തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള മഹോൽസവത്തിന് തുടക്കമായി. മഹോത്സവത്തിന്റെ ഒൻപതാം ദിവസമായ മാർച്ച് അഞ്ചിനാണ് പൊങ്കാല. ബുധനാഴ്ച രാവിലെ തോറ്റുംപാട്ടു പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ക്ഷേത്ര തന്ത്രി ചോന്നാസ് ദിനേശൻ തമ്പൂതിരിപ്പാട് കാർമികത്വത്തിലാണ് കാപ്പുകെട്ട് നടന്നത്. തോറ്റം പാട്ടിലൂടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥപറയുന്നതനുസരിച്ചാണ് ഓരോ ദിവസത്തെയും ചടങ്ങുകൾ നടക്കുക.

ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മഞ്ജു വാര്യർ നിർവഹിക്കും. ചടങ്ങിൽവച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന് ആറ്റുകാൽ അംബാ പുരസ്‌ക്കാരം സമർപ്പിക്കും. ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല. േക്ഷത്രത്തിന് മുൻവശത്തെ പച്ചപ്പന്തലിൽ പാണ്ഡ്യരാജാവിന്റെ വധം തോറ്റംപാട്ടിലൂടെ പാടിക്കഴിഞ്ഞാണ് പൊങ്കാലയ്ക്ക് തുടക്കമാവുന്നത്. ശ്രീ കോവിലിൽനിന്ന് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി ദീപംപകർന്ന് മേൽശാന്തിക്ക് കൈമാറും.

മേൽശാന്തി കണ്ണൻ പോറ്റി ക്ഷേത്ര തിടപ്പള്ളിയിലെ പണ്ടാരഅടുപ്പിൽ തീപകരും. തുടർന്ന് സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാരഅടുപ്പിലും തീ പകരുന്നതോടെ ചെണ്ടമേളവും വായ്ക്കുരവകളും മുഴങ്ങും. ഇതോടെ ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ ഒരുക്കിയിട്ടുള്ള പണ്ടാരഅടുപ്പുകളിലേക്ക് തീ പടരും. വൈകീട്ട് ക്ഷേത്രത്തിൽ നിന്ന് നിയോഗിച്ചിട്ടുള്ള നൂറുകണക്കിന് പൂജാരിമാർ തീർത്ഥം തളിച്ച് പൊങ്കാല നിവേദിക്കും. വിമാനത്തിൽ പുഷ്പവൃഷ്ടിയും നടക്കും.

മൂന്നാം ഉത്സവ ദിവസമായ വെള്ളിയാഴ്ച രാവിലെ 8.30ന് കുത്തിയോട്ട വ്രതം ആരംഭിക്കും. പന്ത്രണ്ടുവയസിന് താഴെയുള്ള 830 ബാലന്മാരാണ് ഈ വർഷം കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത്. വ്രത ശുദ്ധിയോടെ ഏഴു ദിവസം ക്ഷേത്രത്തിൽ കഴിയുന്ന ഇവർ ദേവിക്ക് മുന്നിൽ ആയിരത്തിയെട്ട് നമസ്‌കാരം പൂർത്തിയാക്കുന്നതോടെ കുത്തിയോട്ടത്തിനുള്ള ചൂരൽകുത്ത് നടക്കും. പൊങ്കാല ദിവസം രാത്രി 10.30നുള്ള പുറത്തെഴുന്നള്ളത്തിന് ഇവർ ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിച്ച് തിരിച്ചുവന്ന് ചൂരൽ ഇളക്കുന്നതോടെ കുത്തിയോട്ടത്തിന് സമാപനമാവും. പത്തുവയസിന് താഴെയുള്ള ബാലികമാരുടെ താലപ്പൊലിയും നടക്കും.

പത്താം ഉത്സവദിവസമായ വെള്ളിയാഴ്ച രാത്രി 8.15ന് കാപ്പഴിക്കും. തുടർന്ന് കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാവും.