കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി. സൗഗത റോയ് പാർട്ടിയിൽ നിന്ന് രാജിവെക്കാനൊരുങ്ങുകയാണെന്ന് ബിജെപി. എംപി. അർജുൻ സിങ്. സൗഗതയ്ക്കൊപ്പം മറ്റു നാല് തൃണമൂൽ എംപിമാരും പാർട്ടിയിൽനിന്ന് രാജിവെക്കുമെന്നും ബിജെപിയിൽ ചേരുമെന്നും അർജുൻ സിങ് അവകാശപ്പെട്ടു. 'ക്യാമറക്ക് മുന്നിൽ സുഗത റോയ് തൃണമൂൽ കോൺഗ്രസ് നേതാവായും മമത ബാനർജിയിലുടെ ഇടനിലക്കാരനായും അഭിനയിക്കുകയാണ്.' അർജുൻ സിങ് പറയുന്നു.

തൃണമൂൽ കോൺഗ്രസുമായി തുറന്ന പോരിലുള്ള ബംഗാൾ ഗതാഗത മന്ത്രി സുബേന്ദു അധികാരിയെ കുറിച്ചും അർജുൻ സിങ് സംസാരിച്ചു.' അദ്ദേഹം ഒരു മാസ് ലീഡറാണ്. അധികാരിയെയും പാർട്ടിക്ക് വേണ്ടി രക്തം പോലും നൽകിയ വേറെ കുറച്ചുപേരേയും ആശ്രയിച്ചാണ് മമത നേതാവായത്. ഇപ്പോൾ അവർ ഭൂതകാലം നിഷേധിച്ച് അന്തരവൻ അഭിഷേക് ബാനർജിയെ കസേരയിലിരുത്താൻ ശ്രമിക്കുകയാണ്. ഒരു ജനനേതാവിനും ഇത് അംഗീകരിക്കാൻ സാധിക്കില്ല.' അർജുൻ പറഞ്ഞു.

'സുബേന്ദു അധികാരി അധിക്ഷേപിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, അദ്ദേഹം തൃണമൂൽ കോൺഗ്രസ് വിടണം. ബി.ജെപി. അദ്ദേഹത്തെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. ബംഗാളിൽ ബിജെപി. സർക്കാർ രൂപീകരിക്കും. സുബേന്ദു ബിജെപിയിൽ ചേർന്നാൽ പിന്നെ സംസ്ഥാന സർക്കാരിന് അതിജീവിക്കാനാവില്ല. അത് നാമാവശേഷമാകും.' അർജുൻ അവകാശപ്പെട്ടു.