തിരുവനന്തപുരം:പാറമടയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് പെൺകുട്ടികളുടെ ധാരുണമായ അന്ത്യത്തിൽ അക്ഷരാർഥത്തിൽ ഞെട്ടി മൂന്നാംവിള ഗ്രാമം.മിടുക്കികളായ മൂന്ന് കുട്ടികൾ അതും ഒരു കുടുംബത്തിലുള്ളത്.

ആ കുടുംബത്തിന്റെ അവസ്ഥ ഓർക്കുമ്പോൾ തന്നെ ഒരു മരവിപ്പാ തോന്നണത്. പാറമടയ്ക്ക് സമീപം താമസിക്കുന്ന ചിലർ മാധ്യമപ്രവർത്തകരോട് പറഞ്ഞതാണിത്. പെൺകുട്ടികൾ കുടംബവീട്ടിൽ എത്തുമ്പോഴെല്ലാം ഈ പാറമടയിൽ വരാറുണ്ട്. അവരുടെ തന്നെ കുടുംബത്തിന്റെ സ്വന്തം പാറമടയാണിതെന്നും അയൽവാസികൾ പറയുന്നത്. പഠനത്തിലും സ്‌കൂളുകളിലെ കലാ മത്സരങ്ങളിലും ഒന്നിനൊന്നു മെച്ചമായിരുന്നു മൂന്നുപേരുമെന്ന് തന്നെയാണ് നാട്ടുകാരുടെ അഭിപ്രായം.

ആറ്റിങ്ങൽ പള്ളിക്കൽ മൂന്നാംവിള ഞാറയിൽകോണത്ത് മൂന്ന് സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. ഞാറയിൽകോണം ഇടപ്പാറ ക്വാറിയിലായിരുന്നു അപകടം. മൂന്നാംവിള ബീനാലയത്തിൽ സിറാജുദീൻ - ബീന ദമ്പതികളുടെ മകൾ സൈനബ(15), സിറാജുദീന്റെ സഹോദരൻ ജമാലുദീന്റെ മകൾ ജുമാന (16), മറ്റൊരു സഹോദരൻ കമാലുദ്ദീന്റെ മകൾ ഷിഹാന (16) എന്നിവരാണ് ദാരുണമായി മരിച്ചത്. 3കുട്ടികളുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്നും അപകടമരണം തന്നെയാണെന്നുമാണ് നിഗമനമെന്നും പള്ളിക്കൽ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ആറ്റിങ്ങൽ കെടിസിടി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളായിരുന്നു മൂന്നുപേരും. മുതിർന്ന കുട്ടിയായ ഷിഹാന എൽകെജി മുതൽ 10ാം ക്ലാസ് വരെ ഈ സ്‌കൂളിൽ പഠിച്ച ശേഷം കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനത്തിലാണ് ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറിയത്. പഠനത്തിൽ മിടുക്കിയായിരുന്ന ഷിഹാനയെക്കുറിച്ച് ഒരു അദ്ധ്യാപികയ്ക്കോ സ്‌കൂളിലെ ജീവനക്കാർക്കോ മോശമായി അഭിപ്രായം ഇല്ലായിരുന്നുവെന്ന് സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. നല്ല ഭാവിയുള്ള കുട്ടികളായിരുന്നുവെന്നതിൽ തർക്കമില്ലെന്ന അഭിപ്രായമാണ് സ്‌കൂൾ മാനേജ്മെന്റ് പ്രതികരിച്ചത്.

ഇപ്പോൾ ഒൻപതാം ക്ലാസിൽ കെടിസിടി ഹയർസെക്കൻഡറി സ്‌കൂളിൽ തന്നെ പഠിക്കുകയാണ് സിറജുദ്ദീന്റെ മകൾ സൈനബ. പഠനത്തിൽ മികവ് പുലർത്തുന്ന സൈനബ സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടവളാണ്. ഉറുദു പദ്യ പാരായണത്തിലും സംഘഗാനത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സൈനബ മൂന്ന് തവണയായി തുടർച്ചയായി ഈ വിഭാഗത്തിൽ സംസ്ഥാന ജേതാവുമാണ്. മൂന്നാമത്തെ കുട്ടിയായ ജുമാനയും ഈ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. സ്‌കൂൾ മാനേജ്മെന്റുമായി കുട്ടികളുടെ രക്ഷിതാക്കൾക്കും നല്ല ബന്ധമായിരുന്നതിനാൽ തന്നെ കുട്ടികൾ ഏവർക്കും പ്രയപ്പെട്ടവരുമായിരുന്നു.

