അഗളി: ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധുവിന്റെ വീട് സന്ദർശിക്കുകയും അഗളിയിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടത്തി അട്ടപ്പാടിയിലെ മുഴുവൻ പ്രശ്നങ്ങൾക്കുമുള്ള പരിഹാര മാർഗങ്ങൾ എന്ന രീതിയിൽ ചില പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം തന്നെ കയ്യിട്ടുവാരുന്ന എൻജിഒകൾക്കും അഭിനവ പ്രഫഷണൽ സാമൂഹിക സേവകർക്കും കയ്യിട്ടുവാരാൻ കുറച്ച് കോടികൾകൂടി ലഭിക്കുമെന്നതിനപ്പുറം അട്ടപ്പാടിയുടെ സാഹചര്യങ്ങൾ യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല എന്നാണ് വാസ്തവം. പ്രഖ്യാപിച്ച പദ്ധതികളുടെ ഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ചുമതല നൽകിയിട്ടുള്ളത് കുടുംബശ്രീക്കാണ് എന്നത് തന്നെയാണിതിന് കാരണം. അട്ടപ്പാടിയിലെ കുടുംബശ്രീ സംവിധാനം എന്നത് അഴിമതിയുടെയും തട്ടിപ്പുകളുടെയും കൂത്തരങ്ങാണെന്നത് മുൻകാലങ്ങലിൽ അവരെ നടത്താൻ ഏൽപിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതി പരിശോധിച്ചാൽ മനസ്സിലാകും. വീണ്ടും അതേ ഏജൻസിയെ തന്നെ പുതിയ പദ്ധതികളും അത് പ്രാവർത്തകമാക്കാനുള്ള കോടികളും ഏൽപിച്ചാൽ അതും വെള്ളത്തിൽ വരച്ച വരപോലെയാകുമെന്നത് നിസ്സംശയം പറയാനാകും. അതാണവരുടെ മുൻകാല ചരിത്രം.

ശിശുമരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ആദ്യമായി അട്ടപ്പാടിയിൽ പോഷകാഹാര കുറവ് പരിഹരിക്കാനെന്ന് പറഞ്ഞ വ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് രൂപം നൽകിയത്. അന്നതിന്റെ നടത്തിപ്പ് ചുമതല ഏൽപിച്ചിരുന്നത് സീമാഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള എൻ ആർ എൽ എമ്മിനെയും കുടുംബശ്രീ മിഷനെയുമായിരുന്നു. ഇപ്പോൾ ഇന്നലെ വീണ്ടും മുഖ്യമന്ത്രി വന്ന് അട്ടപ്പാടിയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് പറഞ്ഞ് പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടതും ഈ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തന്നെ. ഇപ്രാവശ്യവും നടത്തിപ്പ് ചുമതല കുടുംബശ്രീക്കും എൻ ആർ എൽ എമ്മിനുമൊക്കെ തന്നെയാണെന്നാണറിഞ്ഞത്. ഇതവർക്ക് നൽകുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കോ അദ്ദേഹത്തെ അകമ്പടി സേവിച്ച മണ്ഡലം എം പി എംബി രാജേഷിനോ മുൻ വർഷങ്ങളിൽ കുടുംബശ്രീയെ നടത്താൻ ഏൽപിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ ഇപ്പോഴത്തെ അല്ലെങ്കിൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനകമോ ഉള്ള അവസ്ഥകൾ പരിശോധിച്ചിരുന്നെങ്കിൽ ഇന്ന് ഈ അബന്ധം പറ്റില്ലായിരുന്നു. ഇനിയിത് അബന്ധമാണോ അതോ എല്ലാവരും കൂടിയുള്ളൊരു കൂട്ടുകച്ചവടമാണോ എന്നതേ വ്യക്തമാകേണ്ടതൊള്ളൂ.

ഇന്നലെ മുഖ്യമന്ത്രി വന്ന് പ്രഖ്യാപിച്ച പരിഹാരമാർഗങ്ങളിൽ പ്രധാനപ്പെട്ടവയൊന്ന് പരിശോധിച്ചാൽ മനസ്സിലാകും സംഗതിയുടെ കിടപ്പ്. കോടികൾ വരുന്ന സർക്കാർ ഫണ്ട് ആരുടെ കീശയിലായിരുക്കും എത്തുക എന്നത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ അഗളിയിലെ കിലയുടെ ആസ്ഥാനത്ത് നടന്ന അവലോഗന യോഗത്തിൽ പ്രഖ്യാപിച്ച പ്രധാന പരിഹാര മാർഗ്ഗങ്ങളിൽ ഒന്ന് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ്. പ്രത്യേകിച്ച് ആദിവാസികളുടെ തനത് ഭക്ഷ്യധാന്യങ്ങളായ റാഗി, ചോളം എന്നിവ ഗുണമേന്മ ഉറപ്പാക്കി ഏപ്രിൽമാസം മുതൽ സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനായി 10 കോടി രൂപയും നീക്കിവെച്ചു. റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. ഇതുവരെ പറഞ്ഞത് ശരി തന്നെ. നല്ല കാര്യം. ഇനിയാണ് ആദ്യ പദ്ധതിയുടെ പ്രശനത്തിലേക്ക് കടക്കുന്നത്. ഇവ കാര്യക്ഷമമാക്കാൻ കുടുംബശ്രീയെ, അല്ലങ്കിൽ അയൽകൂട്ടങ്ങളെ ഏൽപിച്ചു. ആ ബെസ്റ്റ്.

