തിരുവനന്തപുരം: കോവളം എംഎ‍ൽഎ എം.വിൻസെന്റിനെതിരെ ആരോപണമുന്നയിച്ച് വീട്ടമ്മയുടെ ഫോൺ സംഭാഷണം പുറത്ത്. എംഎ‍ൽഎ ചതിയനാണെന്നും വീട്ടിലെത്തി ചതിക്കുകയായിരുന്നെന്നും പറയുന്നതിന്റെ ശബ്ദരേഖ മാതൃഭൂമിയാണ് പുറത്തുവിട്ടത്.

തനിക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റാരുടെയും സഹായമന്വേഷിച്ച് പോകരുതെന്നും സഹോദരനോടുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്. തന്നോട് സംസാരിച്ച കാര്യം ശരിയാണെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് ഇനിയൊരാൾക്കും ഇത്തരം അനുഭവമുണ്ടാകരുതെന്നും ഫോൺ സംഭാഷണം ശരിവച്ച് സഹോദരൻ പ്രതികരിച്ചു.

ഫോൺ സംഭാഷണത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ: 'എന്നെ അവൻ ചതിച്ചതാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റാരുടെയും സഹായമന്വേഷിച്ച് പോകരുത്. ഒരാളെങ്കിലും അറിഞ്ഞിരിക്കണമെന്നതിനാലാണ് നിന്നോടു പറയുന്നത്. അപ്പനുൾപ്പെടെ മറ്റാരും ഇക്കാര്യം അറിയരുത്. തന്ത്രപരമായി എന്നെ ചതിച്ച ശേഷം അവൻ ഗാന്ധിയെപ്പോലെ നടക്കുകയാണ്. അവന്റെ സഹായം എനിക്കു വേണ്ട. വീട്ടിലും കടയിലും വന്ന് അവനെന്നെ ചതിച്ചു. അപ്പനോ മറ്റാരെങ്കിലുമോ അറിഞ്ഞാൽ പരസ്യമായി അവനെ വെട്ടും. കടയിലിരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. വലിയ ടെൻഷനുണ്ട്. അവൻ ചതിയനാണ്. ഞാൻ വിചാരിച്ചാൽ എംഎ‍ൽഎ സ്ഥാനം തറയിൽ കിടക്കും.'

സഹോദരിയുമായും വിൻസെന്റുമായുമുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു. അതേസമയം, ലൈംഗികമായി പീഡിപ്പിച്ചെന്ന ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദ്യപരിശോധനയ്ക്കുള്ള നടപടി നടക്കുകയാണ്. പരിശോധനയിൽ പീഡനം നടന്നതായി വ്യക്തമായാൽ അറസ്റ്റുൾപ്പെടെയുള്ള നടപടിയുണ്ടായേക്കും.

ഇന്നലെ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ സംഘം, എംഎ‍ൽഎയെ ചോദ്യം ചെയ്യാനായി സ്പീക്കറുടെ അനുമതി തേടും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അജീതാ ബീഗത്തിനാണ് അന്വേഷണത്തിന്റെ ചുമതല.