പുതുച്ചേരി: കള്ളനാണയങ്ങൾ പെരുകുമ്പോൾ അതിന്റെ ചുവടു പിടിച്ച് കൊഴുക്കുന്ന സംഘങ്ങൾ നിത്യകാഴ്ചയാണ്. വ്യാജ സന്യാസികളും ആൾ ദൈവങ്ങളും അവരുടെ പീഡനങ്ങളുമെല്ലാം തുടർക്കഥയായപ്പോൾ അവസാനം അറബിന്ദോ ആശ്രമവും അതിൽ കുടുങ്ങി. മെച്ചപ്പെട്ട രീതിയിൽ പുതുച്ചേരിയിൽ പ്രവർത്തിച്ചുവരുന്ന ശ്രീ അറബിന്ദോ ആശ്രമത്തിനു നേരേയും ഇപ്പോൾ പീഡന ആരോപണവും സാമ്പത്തിക ക്രമക്കേടുകളും ഉയർന്നു വന്നിരിക്കുകയാണ്.

യുവതിയേയും പ്രായപൂർത്തിയാകാത്ത കുട്ടികളേയും പീഡിപ്പിച്ചുവെന്ന ആരോപണത്തെത്തുടർന്ന് കേസ് അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. 2001 മുതൽ നിലനിൽക്കുന്ന പീഡന ആരോപണത്തിൽ ഇപ്പോൾ സുപ്രിം കോടതി അന്വേഷണ ഉത്തരവിട്ടതോടെയാണ് സംഭവം മാദ്ധ്യമ ശ്രദ്ധയാകർഷിക്കുന്നത്.

ആശ്രമത്തിൽ വച്ച് യുവതിയേയും കുട്ടികളേയും പീഡിപ്പിക്കുക, ആശ്രമത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്യുക, വ്യക്തിലാഭത്തിനു വേണ്ടി ആശ്രമം വസ്തുവകകൾ വിൽക്കുക തുടങ്ങിയ ആരോപണങ്ങളാണ് ആശ്രമത്തിനു നേരേ ഉയർന്നു വന്നിട്ടുള്ളത്. ഇതിൽ സമഗ്രമായ അന്വേഷണം നടത്താനാണ് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ആരോപണങ്ങളിൽ മുമ്പും സർക്കാർ ഏജൻസികളും നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷനും അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ആശ്രമത്തെ കരിതേച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് ഹ്യൂമൻ റൈറ്റ് കമ്മീഷൻ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചതാണ്.

ആശ്രമത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു യുവതിയും അവരുടെ നാലു സഹോദരിമാരുമാണ് ആശ്രമത്തിനെതിരേ ആരോപണവുമായി മുന്നിട്ടിറങ്ങിയത്. 2001-ലായിരുന്നു ഇവരെ ആശ്രമത്തിൽ നിന്നു പുറത്താക്കുന്നത്. എന്നാൽ തങ്ങളെ ആശ്രമത്തിൽ നിന്നു പുറത്താക്കിയതിനെ ചോദ്യംചെയ്ത് ഇവർ കീഴ് കോടതികളിലും പിന്നീട് ഹൈക്കോടതിയിലും പോയിരുന്നു. അതിനു ശേഷം 2014 ഡിസംബർ 18നാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത്. എന്നാൽ സുപ്രിം കോടതിയിലും ഇവരെ പുറത്താക്കിയത് ശരിവയ്ക്കുന്ന രീതിയിലായിരുന്നു വിധി.

തുടർന്ന് പിറ്റേന്ന് അഞ്ചു സഹോദരിമാരിൽ രണ്ടു പേരും അവരുടെ അമ്മയും കടലിൽ ചാടി മരിക്കുകയായിരുന്നു. മറ്റ് മൂന്നു സഹോദരിമാരും അവരുടെ അച്ഛനും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നുവെങ്കിലും മത്സ്യത്തൊഴിലാളികൾ ഇവരെ കടലിൽ നിന്നു രക്ഷിക്കുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ ആശ്രമത്തിനു നേരേ പ്രക്ഷോഭം ഉയരുകയായിരുന്നു. തുടർന്ന് ഗായത്രി സപ്തതി എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രിം കോടതി ജഡ്ജി എച്ച് എൽ ദത്തു അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ മാസം 27ന് കേസിൽ വാദം തുടർന്നു കേൾക്കും.