ഇന്നലെ വൈകുന്നേരം നാലര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടികളുടെ മുത്തശ്ശി നസീമാബീവിയുടെ ഉംറ യാത്ര പോകുന്നതിന് മുന്നോടിയായിട്ടുള്ള ചില ചടങ്ങുകളിൽ പങ്കെടുക്കാനാണ് ബന്ധുക്കൾ ഒത്തുകൂടിയത്. സിറാജുദ്ദീന്റെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം വൈകുന്നേരത്തോടെയാണ് കുട്ടികൾ പാറമടയിലേക്ക് പോയത്. എല്ലാതവണയും ഇവിടെ ഈ വീട്ടിൽ ഒത്തുകൂടുംമ്പോൾ കുട്ടികൾ പാറമടയിലേക്ക് പോകാറുണ്ട്. അത്കൊണ്ട് തന്നെ അസ്വാഭാവികത തോന്നാതിരുന്ന വീട്ടുകാർ കുട്ടികളെ അവിടേക്ക് പോകുന്നതിൽ നിന്നും തടഞ്ഞതുമില്ല.

കുട്ടികൾ കുറച്ച് നേരം പാറമടയ്ക്കടുത്ത് നിന്ന് ഫോട്ടോയെടുക്കുന്നതും മറ്റും നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. അതിന് ശേഷം വെള്ളത്തിലേക്കിറങ്ങിയെങ്കിലും അപകടമുണ്ടായില്ല. സ്ഥിരമായി പാറ പൊട്ടിക്കുന്ന സ്ഥലമായതിനാൽ തന്നെ ഇവിടെ നല്ല ആഴവുമുണ്ടായിരുന്നു. നാട്ടുകാരും സമീപവാസികളും ഈ പാറ മടയിൽ സ്ഥിരമായി കുളിക്കാനിറങ്ങുന്ന സ്ഥലമായതുകൊണ്ട് തന്നെ അപകടമുണ്ടാകുമെന്ന് കുട്ടികളോ വീട്ടുകാരോ കരുതിയതുമില്ല. ആദ്യമിറങ്ങിയ കുട്ടി മുങ്ങി താഴുന്നത് കണ്ട രണ്ട് പേർ പിന്നാലെ ഇറങ്ങുകയായിരുന്നു. ഒടുവിൽ മൂന്ന് പേരും മുങ്ങിതാഴുന്നത് കണ്ട് മറ്റ് രണ്ട്പേരുടെ നിലവിളി കേട്ട് നാട്ടുകാരും ഓടി കൂടുകയായിരുന്നു.

നാട്ടുകാർ തന്നെയാണ് പിന്നീട് കുട്ടികളുടെ വീട്ടിലേക്ക് ഓടിയെത്തി വിവരം അറിയിച്ചത്. ഇതിൽ രണ്ട് പെൺകുട്ടികൾ മരിക്കുകയും മൃതദേഹങ്ങൾ ഉടനെ കിട്ടുകയും ചെയ്തു. പിന്നാലെ മൂന്നാമത്തെയാൾക്കായി ദീർഘ നേരം തിരച്ചിൽ നടത്തേണ്ടി വന്നു. പിന്നീട് പൊലീസിന്റേയും ഫയർഫോഴ്സിന്റേയും സഹായത്തോടെയാണ് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തിയത്.

പഠനത്തിലും കലാപരിപാടികളിലും മികച്ച് നിന്നിരുന്ന മിടുക്കികളായ പെൺകുട്ടികളുടെ മരണം കുടംബാംഗങ്ങളിലും വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇവരുടെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ നിലവിളിയും കൂട്ടക്കരച്ചിലും പ്രദേശത്തെയാകെ മൂകതയിലേക്ക് തള്ളിവിടുകയായിരുന്നു.