- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മയുടെ സംസ്കാര ചടങ്ങിൽ പൊലീസ് പാടില്ലെന്ന് മുട്ടിൽ കേസ് പ്രതികൾ; അംഗീകരിക്കാനാകില്ലെന്ന് ജഡ്ജി; അങ്ങനെയെങ്കിൽ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രതികൾ; കോടതിയിലും ഭീഷണിയുമായി മരം മുറികേസ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ; നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതികളെ ജയിലിലേക്ക് മാറ്റി
കൽപറ്റ: കോടതി മുറിയിലും നാടകം തുടർന്ന് മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ. അമ്മയുടെ സംസ്കാര ചടങ്ങിൽ പൊലീസ് പാടില്ലെന്ന വിചിത്ര വാദം ഉന്നയിച്ചാണ് പ്രതികൾ രംഗത്തുവന്നത്. എന്നാൽ, റിമാൻഡിലായ പ്രതികൾ ആയതിനാൽ പൊലീസ് സാന്നിധ്യം കൂടിയേ തീരുവെന്ന് കോടതി നിലപാട് സ്വീകരിച്ചു. ഇതിന്റെ പേരിൽ കൂടുതൽ നാടകീയ കാര്യങ്ങളാണ് ഇവർ കോടതി വളപ്പിൽ നടത്തിയത്.
മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആൻേറാ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരെ കോടതി റിമാൻഡ് ചെയ്തത്. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ പിന്നീട് നൽകും. കോടതി വളപ്പിൽ പ്രതികളും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസ് ഉണ്ടെങ്കിൽ അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഇത് അംഗീകരിക്കാതെ വന്നതോടെ പ്രതികളെ ജയിലിലേക്ക് മാറ്റി.
തങ്ങളുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ലെന്നും കസ്റ്റഡിയിൽ കൊലപ്പെടുത്താനാണ് ശ്രമമെന്നും നാടകീയമായി വാദിക്കാനും പ്രതികൾ തയ്യാറായി. ഇന്നലെയാണ് പ്രതികളെ അറസ്റ്റു ചെയ്തിരുന്നത്. അമ്മയുടെ മരണവാർത്തയറിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നാടകീയമായാണ് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങളെ പിടികൂടയത്. പ്രതികളുടെ മാതാവ് ഇന്നലെ രാവിലെ മരണമടഞ്ഞിരുന്നു. ഇതറിഞ്ഞ് രാവിലെ വയനാട്ടിലെ വീട്ടിലേക്ക് എത്തുന്ന വഴിക്കാണ് കുറ്റിപ്പുറത്തുനിന്ന് തിരൂർ ഡി.വൈ.എസ്പി ഇവരെ കസ്റ്റഡിയിലെടുത്തത്. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും അതുവരെ അറസ്റ്റ് തടയണമെന്നുമായിരുന്നു പ്രതികളുടെ അപേക്ഷ.
എന്നാൽ പ്രതികൾ അറസ്റ്റിലായിക്കഴിഞ്ഞുവെന്നും അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുമെന്ന് അറിയിച്ചതോടെ ഈ പദ്ധതിയും പൊളിഞ്ഞു. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 700ൽ ഏറെ കേസുകളുണ്ടായിട്ടും പ്രതികളിൽ ഒരാളെ പോലും അറസ്റ്റു ചെയ്യാൻ കഴിയാത്തതിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. അടുത്ത തിങ്കളാഴ്ചയ്ക്കകം നിലപാട് അറിയിക്കാനും സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
എറണാകുളത്ത് ഒളിവിൽ കഴിയുന്ന പ്രതികൾ അമ്മയുടെ മരണവാർത്ത അറിഞ്ഞ് ഇന്ന് വീട്ടിലേക്ക് എത്തുമെന്ന് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് കുറ്റിപ്പുറം പാലത്തിൽ തിരൂർ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. ഹൈക്കോടതിയിൽ അപേക്ഷ നൽകിയ ശേഷമായിരുന്നു പ്രതികൾ നാട്ടിലേക്ക് മടങ്ങിയത്.
മറുനാടന് ഡെസ്ക്