കോഴിക്കോട്: ടെലഗ്രാമിനു പിന്നാലെ വാട്സ്ആപ്പിലും ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റിലെ മലയാളികൾ സജീവമാണ്. ഐഎസിൽ ചേർന്ന കാസർഗോഡ് സ്വദേശികളായ മലയാളികളാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി മെസേജ് ടു കേരള എന്ന വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി തീവ്രവാദാശയങ്ങൾ പ്രചരിപ്പിക്കുന്നത്. അബു ഈസ എന്ന അബ്ദുൾ റാഷിദ് അബ്ദുള്ളയാണ് ഗ്രൂപ്പിന്റെ അഡ്‌മിൻ. ഗ്രൂപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങൾ നേരത്തെ തന്നെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു ഓഡിയേ ദേശീയ ചാനലായ ടൈംസ് നൗവും പുറത്തുവിട്ടു. മലയാളത്തിലുള്ള ഈ സംഭഷാണത്തിൽ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ശത്രുക്കളായി കാണാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നാണ് റാഷിദ് ഈ ഓഡിയോയിൽ വിവരിക്കുന്നത്. മതസ്പർദ്ധ വളർത്തുകയെന്ന പ്രത്യക്ഷ ലക്ഷ്യമാണ് ഈ സന്ദേശത്തിൽ ഒളിഞ്ഞിരിക്കുന്നത്.

അള്ളായുളെ പേരിലാണ് സംഭാഷണം തുടങ്ങുന്നത്. ഇന്ത്യൻ യുവാക്കളിൽ വിഷം കുത്തിവയ്ക്കുകയാണ് ഇവിടെ. നിങ്ങൾ തമ്മിൽ സൗഹൃദത്തിൽ ജീവിക്കാൻ പാടില്ല. കാഫിറുകളോടും ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ശത്രുത പാലിക്കണമെന്നാണ് അള്ളാ പഠിപ്പിക്കുന്നത്.
അള്ളാവിന്റെ ഈ സന്ദേശം മുസ്ലീങ്ങളെ പണ്ഡതിർ പഠിപ്പിക്കുന്നില്ല. എന്നാൽ കേരളത്തിൽ ഇപ്പോൾ ചിലർ പഠിപ്പിക്കുന്നു. മറ്റുള്ളവർ കാഫിറുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇവർക്ക് പണമാണ് പ്രധാനം. കേരളത്തിലെ അവസ്ഥ എന്താണ്? മുഷിക്കുങ്ങളുമായി ചേർന്നു പോകുന്നു? ഇതാണോ അള്ളാ പഠിപ്പിച്ച ശത്രുത. എന്താണ് കേരളത്തിൽ നടക്കുന്നത്. ചിലർ യുക്തി ഉപയോഗിക്കുന്നു. അവർക്ക് അള്ളാവിന്റെ സ്‌റ്റേറ്റ്‌മെന്റിന് പ്രസക്തിയില്ല. കേരളത്തിൽ മുശ്രിക്കീങ്ങളോടൊപ്പം ഒരുമിച്ച് ജീവിക്കുന്നു. അവരെ ബഹുമാനിക്കുന്നു. ഇതാണോ അള്ളാ പഠിപ്പിച്ച ശത്രുത?

കോളേജിലേയും സ്‌കൂളുകളിലേയും അവസ്ഥ എന്താണ്? ഒരുമിച്ച് ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും കൂടെ പഠിക്കുന്നു. അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകർ ആരാണ്? കൂടുതൽ കാഫറീങ്ങുകൾ. ഇർക്കൊപ്പം കുട്ടികളെ പഠിക്കാൻ വിടാൻ മുസ്ലീങ്ങൾക്ക് ഒരു ബഹാത്തുമില്ല. എവിടേയാണ് ഇത് കാണിക്കുന്നത്. ഇതാണോ അള്ളാ പഠിപ്പിക്കുന്നത്. എനിക്ക് തന്നെ കോളേജിൽ കൂടുതലും ക്രിസ്ത്യാനികളും ഹിന്ദുക്കളുമായിരുന്നു സുഹൃത്തുക്കൾ. ഇതൊന്നും നമുക്ക് അറിയില്ലായിരുന്നു. ഇതൊന്നും ആരും പഠിപ്പിച്ചില്ല. ഞാൻ സുന്നി മദ്രസയിലായിരുന്നു പഠിച്ചിരുന്നത്. അവിടെ ഒന്നും ആരും ഇതൊന്നും പഠിപ്പിക്കുന്നില്ല. സുന്നിയായാലും സലഫിയായാലും ആരായാലും എന്തുകൊണ്ട് ഇതൊന്നും പഠിപ്പിക്കുന്നില്ല?

