തിരുവനന്തപുരം: ആറ്റിങ്ങലിലെ പള്ളിക്കലിന് അടുത്ത മുള്ളനെല്ലൂർ ക്ഷേത്രത്തിലായിരുന്നു ഇന്നലെ രാത്രി റേഡിയോ ജോക്കി കൂടിയായ രാജേഷ് പരിപാടി അവതരിപ്പിച്ചത്. നാടൻ പാട്ടായിരുന്നു ഐറ്റം. അറിയപ്പെടുന്ന ഗാകയൻ കൂടിയായ രാജേഷിന്റെ പരിപാടി പ്രശ്‌നങ്ങളൊന്നും കൂടാതെയാണ് ക്ഷേത്രത്തിൽ അവസാനിച്ചത്. അതിന് ശേഷമാണ് സ്വന്തം സ്റ്റുഡിയോയിൽ രാജേഷും കൂട്ടുകാരനും എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. രാജേഷിനെ മരണം ഉറപ്പാകും വരെ നാലംഗ സംഘം വെട്ടിയെന്നാണ് പൊലീസ് നൽകുന്ന സൂചന.

ക്ഷേത്രോൽസവത്തിനിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പരിപാടിക്കിടെയുള്ള തർക്കമല്ല കൊലപാതക കാരണമെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാൽ രാജേഷിന് ക്ഷേത്രത്തിൽ പ്രോഗ്രാം ഉണ്ടെന്ന തിരിച്ചറിവിൽ ആസൂത്രണം ചെയ്തതാണ് കൊലയെന്ന കാര്യത്തിൽ തർക്കമില്ല. സാമ്പത്തിക പ്രശ്‌നമൂലമുള്ള വ്യക്തിവൈരാഗ്യമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. രാജേഷിന് രാഷ്ട്രീയമായി പ്രത്യക്ഷത്തിൽ ചായ് വുകളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. സ്ത്രീ സംബന്ധമായ വിഷയങ്ങളിലേക്കും അന്വേഷണം നീട്ടും. ഇത്തരത്തിലെ പ്രശ്‌നങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മാധ്യമ പ്രവർത്തകനാകാനുള്ള താൽപ്പര്യത്തോടെയാണ് രാജേഷ് റേഡിയോ ജോക്കിയാകുന്നത്. റെഡ് എഫ് എമ്മിലായിരുന്നു ആദ്യമായി ജോക്കിയാകുന്നത്. അതിന് ശേഷം ഗൾഫിലേക്ക് മാറി. വോയിസ് ഓഫ് കേരളയായിരുന്നു തട്ടകം. അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷം വിവിധ പ്രാദേശി ടിവി ചാനലുകൾക്കും മറ്റും പരിപാടികൾ അവതരിപ്പിച്ചു. ഗാനമേളകളിലും നാടൻ പാട്ടിലും സജീവമായി. അവതാരകരന്റെ റോളിലും ക്ഷേത്രോൽസവത്തിൽ സ്ഥിര സാന്നിധ്യമായി. ഇതിനൊപ്പം സ്വന്തമായി സ്റ്റുഡിയോയും തുടങ്ങി. അടുത്തിടെയായിരുന്നു ഇത്. മടവൂരിൽ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു രാജേഷ്.

കാറിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. ആറ്റിങ്ങൽ മടവൂരിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നാലു പേർ ചേർന്നാണ് ഇയാളെ വെട്ടിയതെന്ന് രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുട്ടൻ പൊലീസിന് മൊഴി നൽകി. കുട്ടന് പരിക്കേറ്റു. ഉത്സവ പരിപാടിയിൽ പങ്കെടുത്ത ശേഷം ഈ സുഹൃത്തിനൊപ്പമാണ് തിരിച്ച് സ്റ്റുഡിയോയിൽ എത്തിയത്. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം സ്റ്റുഡിയോയിൽ കയറിയാണ് ഇരുവർക്കും നേരെ ആക്രമണം നടത്തിയത്.

പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടൻ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി രാജേഷിനെ അടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു. മരണം ഉറപ്പിക്കുന്ന തരത്തിൽ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ചിരുന്നു.