നമ്മുടെ മുഖ്യമന്ത്രിക്കറിയാത്തൊരു കാര്യമുണ്ട് അട്ടപ്പാടിയിൽ. ഇനി അറിയാത്തതായി ഭാവിക്കുകയാണോ എന്നറിയില്ല. അട്ടപ്പാടിയിലെ കുടുംബശ്രീ എന്നത് മുഖ്യമന്ത്രി സംസ്ഥാനത്താകമാനം കാണുന്നത് പോലെ സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംവിധാനവുമൊന്നുമല്ല. പാവം ആദിവാസി സ്ത്രീകളെ പറ്റിച്ചും, രാഷ്ട്രീയക്കാരെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരെ പ്രീണിപ്പിച്ചും വേണ്ടിവന്നാൽ ഭീഷണിപ്പെടുത്തിയും സ്വന്തം ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കാൻ അട്ടപ്പാടിയിലെ കുടുബശ്രീയുടെ മൊത്തം നടത്തിപ്പുകാരായ സീമാഭാസ്‌കറും ശിങ്കിടികളും കൊണ്ട് നടക്കുന്ന കേവലമൊരു ആൾക്കൂട്ടങ്ങൾ മാത്രമാണ്. ഇതിന് വളം വെച്ചതാകട്ടെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറും അവരാണല്ലോ സീമ ഭാസ്‌കറിനെ ഇവടെ കൊണ്ട് വന്ന് പ്രതിഷ്ഠിച്ചതും കുടുംബശ്രീയുടെ മൊത്തം നടത്തിപ്പ് ചുമതല ഏൽപിച്ചതും. മുമ്പ് മറുനാടനിൽ തന്നെയൊരു വാർത്തയിൽ വി എസ് സർക്കാറാണ് ഇവരെ അട്ടപ്പാടി ചുരം കയറ്റിയതെന്നൊരും കാര്യം പറഞ്ഞിരുന്നു. അത് തെറ്റായി പറഞ്ഞതാണെന്ന് കൂടി ഈ അവസരത്തിൽ തിരുത്തിവായിക്കേണ്ടതുണ്ട്.

ഇന്നലെ പ്രഖ്യാപിച്ച മറ്റൊരു പരിഹാര മാർഗങ്ങമെന്നത് ഒരു പഴയ വീഞ്ഞ് തന്നെയാണ് കുപ്പിയും പഴയത് തന്നെ. അതായത് നേരത്തെ പറഞ്ഞ കമ്മ്യൂണിറ്റി കിച്ചൺ സമ്പ്രദായ കൂടുതൽ വിപുലപ്പെടുത്തും എന്നും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുമെന്നും ഇപ്പോഴുള്ളവർക്ക് പുറമെ അനാഥർ, മാനസിക രോഗികൾ തുടങ്ങിയവർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ നടപ്പിലാക്കുമെന്നും. ഈ പദ്ധതിയോടൊപ്പവും ഉൾകൊള്ളിച്ച പ്രധാനപ്പെട്ടരും സംഭവം ഇതിന്റെയും നടത്തിപ്പ് ചുമതല കുടുംബശ്രീ തായ്കുല സംഘങ്ങൾക്കാണെന്നതാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടിയിരുന്ന ഇത്രയും കാലം ഇവർ തന്നെയായിരുന്ന ഇത് നടത്തിയിരുന്നത്. അതുകൊണ്ടാണ് പിന്നെയും കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ഇപ്പോൾ വീണ്ടും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് പറയേണ്ടി വന്നതെന്നും സത്യമല്ലെങ്കിൽ പോലും മധുവിനെ ഭക്ഷണം കട്ടതിനാണ് തല്ലിക്കൊന്നത് എന്ന് നാട്ടുകാർക്ക് പറയേണ്ടി വന്നതെന്നും.

ഇനിയൊന്ന് കൂടെയുണ്ട് മുഖ്യമന്ത്രി നിർ്ദ്ദേശിച്ച പരിഹാര പ്രഖ്യാപനങ്ങളിൽ അട്ടപ്പാടിയിലെ കുടുംബശ്രീയുടെ നടത്തിപ്പുകാർക്ക് കയ്യിട്ടുവാരാനുള്ള പദ്ധതി. അത് ഊരുകളിൽ കൃഷി വ്യാപിപ്പിക്കുന്നതിനെപറ്റിയാണ്. നിലവിൽ അട്ടപ്പാടിയിലെ 100 ഊരുകളിൽ പച്ചക്കറി കൃഷി നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്്. ഇത് ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. അല്ലെങ്കിലും അട്ടപ്പാടിയുടെ കാര്യത്തിൽ കണക്കുകളെല്ലാം ഇരട്ടിപ്പിച്ച് പറയുന്നതാണല്ലോ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങലില്ലാം പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ ചുറ്റിപ്പറ്റി 1960കളിൽ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 60000 ആണെന്നായിരുന്നു.

