്നുമുക്കിൽ ഐഎസ്ആർഒ വണ്ടി കാണാൻ മകളുമൊത്ത് പോയതാണ്. അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് വണ്ടി നിർത്തി വരാൻ പറഞ്ഞു. വന്നപ്പോൾ ഫോൺ തരാൻ ആവശ്യപ്പെട്ടു. തന്റെ ഫോൺ നൽകിയപ്പോൾ ഇതല്ല വണ്ടിയിലിരുന്ന ഫോൺ നൽകണമെന്ന് ആവശ്യപ്പെട്ടതായി ജയചന്ദ്രൻ പറയുന്നു.
ഫോൺ താൻ എടുത്തില്ലെന്ന് പറഞ്ഞതോടെ മകളെ വിളിക്കാൻ ആവശ്യപ്പെട്ടു. കുട്ടിയോട് 'അച്ഛൻ എടുത്തുതന്ന ഫോൺ ഇങ്ങെടുക്കടീ' എന്ന് ജനങ്ങൾ കേൾക്കെ പറഞ്ഞു. ഭയന്നുപോയ മകൾ കരയാൻ തുടങ്ങി. ഉടൻ പൊലീസ് ജനങ്ങളെ വിളിച്ചുകൂട്ടുകയും താൻ ഫോൺ മോഷ്ടിച്ചു, ദേഹ പരിശോധന നടത്തണം ഉടൻ സ്റ്റേഷനിൽ കൊണ്ടുപോകണമെന്ന് പറഞ്ഞതായി ജയചന്ദ്രൻ പറയുന്നു.'കുട്ടി ഫോൺ എടുത്ത് കാട്ടിൽ കളഞ്ഞു' എന്ന് വനിതാ പൊലീസ് ആരോപിച്ചു.
പിന്നെ 'നിന്നെപ്പൊലീരിക്കുന്ന ഒരുത്തൻ കൊച്ചിനേം കൊണ്ടുവന്ന് മാല മോഷ്ടിച്ചു. നീയെല്ലാം ഇതിനുവേണ്ടി നടക്കുന്നതാണ്.' എന്ന് ജനങ്ങൾ കേൾക്കെ പറഞ്ഞ് അവരുടെ മുന്നിൽ തന്നെയും കുട്ടിയെയും പൊലീസ് കള്ളനാക്കിയെന്ന് ജയചന്ദ്രൻ പറയുന്നു.പിന്നീട് മോഷണം ആരോപിച്ച വനിതാ പൊലീസ് തന്നെ വാഹനത്തിലെ ബാഗിൽ നോക്കിയപ്പോൾ ഫോൺ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടു. ഫോൺ കിട്ടിയില്ലായിരുന്നെങ്കിൽ ഞാനും മോളും കള്ളനും കള്ളിയും ആയേനെ, എന്നെ ജോലി ചെയ്യാൻ പറ്റാത്ത പരുവം ആക്കിയേനെ' വിഷമത്തോടെ ജയചന്ദ്രൻ പ്രതികരിച്ചു.
വാഹനത്തിനുള്ളിൽ നിന്നും അച്ഛൻ ഫോൺ മോഷ്ടിച്ച് മകൾക്ക് നൽകുന്നത് കണ്ടെന്നാണ് പൊലീസുദ്യോഗസ്ഥ പറഞ്ഞത്. മോഷ്ടിച്ചില്ലെന്ന് പറഞ്ഞിട്ടും പൊലീസ് മോശമായി പെരുമാറി. മകൾ ഭയന്ന് കരഞ്ഞതോടെ പൊലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനിൽ കൊണ്ടുപോകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നുതന്ന ഫോൺ കണ്ടെത്തിയെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഫോൺ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തിൽ ഏറെ ഭയന്നിരിക്കുകയാണ് തന്റെ കുഞ്ഞ്. ജനങ്ങളുടെ മുന്നിൽ തന്നെയും മകളെയും കള്ളന്മാരാക്കിയെന്നും പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതരമായ ഈ മോശം പെരുമാറ്റത്തിനെതിരെ ഡിജിപിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ജയചന്ദ്രൻ. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും പൊലീസിനോട് വിശദീകരണം ചോദിക്കുമെന്നും ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി മനോജ് കുമാർ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