തിരുവനന്തപുരം: തമിഴ് ഇതിഹാസത്തിലെ കണ്ണകിയാണ് ആറ്റുകാൽ അമ്മയെന്നാണ് വിശ്വാസികൾ കരുതുന്നത്. ലക്ഷക്കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർ ആരാധിക്കുന്ന ആറ്റുകാൽ ദേവി കണ്ണകിയല്ലെന്ന വാദവുമായി ഒരു പുസ്തകം.

തമിഴ് ഇതിഹാസത്തിലെ കണ്ണകിയാണ് ആറ്റുകാലമ്മ എന്നത് ചിലർ ബോധപൂർവം കെട്ടിച്ചമച്ച കഥയാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. 'ആറ്റുകാൽ അമ്മ -ദ ഗോഡസ് ഒഫ് മില്യൺസ്' എന്ന പുസ്തകമാണ് ഈ പരാമർശത്തോടെ വിവാദത്തിലായിരിക്കുന്നത്.

കേരളത്തിലെ ഗ്രാമങ്ങളിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭദ്രകാളി ആരാധനയുടെ ഭാഗമാണ് ആറ്റുകാലിലേതെന്നും, ഇളംകോ അടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുമായി
ആറ്റുകാലമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും പുസ്തകത്തിൽ പറയുന്നു. കവയിത്രിയും ഫ്രീലാൻസ് പത്രപ്രവർത്തകയുമായ ലക്ഷ്മി രാജീവാണ് അഞ്ചു വർഷത്തെ യത്‌നത്തിലൂടെ ഈ പുസ്തകമെഴുതിയത്.

240 പേജുള്ള ഇംഗ്ലീഷ് പുസ്തകം അന്താരാഷ്ട്ര തലത്തിലുള്ള പ്രസാധകരായ ഹാർപ്പർ കോളിൻസാണ് പ്രസിദ്ധീകരിച്ചത്. പിന്നാക്കജാതിക്കാരുടെ കൈവശമായിരുന്ന മുടിപ്പുരയായിരുന്നു ഈ ക്ഷേത്രമെന്നും പിന്നീട് ഇത് ചിലർ ബോധപൂർവം തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

മാത്രമല്ല, ആറ്റുകാലിൽ പാടുന്ന തോറ്റംപാട്ടിൽ കണ്ണകിയെക്കുറിച്ചുള്ള പരാമർശങ്ങളില്ലെന്നും പുസ്തകത്തിൽ പറയുന്നു. ഭദ്രകാളീ സ്തുതിയാണ് ക്ഷേത്രത്തിലെ മൂലമന്ത്രം. മുല്ലുവീടുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഐതിഹ്യം കെട്ടുകഥയാണെന്ന് 1947ൽ ക്ഷേത്രത്തിനു ഭൂമി കിട്ടുന്നതിന് വേണ്ടി നാനാജാതി മതസ്ഥർ അന്നത്തെ ഡിവിഷൻ പേഷ്‌കാർക്ക് നൽകിയ നിവേദനത്തിലും സമ്മതിക്കുന്നുണ്ട്. മുല്ലുവീടിന്റെ പ്രമാണങ്ങൾ പരിശോധിച്ചിട്ടും ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു പരാമർശവും കാണാൻ കഴിഞ്ഞിട്ടില്ല. 1947ലെ അപേക്ഷയെത്തുടർന്ന് 1951ൽ പണ്ടാരക്കാര്യം ചെയ്യാൻ 25 സെന്റ് സ്ഥലം ഡിവിഷൻ പേഷ്‌കാർ അനുവദിക്കുകയായിരുന്നു. തുടർന്നാണ് ഇത് കുറച്ചു കുടുംബങ്ങളുടെ നിയന്ത്രണത്തിലായത്.

1976 ജൂൺ 26ന് അന്നത്തെ സബ് രജിസ്ട്രാറെ ഒരു വീട്ടിലേക്കു വിളിച്ചു വരുത്തി 28 അംഗ ആറ്റുകാൽ ട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു. ക്ഷേത്രം ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗമാക്കിയതിനെതിരായി അന്നു തന്നെ എതിർപ്പുകൾ ഉയർന്നിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. 1979ൽ 117പേരെ ഉൾപ്പെടുത്തി ട്രസ്?റ്റ് വിപുലീകരിച്ചു. അതിൽ 86 പേരാണ് ജീവിച്ചിരിപ്പുള്ളത്.

പുസ്തകത്തിൽ ലക്ഷ്മി രാജീവ് ഉയർത്തിയ വാദങ്ങൾ ശരിയാണെന്ന് 1979ൽ ട്രസ്റ്റ് രൂപീകരണ സമയത്തെ ജോയിന്റ് സെക്രട്ടറിയും ദീർഘകാലം ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന എം. ഭാസ്‌കരൻ നായരും വ്യക്തമാക്കുന്നുണ്ട്.