കിളിമാനൂർ : വേലക്കാരന്റെ ഭാര്യയുമായുള്ള വഴിവിട്ടബന്ധമാണ് കിളിമാനൂരിനെ നടുക്കിയ കൊലയുടെ കാരണമെന്ന് പൊലീസ്. വീട്ടുവേലക്കാരനെ മഴുകൊണ്ട് തുണ്ടം തുണ്ടമായി വെട്ടിക്കൊലപ്പെടുത്തി കത്തിക്കാനും കിണറ്റിൽ തള്ളാനും കാരണമായത് അവിഹതത്തിലുള്ള വേദനകൊണ്ടാണെന്നാണ് പ്രതി നൽകുന്ന സൂചന. കിളിമാനൂർ പാപ്പാല പുളിമ്പള്ളിക്കോണം പാലക്കുന്ന് കോളനിയിൽ കൂലിപ്പണിക്കാരനായ രവി (55) കൊല്ലപ്പെട്ട കേസിൽ പിടിയിലായ പുളിമ്പള്ളിക്കോണം ഉഴുന്നുവിള വീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന യതി രാജ് (65) കുറ്റ സമ്മതം നടത്തി. വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി കിണറ്റിൽ തള്ളുകയായിരുന്നു.

വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ രവിക്ക് കൂലിപ്പണിയും മരംവെട്ടുമാണ് തൊഴിൽ. കഴിഞ്ഞ പത്തുവർഷമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന രവി മിക്കസമയവും മണികണ്ഠന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മണികണ്ഠന്റെ വീട്ടിൽ ആദ്യം ജോലിക്കെത്തിയ ഇയാൾ പിന്നീട് ഊണും ഉറക്കവും ഇവിടെത്തന്നെയായി. ക്രമേണ ഇയാൾ വീട്ടിലെ എല്ലാകാര്യങ്ങളിലും ഇടപെടുകയും വീട്ടിലെ അംഗത്തെപോലെയാകുകയും ചെയ്തു. തന്റെ വീട്ടിൽ രവി അമിത സ്വാതന്ത്യം കാട്ടുന്നതും കുടുംബ കാര്യങ്ങളിൽ ഇടപെടുന്നതും മണികണ്ഠന് ഇയാളോട് നീരസത്തിനിടയാക്കി. പല സന്ദർഭങ്ങളിലും ഭാര്യയോടും രവിയോടും ഇതേപ്പറ്റി മണികണ്ഠൻ തുറന്ന് സംസാരിക്കുകയും ചെയ്തു. എന്നാൽ ഇരുവരും മണികണ്ഠന്റെ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറായില്ല.

ഭാര്യയോട് തന്നെക്കാൾ കൂടുതൽ സ്വതന്ത്ര്യത്തോടെ രവി ഇടപെടുന്ന സാഹചര്യമായതോടെ മണികണ്ഠനും ഭാര്യയും തമ്മിൽ വഴക്ക് പതിവായി. ഇതുകൊലയിലേക്ക് കാര്യങ്ങളെത്തിച്ചുവെന്ന് പൊലീസ് പറയുന്നു. ഭാര്യയും രവിയും തമ്മിലുള്ള അരുതാത്ത ബന്ധം സംശയിച്ച മണികണ്ഠൻ രവിയെ വക വരുത്താൻ തീരുമാനിച്ചു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ തിരുവനന്തപുരത്ത് പോയ സമയമാണ് രവിയെ വകവരുത്താൻ മണികണ്ഠൻ തിരഞ്ഞെടുത്തത്. മണികണ്ഠന്റെ മകൻ ജോലി സംബന്ധമായി കാസർകോടാണ് താമസം. കായികശേഷിയുള്ള രവിയെ തനിക്ക് തനിച്ച് കീഴ്‌പ്പെടുത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഇയാൾ ഉറങ്ങിക്കിടക്കുമ്പോൾ മഴുവിന് വെട്ടി കൊന്നു.

മദ്യപിച്ചെത്തിയാണ് മരം മുറിക്കാനുപയോഗിക്കുന്ന മഴു ഉപയോഗിച്ച് രവിയെ കഴുത്തിലും തലയ്ക്കും വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും തനിച്ച് കൊണ്ടുപോകാൻ കഴിയാത്തതിനാൽ തുണ്ടം തുണ്ടമാക്കാൻ തീരുമാനിച്ചു. തലയും ഉടലും കൈകാലുകളുമായി വെട്ടി വേർപ്പെടുത്തിയ മൃതദേഹത്തിന്റെ ഉടൽ ഭാഗം കത്തിച്ച് കളയാൻ ശ്രമിച്ചു. പക്ഷേ ഇത് വിജയമായില്ല. തുടർന്ന് തലയും കൈകാലുകളും കിണറ്റിലുപേക്ഷിച്ചു. അതിനുശേഷം വീട്ടിനുള്ളിൽ കതകടച്ചിരുന്നു. ഇന്നലെ അയൽവാസി വീട്ടുപരിസരത്ത് രക്തം കണ്ട് പഞ്ചായത്തംഗത്തെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലുപേക്ഷിച്ചതായി അറിഞ്ഞത്. ഫയർഫോഴ്‌സ് സഹായത്തോടെ കിണർ വറ്റിച്ചാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ആറ്റിങ്ങൽ ഡിവൈ.എസ് .പി അജിത്കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി സുരേഷ് കുമാർ, സി.ഐ സുരേഷ്, എസ്.ഐ യഹിയ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി കഷണങ്ങളാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വസന്തയാണ് രവിയുടെ ഭാര്യ. മക്കൾ: മനു, മഞ്ജു.