എന്താണ് പീസ് സ്‌കൂളിന്റെ അവസ്ഥ. ഇസ്ലാമിന്റെ പേരു പറഞ്ഞ്. ഇന്റേണൽ അജണ്ട പറയുന്നത് ഇസ്ലാം പഠിപ്പിക്കൽ. എസ്റ്റേണലായി പറയുന്നത് സെക്കുലർ. അത് എന്താണ് എല്ലാവരുമായി ഒരുമിച്ച് പഠിക്കണമെന്ന്. ഇതാണോ അള്ള പഠിപ്പിച്ചത്? ഇങ്ങനെ അവസാനിക്കുന്ന ഓഡിയോയാണ് ടൈംസ് നൗ പുറത്തുവിട്ടത്. ഇതും വാട്‌സ് ആപ്പ് ഗ്രൂപ്പിൽ എത്തിയ ഓഡിയോയാണെന്നാണ് സൂചന. അഫ്ഗാനിലെ സുരക്ഷിത കേന്ദ്രത്തിലിരുന്നതാണ് മലയാളിയായ റാഷിദ് ഈ സന്ദേശം നൽകുന്നതെന്നും ടൈംസ് നൗ അവകാശപ്പെടുന്നു. ദേശീയ അന്വേഷണ ഏജൻസികൾ ഐസിസിൽ പോയ മലയാളികളുടെ സംഭാഷണവും മറ്റും ഇപ്പോഴും പിടിച്ചെടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. സുരക്ഷാ ഏജൻസികളുടെ കണ്ണ് വെട്ടിച്ചും ആളുകളെ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ ഐസിസ് ശ്രമിക്കുന്നതിന്റെ വലിയ സൂചനകൂടിയാണ് ഇത്.

സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കാസർഗോട്ടുകാർ അടക്കം ഇരുനൂറിലേറെപേർ മെസേജ് ടു കേരള എന്ന ഗ്രൂപ്പിൽ അംഗങ്ങളായുണ്ടായിരുന്നു. സന്ദേശങ്ങൾ ഐഎസ് ആശയങ്ങളാണെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നു ഇവരിൽ ഭൂരിഭാഗം പേരും ഗ്രൂപ്പ് വിട്ടുപോയി. നൂറോളം പേർ ഇപ്പോഴും അംഗങ്ങളായുള്ളതായാണു വിവരം. ഐസിസ് ആശയം പ്രചരിപ്പിക്കുന്നതാണു ഗ്രൂപ്പെന്നു കാട്ടി കാസർകോഡ് സ്വദേശി ഹാരിസ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതെന്നും ഹാരിസ് പരാതിയിൽ പറയുന്നുണ്ട്. ഗ്രൂപ്പിൽ ലഭിച്ച ജിഹാദി സന്ദേശങ്ങളും ശബ്ദസന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതോടെ മറ്റ് മാർഗ്ഗങ്ങളിലേക്ക് ആശയ പ്രചരണത്തിനായി റാഷിദ് കടന്നുവെന്നാണ് സൂചന.

അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പിലുള്ള മലയാളികൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ കൂടുതൽ ഗ്രൂപ്പുകളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും മെസേജ് ടു കേരള നേരത്തെ ശ്രദ്ധയിപെട്ടതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരികയായിരുന്നെന്നും എൻഐഎ വൃത്തങ്ങൾ മറുനാടൻ മലയാളിയോടു പറഞ്ഞിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് മലയാളി സംഘത്തെ കൊണ്ടുപോയത് കാസർകോഡ് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയാണ്. പീസ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. നിലവിൽ പീസ് സ്‌കൂളിനും എതിരാണ് റാഷിദ് എന്നാണ് ശബ്ദം തെളിയിക്കുന്നത്. ഐഎസിന്റെ മലയാളികളുടെ വിഭാഗത്തിന്റെ തലവനാണ് അബ്ദുൽ റാഷിദ് അബ്ദുള്ള. എം എം അക്‌ബറിന്റെ പീസ് സ്‌കൂൾ സ്റ്റാഫായിരുന്നു റാഷിദ്.

നേരത്തെ ഇന്ത്യൻ സംഘത്തിന്റെ തലവനായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശ്ശേരി കൊല്ലപ്പെട്ടതായാണ് എൻഐഎ നൽകുന്ന വിവരം. ഇതോടെയാണ് റാഷിദ് സംഘത്തലവനായത്. ഇന്ത്യയിൽ മുശ്രിക്കീങ്ങളോടൊപ്പം ദാറുൽ കുഫ്റിൽ ജീവിക്കേണ്ട അവസ്ഥയാണുള്ളതെന്നും പൂർണ ശരീഅത്ത് നടപ്പാക്കിയുള്ള ജീവിതമാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലുള്ളതെന്നും റാഷിദ് വിശദീകരിക്കുകയാണ് ഇപ്പോൾ പുറത്തുവരുന്ന ഓഡിയോയിലും ചെയ്യുന്നത്. യഥാർത്ഥ ഇസ്ലാമിക ശരീഅത്തുള്ളത് ദൗലത്തുൽ ഇസ്ലാമിലാണെന്നു പറയുന്നതോടൊപ്പം ലോകത്തുള്ള മുസ്ലിംങ്ങളെ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ക്ഷണിച്ചുമാണ് റാഷിദ് അവകാശപ്പെടുന്നത്.