എന്നാൽ സത്യത്തിൽ അട്ടപ്പാടിയിൽ ഇന്നേ വരെ ആദിവാസി ജനസംഖ്യ ഇതിന്റെ ഏഴയലത്ത് എത്തിയിട്ടില്ലെന്ന് കാനേശുമാരി കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും മാത്രവുമല്ല 1961ൽ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യയെന്ന് പറയുന്നത് 13133 മാത്രമാണ്. ഇത്തരത്തിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമങ്ങളും ഉദ്യോഗസ്ഥരും അഭിനവ ആക്ടിവിസ്റ്റുകളുമെല്ലാം അട്ടപ്പാടിയെ സമൂഹത്തിന് മുന്നിലൊരും ചോദ്യചിഹ്നമായി നിർത്തുന്നത്. അതെന്തായാലും കുടുംബശ്രീക്കാർക്ക് കയ്യിട്ടുവാരാനുള്ള മൂന്നാമത്തെ പരിഹാര പദ്ധതിയിൽ ഊരുകളിലെല്ലാം കൃഷി വ്യപകമാക്കുമെന്നാണ്. ഇതിനായി കുടുംബശ്രീ ലേബർ ബാങ്കിനെ ഉപയോഗപ്പെടുത്തുമെന്നും. അപ്പോ കുടുംബശ്രീയുടെ മൊത്ത നടത്തിപ്പുകാർക്ക് ഇവിടെയും കിട്ടും കുറച്ച് കോടികൽ എന്ന് അനുമാനിക്കാം.

ഇനിയുമുണ്ട് നിരവധി പദ്ധതികൾ ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 12 ഇന പദ്ധതികാളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനപ്പെട്ട മൂന്ന് പദ്ധതികളുടെ പ്രത്യക്ഷ നടത്തപ്പിലും നിർമ്മാണത്തിലുമാണ് സീമാ ഭാസ്‌കറിനും കൂട്ടാളികൾക്കും സുപ്രധാന പങ്ക് സർക്കാർ നൽകിയിരിക്കുന്നത്. ബാക്കിയുള്ളവയുമൊക്കെ വൈകാതെ ഇവരുടെയൊക്കെ തന്നെ കൈകളിലെത്തുമെന്നതും ഉറപ്പാണ്. ഇന്നലെ പ്രഖ്യാപിച്ച പദ്ധതികളിൽ ആദിവാസികളുടെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുള്ളതുണ്ട, ലഹരി നിർമ്മാർജനത്തിനുള്ള വഴികളുണ്ട്, സർക്കാർ ഓഫീസുകളിലെ താത്കാലിക ഒഴിവുകളിൽ ആദിവാസികളെ മാത്രമേ നിയമിക്കുക, തൊഴിലുറപ്പിൽ 200 ദിനങ്ങൾ ഉറപ്പ് വരുത്തുക, മാനസിക രോഗികളുടെയും അനാഥരുടെയും പുനരധിവാസത്തിനായി പുതിയ കെയർഹോം നിർമ്മിക്കു. (നിലവിൽ കാവുണ്ടിക്കല്ലിലുള്ള കാരുണ്യാശ്രമത്തിന്റെ അവസ്ഥ കൂടി അവലോകനം ചെയ്യേണ്ടതായിരുന്നു), കുടിവെള്ള പ്രശ്നം പരിഹരാക്കാൻ നബാർഡിന്റെ സഹായം തേടുക, കിടപ്പുരോഗികളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കുക, അവസാനമായി മുക്കാലി ചിണ്ടക്കി റോഡിന്റെ കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കി ബാക്കി ജോലികൾ തുടങ്ങുക.

പദ്ധതികാളെല്ലാം നല്ലത് തന്നെ. സർക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കുകയും ചെയ്യാം. എന്നാൽ ഇത്രയും തുക ചിലവഴിക്കുന്ന സർക്കാറിന് തന്നെ ഇതൊക്കെയങ്ങ് നേരിട്ട് നടത്തിക്കൂടെ. അതിനാവശ്യമായ സർക്കാർ ഉദ്യാഗസ്ഥരും സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം അട്ടപ്പാടിയിൽ സുലഭമാണെന്നിരിക്കെ എന്തിനാണ് ഞങ്ങളിതാ ഉടൻ തന്നെ ആദിവാസിയെ ഉന്നമനത്തിലെത്തിക്കുമെന്നും പറഞ്ഞ നാല് വെള്ളക്കടലാസിൽ പ്രൊജക്്ടുമായി വരുന്നവർക്ക് മുക്കാനായി ഓരോ പദ്ധതിയുടെയും നടത്തിപ്പ് ഏൽപിക്കുന്നതെന്നൊരു ചോദ്യം അട്ടപ്പാടിയിലെ സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് ചോദിക്കുന്നു.